ഇത്തവണയും ബജറ്റിൽ നിരാശ മാത്രം; ഇടുക്കിയിൽപ്രഖ്യാപനങ്ങൾക്കും വാഗ്ദാനങ്ങൾക്കും കുറവില്ല
text_fieldsചെറുതോണി: ഇത്തവണത്തെ ബജറ്റിലും ഇടുക്കി മണ്ഡലത്തിൽ വാഗ്ദാനങ്ങൾക്ക് കുറവില്ല. ജില്ല ആസ്ഥാനമായി അര നൂറ്റാണ്ട് പിന്നിട്ട ചെറുതോണിയിൽ നിറവേറാത്ത വാഗ്ദാനങ്ങളുടെ നീണ്ട പട്ടികയാണുള്ളത്. സർക്കാറുകൾ നൽകിയ ബജറ്റ് വാഗ്ദാനമാണ് ഇടുക്കി വാഴത്തോപ്പിൽ മിനി സിവിൽ സ്റ്റേഷൻ.
അതിനു വേണ്ടി തിരിച്ചിട്ട സ്ഥലം കാടുകയറിക്കിടക്കുന്നു. ഇടുക്കിയിൽ ഡെന്റൽ കോളേജ് അനുവദിക്കുമെന്ന പ്രഖ്യാപനം കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്തുണ്ടായതാണ്. ഇതുവരെ നടപ്പായിട്ടില്ല. ഇപ്പോൾ അടുത്ത് ഡെന്റൽ കോളജുള്ളത് കോതമംഗലത്തു മാത്രമാണ്.
പത്തുചെയിൻ, പെരിഞ്ചാംകുട്ടി പ്രദേശങ്ങളിലുള്ളവർക്ക് പട്ടയം ഇന്നും കിട്ടിയിട്ടില്ല. പെരിഞ്ചാംകുട്ടി പദ്ധതി സർക്കാർ ഉപേക്ഷിച്ചിട്ട് വർഷങ്ങളായിട്ടും ആ പ്രദേശത്ത് താമസിക്കുന്നവരിൽ പലർക്കും പട്ടയം വാഗ്ദാനത്തിലൊതുങ്ങി. ജില്ല ആസ്ഥാനത്ത് സായി സ്പോർട്സ് സെൻറർ ഇന്നും നടപ്പായിട്ടില്ല. ജോസ് കുറ്റ്യാനി എം.എൽ.എയായിരുന്ന കാലത്ത് പ്രഖ്യാപിച്ചതാണ് ഇടുക്കി- ഉടുമ്പന്നൂർ റോഡ്. എം.എൽ.എമാർ പലരും മാറിയെങ്കിലും വാഗ്ദാനമായി ഇപ്പോഴും തുടരുന്നു.
ഇടുക്കിയിൽ 40 കോടിയുടെ ബസ് ടെർമിനൽ എവിടെ എന്ന ചോദ്യത്തിനുമുത്തരമില്ല. ചെറുതോണിയിലെ ബട്ടർ ഫ്ലൈ പാലം മാത്രമാണ് യഥാർഥ്യമായത്. കുളമാവ് ഹൈഡൽ ടൂറിസം പദ്ധതിക്ക് ഉമ്മൻ ചാണ്ടി സർക്കാർ ബജറ്റിൽ ഒരു കോടി രൂപ അനുവദിച്ചതാണ്. പദ്ധതി എവിടെയെന്ന് മാത്രം ആർക്കുമറിയില്ല.
ചെറുതോണിയിൽ കെ.എസ്.ആർ.ടി.സി.സി ഡിപ്പോ ആരംഭിക്കുമെന്ന് 20 വർഷം മുമ്പുള്ള വാഗ്ദാനമാണ്. ഇതിനായി ആലിൻചുവടിന് സമീപം സ്ഥലം വരെ കണ്ടെത്തിയിരുന്നു. പിന്നീടത് ജലരേഖയായി മാറി. ആ വാഗ്ദാനം ഇപ്പോഴും പൊടിതട്ടിയെടുത്തിട്ടുണ്ട് മറ്റൊരു വാഗ്ദാനമായിരുന്നു ഇടുക്കിയിലും കൊന്നത്തടിയിലും അന്താരാഷ്ട്ര സ്റ്റേഡിയം.