ഇടുക്കി മെഡിക്കല്‍ കോളജിൽ ആവശ്യത്തിന് ജീവനക്കാരില്ല; മണിക്കൂറുകൾ കാത്തുനിന്ന് രോഗികൾ
text_fieldsഇടുക്കി മെഡിക്കല്‍ കോളജിലെ രോഗികളുടെ തിക്കും തിരക്കും
ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജില്‍ ജീവനക്കാരുടെ അഭാവം തിക്കിനും തിരക്കിനുമിടയാക്കുന്നു. ആശുപത്രിയില്‍ ഒ.പി ശീട്ട് നല്‍കുന്നതിന് നിലവില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതുമൂലം ഡോക്ടര്‍മാരെ കാണാനെത്തുന്ന രോഗികള്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. പുരുഷന്മാരുടെ രജിസ്ട്രേഷന്‍ കൗണ്ടറില്‍ ഒരു ജീവനക്കാരൻ മാത്രമാണുള്ളത്. മറ്റൊരു ജീവനക്കാരന്‍ അവധിയിലാണ്.
എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേനയാണ് മെഡിക്കല്‍ കോളജിലേക്ക് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നത്. ജീവനക്കാരെ നിയമിക്കുന്നതിനായി മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്‍റെ നേതൃത്വത്തില്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിലേക്ക് റിക്വസ്റ്റ് നല്‍കിയിട്ടുണ്ടെങ്കിലും അഭിമുഖം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി നിയമനം നടത്താന്‍ കുറഞ്ഞത് രണ്ട് മാസമെങ്കിലും വേണ്ടിവരുമെന്നാണ് സൂചന. നിലവില്‍ മെഡിക്കല്‍ കോളജിന്‍റെ രണ്ട് ബ്ലോക്കുകളിലായാണ് വിവിധ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
പഴയ ജില്ല ആശുപത്രി കെട്ടിടത്തില്‍ സൈക്യാട്രി, പീഡിയാട്രിക്സ്, ഗൈനക്കോളജി വിഭാഗങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ റിസപ്ഷന്‍ ചുമതല വഹിക്കാന്‍ ഒരേയൊരു ജീവനക്കാരനാണുള്ളത്. സര്‍ജറി, അസ്ഥിരോഗ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രധാന വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന പുതിയ മന്ദിരത്തിലാണ് കൂടുതല്‍ രോഗികള്‍ എത്തുന്നത്. ഇവിടെയും റിസപ്ഷന്‍ കൗണ്ടറില്‍ ഒരു ജീവനക്കാരന്‍ മാത്രമാണുള്ളത്. രോഗികളുടെ ദുരിതം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാകുകയാണ്.
ഇടുക്കി മെഡിക്കല്‍ കോളജില്‍ ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് കമ്മറ്റി കൂടിയിട്ട് ഒരുവര്‍ഷത്തിലധികമായി. മൂന്ന് മാസം കൂടുമ്പോള്‍ കമ്മിറ്റി കൂടണമെന്നാണ് തീരുമാനം. ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് കമ്മിറ്റിയിലാണ് അടിയന്തര സ്വഭാവമുള്ള വിഷയങ്ങള്‍ക്ക് പരിഹാരം കാണുന്നത്. അടിയന്തരമായി ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് കമ്മറ്റി കൂടണമെന്ന ആവശ്യവും ശക്തമാണ്.


