കൃഷിയുടെ മറവിൽ ചാരായം വാറ്റ്: ഒരാൾ പിടിയിൽ
text_fieldsജോൺ വർഗീസ്
ചെറുതോണി: ചാരായമുണ്ടാക്കി വിൽപന നടത്തിയിരുന്ന ആളെ എക്സൈസ് സംഘം പിടികൂടി. തങ്കമണി മാടപ്രയിൽ നിന്നുമാണ് 20 ലിറ്റർ ചാരായവും 100 ലിറ്റർ കോടയുമായി കൂത്താട്ടുകുളം സ്വദേശി കൊച്ചുകുന്നേൽ ജോൺ വർഗീസിനെ എക്സൈസ് സംഘം പിടികൂടിയത്.
തങ്കമണി മാടപ്ര മേഖല കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമാണവും വിൽപനയും നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് പരിശോധന കർശനമാക്കിയിരുന്നു. കൂത്താട്ടുകുളം സ്വദേശി കൊച്ചുകുന്നേൽ ജോൺ വർഗീസ് പാട്ടത്തിനെടുത്ത രണ്ടര ഏക്കറിലെ കൃഷിയുടെ മറവിലായിരുന്നു രാത്രി ചാരായം നിർമിച്ചത്.
ഇത് സംബന്ധിച്ച സൂചന ലഭിച്ചതോടെ ജോൺ വർഗീസിനെ എക്സൈസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നലെ രാത്രി നടത്തിയ മിന്നൽ പരിശോധനയിലാണ് ചാരായം വാറ്റുന്നതിനിടെ,ഇയാൾ പിടിയിലായത്.
വർഗീസിന്റെ മൊഴിയിൽ ഇയാളിൽ നിന്ന് സ്ഥിരമായി ചാരായം വാങ്ങിയിരുന്ന തോപ്രാംകുടി കൂനാനിയിൽ ജിനോ ജോർജിന്റെ കാരിക്കവല റോഡിലെ ഹോളോബ്രിക്സ് നിർമാണ ശാലയിൽ നിന്ന് എക്സൈസ് സംഘം അര ലിറ്റർ ചാരായവും പിടിച്ചെടുത്തു. ജിനോ ജോർജിനെ പിടികൂടാൻ കഴിഞ്ഞില്ല.
കോടതി ജോൺ വർഗീസിനെ റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ സുരേഷ് പി.കെ.,സിവിൽ എക്സൈസ് ഓഫിസർമാരായ ജിനു ജോ മാത്യു, രാഹുൽ ഇ. ആർ., പ്രിവന്റീവ് ഓഫിസർ എ.ഡി. ജയ്സൺ, അസിസ്റ്റൻറ് / ഇൻസ്പെക്ടർ കെ.ഡി. സജിമോൻ, ഡ്രൈവർ പി.സി. റെജി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.