വാർത്തകളുമായി ജാലകപ്പടിയിൽ 82ാം വയസ്സിലും ബേബിച്ചേട്ടൻ എത്തും
text_fieldsബേബിച്ചേട്ടൻ പത്രവുമായി
ചെറുതോണി: തോപ്രാംകുടിയിലെ മൂന്നു തലമുറക്ക് പ്രഭാതങ്ങളിൽ ചൂടുള്ള വാർത്തകൾ എത്തിച്ചു കൊടുക്കുന്ന ബേബിച്ചേട്ടൻ 82ാം വയസ്സിലും സജീവമാണ്. സൈക്കിൾ പോലുമില്ലാതെ ബേബിച്ചേട്ടൻ തോപ്രാംകുടിയിലെ കല്ലും മണ്ണും നിറഞ്ഞ ദുർഘട വഴികളിലൂടെ നടക്കാൻ തുടങ്ങിയിട്ട് എഴുപതു വർഷം പൂർത്തിയാകുന്നു.
12 വയസുള്ളപ്പോൾ കാഞ്ഞിരപ്പള്ളിയിൽ പത്രവിതരണക്കാരനായിട്ടായിരുന്നു തുടക്കം. പിന്നീട് കുടുംബം കണ്ണൂരിലേക്ക് താമസം മാറിയപ്പോൾ സ്വന്തമായി പത്ര ഏജൻസി തുടങ്ങി. വർഷങ്ങൾക്കു മുമ്പ് പറക്കമുറ്റാത്ത നാല് മക്കളുമായി മലകയറി തോപ്രാം കുടിയിലെത്തുമ്പോൾ ജീവിതം മുന്നോട്ടു നയിക്കാൻ തെരഞ്ഞെടുത്ത തൊഴിലും പത്ര ഏജൻസിയായിരുന്നു. ആ തീയതി കൃത്യമായി ഇന്നും ബേബിച്ചേട്ടൻ മനസ്സിൽ കുറിച്ചിട്ടിരിക്കുന്നു, 6.6.64.
മഴയായാലും വെയിലായാലും പുലർച്ച നാലിന് ഭാര്യ മേരി നൽകുന്ന കട്ടൻ ചായയും കുടിച്ച് പത്രക്കെട്ടു വരുന്ന കാൽവരിമൗണ്ടിലേക്ക്നടക്കും. നാട്ടുവഴിയും വനവും കടന്നു 20 കിലോമീറ്റർ നടക്കണം.
തൊടുപുഴ നിന്ന് അയ്യപ്പൻകോവിലിലേക്കുപോകുന്ന പ്രകാശ് ബസിൽ രാവിലെ ഒമ്പതിന് എത്തുന്ന പത്രകെട്ട് ഏറ്റെടുത്ത് തോളിലും തലയിലുമായി കുന്നും മലയും താണ്ടി ഓരോ വീട്ടിലും പത്രമെത്തിക്കും. പത്രവിതരണം തീർന്ന് വീട്ടിലെത്തുമ്പോൾ രാത്രി എട്ടുമണി. വാർത്തകൾക്കായി റേഡിയോയെ മാത്രം ആശ്രയിച്ചിരുന്ന മൂന്നു തലമുറക്കാണ് ബേബിച്ചേട്ടൻ അക്ഷരത്താളുകൾ പകർന്നു നൽകിയത്. ‘മാധ്യമം’ ഉൾപ്പെടെ എല്ലാ പത്രങ്ങളുടെയും ഏജൻസിയുണ്ട്.
44 പത്രത്തിൽ തുടങ്ങിയ വരിക്കാരുടെ എണ്ണം നാലായിരം വരെ എത്തിയ കാലമുണ്ടായിരുന്നതായി ബേബിച്ചേട്ടൻ ഓർക്കുന്നു. ലോകം കംപ്യൂട്ടർ യുഗത്തിലേക്ക് മാറുമ്പോഴും തന്റെ തൊഴിൽ ഉപേക്ഷിക്കാൻ ബേബിച്ചേട്ടൻ തയാറല്ല. ഇപ്പോഴും വെളുപ്പിനെഴുന്നേറ്റു മുരിക്കാശേയിലും തോപ്രാംകുടിയിലുമെല്ലാം പത്രമെത്തിക്കുന്നു ബേബിച്ചേട്ടന്റെ പിൻഗാമിയായി ഇപ്പോൾ മകൻ ജിജിയുണ്ട്. രാവിലെ കട്ടപ്പന മുതൽ ജില്ല ആസ്ഥാനം പിന്നിട്ട് തോപ്രാംകുടി വരെ വാഹനത്തിൽ പത്രക്കെട്ടെത്തിക്കുന്നതു ജിജിയാണ്.
പുറകോട്ടു തിരിഞ്ഞു നോക്കുമ്പോൾ സംതൃപ്തമാണ് ജീവിതമെന്ന് ബേബിച്ചേട്ടൻ പറയുന്നു. രണ്ടു പെൺമക്കൾ വിവാഹിതരായി. കണ്ണൂരിൽ താമസിക്കുന്നു ഒരു മകൻ അകാലത്തിൽ വിട പറഞ്ഞു. കഴിയുന്നിടത്തോളം കാലം പത്ര ഏജൻസിയായി കഴിയണമെന്നാണ് ഇന്നും ബേബി ചേട്ടന്റെ ആഗ്രഹം.