നായ്ക്കളെ മിടുക്കരാക്കാൻ ‘സെക്യുർ ഡോഗ്’
text_fieldsപരിശീലനത്തിനിടെ
നായ്ക്കുട്ടിയുമായി
സജി എം. കൃഷ്ണൻ
ചെറുതോണി: നായ്ക്കളെ അനുസരണയുള്ള മിടുക്കന്മാരാക്കാൻ ഒരു വിദ്യാലയം ഇടുക്കിയിലുണ്ട്. മാടന്റെ വിളാകത്ത് സജി എം. കൃഷ്ണനാണ് കുടുംബശ്രീ മിഷന്റെയും ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെയും സഹായത്തോടെ നായ് പരിശീലന കേന്ദ്രം സ്ഥാപിച്ചത്. സെക്യുർ ഡോഗ് എന്ന പേരിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ നായ്ക്കളെ പരിശീലിപ്പിക്കാൻ നിരവധി പേരാണെത്തുന്നത്. ഇടുക്കിയിലെ ആദ്യ നായ് പരിശീലന കേന്ദ്രമാണിത്.
ബൽജിയൻ മലിനോയ്സ്, റോട് വീലർ, ഹസ്ക്കി, പഗ്ഗ്, ലാബ്രഡോർ, ഡാഷ്, പോമറേനിയൻ, തുടങ്ങിയ മുന്തിയ ഇനം മുതൽ നാടൻ നായ്ക്കൾവരെ ഇവിടുത്തെ പഠിതാക്കളാണ്. അനുസരണശീലം, വ്യക്തി സുരക്ഷ, വീട്, തോട്ടം കാവൽ, എന്നിങ്ങനെയാണ് പരിശീലന മുറകൾ, ഉടമസ്ഥനെ അനുസരിപ്പിക്കാൻ 15 മുതൽ 30 ദിവസം വരെയുള്ള പരിശീലനം മതി. തോട്ടങ്ങളുടെയും മറ്റു കാവലിനുള്ള പരിശീലനം നൽകാൻ മൂന്നു മാസംവരെ വേണ്ടിവരും. നായ്ക്കളെ അനുസരിപ്പിക്കാൻ പ്രത്യേക പരിശീലനം നേടിയ സജി 2021ലാണ് സ്ഥാപനം തുടങ്ങിയത്. ഇതുവരെ അഞ്ഞൂറോളം നായ്ക്കൾ പരിശീലനം നേടി. ഇതിനിടെ സജി പരിശീലനം നൽകിയ ബൽജിയൻ ഇനത്തിൽപ്പെട്ട ഒരുനായെ സംസ്ഥാന ഡോഗ് സ്ക്വാഡിലേക്കു സംഭാവന ചെയ്തു. 2024ൽ അന്നത്തെ എസ്.പിയാണ് സ്വീകരിച്ചത്. ഇപ്പോൾ വിവിധ ഇനങ്ങളിലായി അമ്പതോളം നായ്ക്കൾ പരിശീലനത്തിലുണ്ട്. ഇവക്കായി ഹോസ്റ്റൽ സൗകര്യം വരെയുണ്ട്.


