പോക്സോ കോടതികൾക്ക് പൂട്ട് വീഴുന്നു
text_fieldsചെറുതോണി: ജില്ലയിലെ പോക്സോ അതിവേഗ കോടതികൾ നിർത്തുന്നു. ഇടുക്കി, ദേവികുളം, കട്ടപ്പന, തൊടുപുഴ. എന്നീനാലു പോക്സോ അതിവേഗ കോടതികളാണ് ജില്ലയിലുള്ളത്. ഈ കോടതികളിലായി നൂറുകണക്കിനു കേസുകളാണു വിധി കാത്ത് കിടക്കുന്നത്.
ഇടുക്കി കോടതിയിൽ മാത്രം അമ്പതിലധികം കേസുകൾ കെട്ടിക്കിടക്കുന്നുണ്ട്. കോടതിയുടെ പ്രവർത്തന കാലാവധി മാർച്ച് 31ന് അവസാനിക്കും. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമക്കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി 2019 ലാണ് പോക്സോ അതിവേഗ കോടതികൾ ആരംഭിക്കുന്നത്. നിർഭയ ഫണ്ടിൽ നിന്നാണ് കേന്ദ്രസർക്കാർ ഇതിന് ധനസഹായം നൽകുന്നത്. കോടതികളുടെ പ്രവർത്തനച്ചെലവിന്റെ 60 ശതമാനവും കേന്ദ്രമാണ് വഹിക്കുന്നത്. ഓരോ പോക്സോ അതിവേഗ കോടതിയിലും ജുഡീഷ്യൽ ഓഫിസറോടൊപ്പം അഞ്ച് ജീവനക്കാരാണുള്ളത്. ഇതിൽ നാലുപേർ താൽക്കാലിക ജീവനക്കാരാണ്.
ജുഡീഷ്യൽ ഓഫിസർമാരേയും താൽക്കാലിക സ്ഥാനക്കയറ്റം നൽകിയാണ് നിയമിച്ചിരിക്കുന്നത്. നിലവിലുള്ള കേസുകൾ ജില്ല കോടതിയിലേക്കു മാറ്റാനാണ് തീരുമാനം. നാഷനൽ പ്രൊഡക്ടിവിറ്റി കൗൺസിലും ഇന്ത്യൻ ഇൻസ്റ്റിട്യുട്ട് ഓഫ് പബ്ലിക്ക് അഡ്മിനിസ്ട്രേഷനും നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ കോടതിയുടെ കാലാവധി നീട്ടണമെന്ന് ശിപാർശ ചെയ്തിട്ടുണ്ട്. എന്നാൽ, കേന്ദ്രസർക്കാർ കോടതികൾ അടച്ചുപൂട്ടാനുള്ള നീക്കത്തിലാണ്.


