ഇടുക്കി ഡാമിലെ സുരക്ഷാവീഴ്ച; പൊലീസ്, വൈദ്യുതി വകുപ്പ് അന്വേഷണം നിലച്ചു
text_fieldsചെറുതോണി: ഇടുക്കി അണക്കെട്ടിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച അന്വേഷണം നിലച്ചു. അണക്കെട്ട് കാണാനെത്തിയയാൾ ചെറുതോണി അണക്കെട്ടിൽ വിവിധ സ്ഥലങ്ങളിൽ താഴിട്ടു പൂട്ടിയ സംഭവത്തിൽ പൊലീസും വൈദ്യുതി വകുപ്പും പ്രത്യേകം കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പാതിവഴിയിൽ നിലച്ചു. കഴിഞ്ഞ വർഷം ജൂലൈ 22 നാണ് സംഭവം നടന്നത്. തൊട്ടടുത്ത മാസം നാലിനാണ് ഡാം സുരക്ഷാ വിഭാഗം താഴുകൾ കണ്ടെത്തിയത്. പ്രതി വിദേശത്തേക്ക് കടന്നതായി കണ്ടെത്തി ഇയാളെ കേരളത്തിൽ കൊണ്ടുവന്നു ചോദ്യം ചെയ്യാൻ നടപടി ആരംഭിച്ചെങ്കിലും അന്വേഷണം മന്ദീഭവിച്ചു. മികച്ച സുരക്ഷാ സംവിധാനമുണ്ടായിട്ടും താഴിട്ടു പൂട്ടിയത് കണ്ടുപിടിക്കാൻ കാലതാമസം നേരിട്ടത് സുരക്ഷാവീഴ്ചയായിട്ടാണ് അന്നുകണ്ടത്.
ഡാമിന്റെ സുരക്ഷ സംബന്ധിച്ച പൂർണ നിയന്ത്രണം പൊലീസിനാണ്. ഇടുക്കി എ.ആർ ക്യാമ്പിൽനിന്നുള്ള പൊലീസുകാരെയാണ് ഇതിനായി നിയോഗിക്കാറുള്ളത്.
നൂറുകണക്കിനു സന്ദർശകരെത്തുമ്പോഴും പൊലീസുകാർ നാലെണ്ണം മാത്രമാണ് ഒരേസമയം സ്ഥലത്തുണ്ടാകുക. ചെറുതോണി ഡാമിന്റെ അടിവാരത്തിലൂടെയുള്ള റോഡിലൂടെ ആർക്കും വാഹനത്തിൽ കടന്നുചെല്ലാം. 10 കിലോമീറ്റർ ചുറ്റളവിൽ കിടക്കുന്ന അണക്കെട്ടുകളുടെ സംരക്ഷണ മേഖലയിലേക്ക് മൂന്ന് പ്രധാന റോഡാണുള്ളത്. സംരക്ഷണ വേലി ഇല്ലാത്തതിനാൽ ഇടുക്കി മുതൽ നഗരംപാറ വരെ പത്തിലധികം കൈവഴികളിലൂടെ അധികൃതരുടെ കണ്ണുവെട്ടിച്ച് കടന്നു ചെല്ലാൻ കഴിയും.
ഇവിടെയൊന്നും ഒരു സുരക്ഷാ നിയന്ത്രണങ്ങളുമില്ല. അടിസ്ഥാന സുരക്ഷാ സംവിധാനമേർപ്പെടുത്താൻ പോലും വൈദ്യുതി ബോർഡിനു കഴിഞ്ഞിട്ടില്ല. 13 ഡാമുകളും എട്ട് വൈദ്യുതോൽപദന കേന്ദ്രങ്ങളുമാണ് വൈദ്യുതി ബോർഡിനു ജില്ലയിലുള്ളത്. ഇവയുടെ സുരക്ഷക്ക് സ്ഥിരമായി രണ്ട് ഡിവൈ.എസ്.പിമാർ, ആറ്സി.ഐ,10 എസ്.ഐ ഉൾപ്പെടെ 300 പൊലീസുകാരെ നിയമിക്കണമെന്ന പൊലീസിന്റെ റിപ്പോർട്ട് ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇത് വൻ സാമ്പത്തിക ബാധ്യത വരുത്തുമെന്നാണ് വൈദ്യുതി വകുപ്പിന്റെ നിലപാട്.
മൊബൈൽ ഫോണിനു പോലും കർശന നിയന്ത്രണമാണ് അണക്കെട്ടിലുള്ളത്. എന്നിട്ടും സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് നിരവധി താഴുമായി ഒരാൾ അണക്കെട്ടിൽ പ്രവേശിച്ചത് ആശങ്കയായി. തുടർന്ന് ഡാമിൽ സുരക്ഷാ വിഭാഗം പരിശോധന നടത്തി ഡാം പൂർണ സുരക്ഷിതമെന്ന് റിപ്പോർട്ട് നൽകി. ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെയും ഡാം സേഫ്റ്റി ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. അണക്കെട്ടിൽ സുരക്ഷാ വീഴ്ചയുണ്ടായ സാഹചര്യത്തിൽ താൽക്കാലിക ജീവനക്കാരെ മാറ്റി പകരം പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു. ഇടുക്കി-ചെറുതോണി അണക്കെട്ടുകളിൽ സ്ഥാപിച്ചിരിക്കുന്ന സി.സി ടി.വി കാമറകൾ പരിശോധിക്കാൻ രണ്ട് താൽക്കാലിക ജീവനക്കാരെയാണ് നിയമിച്ചിരുന്നത്.
ഇവരെയാണ് മാറ്റിയത്. പ്രതിയെ പിടികൂടാൻ ലുക്കൗട്ട് നോട്ടീസിറക്കി പൊലീസിനുള്ളിലെ പടലപ്പിണക്കങ്ങളും കെ.എസ്.ഇ.ബിയും പൊലീസും തമ്മിലുള്ള ഭിന്നതയും അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നു ആരോപണമുയർന്നിരുന്നു. കേസ് അന്വേഷണം എൻ.ഐ.എയെ ഏൽപിക്കാൻ ആലോചിച്ചെങ്കിലും വേണ്ടന്നുവെച്ചു.