ജാമ്യത്തിലിറങ്ങി മുങ്ങിയ തട്ടിപ്പുകേസ് പ്രതി പിടിയിൽ
text_fieldsജിന്റോ വർക്കി
ചെറുതോണി: ജാമ്യത്തിലിറങ്ങി മുങ്ങിയ നിരവധി കേസുകളിലെ പ്രതിയെ കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തു. ചുരുളി സ്വദേശി ഊമ്പക്കാട്ട് ജിന്റോ വർക്കിയാണ് (40) പിടിയിലായത്. ഇടുക്കി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽനിന്ന് ഇയാളുടെ പേരിൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്ന് പൊലീസ് പ്രത്യേക സ്ക്വാഡിന് രൂപംനൽകി അന്വേഷിച്ചുവരികയായിരുന്നു. കേരളത്തിലെ തട്ടിപ്പുസംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ.
ഹൈറേഞ്ച് സ്പൈസസ് ഉടമ ഈരാറ്റുപേട്ട പുത്തൻപുരക്കൽ അബ്ദുൽ അസീസിന്റെ മകൻ മുഹമ്മദ് ഷാഹിർഷായുടെ പക്കൽനിന്ന് 13,534 കിലോ ഉണക്കമഞ്ഞൾ 10,23,170 രൂപക്കുവാങ്ങി വ്യാജ ചെക്ക് നൽകി കബളിപ്പിച്ചതിന് 2015 ൽ ഇയാളെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
2013 ൽ കൊച്ചിയിലെ സ്വകാര്യ വാഹന വായ്പ സ്ഥാപനത്തിൽനിന്ന് വ്യാജ വിലാസത്തിൽ വാഹനങ്ങൾ വാങ്ങിയശേഷം പൊളിച്ചുവിറ്റ കേസിലും മൂവാറ്റുപുഴ മഹീന്ദ്ര ഫൈനാൻസിൽനിന്ന് വാഹനം വാങ്ങി പണമടക്കാതെ പൊളിച്ചുവിറ്റ കേസിലും പ്രതിയാണ്. വാഴക്കുളത്ത് വീടുംപുരയിടവും അഡ്വാൻസ് കൊടുത്തുവാങ്ങിയ ശേഷം മറിച്ചുവിറ്റ കേസിലും രാജാക്കാടുള്ള സുകുമാരന്റെ ബൊലേറോ വാഹനം വാങ്ങി പൊളിച്ചുവിറ്റ കേസിലും ഇയാൾ പ്രതിയാണ്.
വ്യാജരേഖ ഹാജരാക്കി വാഹന വായ്പയെടുത്ത് വാഹനം പൊളിച്ചു വിൽക്കുന്ന തട്ടിപ്പുസംഘത്തിലെ മുഖ്യപ്രതിയാണിയാൾ. 2011 മുതൽ ഇത്തരത്തിൽ തട്ടിപ്പു നടത്തിവരികയായിരുന്നു. 2013 ൽ ടാറ്റാ മോട്ടോഴ്സ് ഫിനാൻസ് കമ്പനിയുടെ പരാതിപ്രകാരം നടത്തിയ അന്വേഷണത്തിൽ 2013 ൽ പിടിയിലായതോടെയാണ് സംഘത്തെക്കുറിച്ച് പൊലീസിന് കൂടുതൽ വിവരങ്ങൾ കിട്ടുന്നത്.
ടാറ്റാ മോട്ടോർ ഫിനാൻസിന്റെ വാഴക്കാല ഓഫിസിൽ ജിബി ജോസഫ് എന്ന പേരിൽ ജിന്റോ വർക്കി വാഹനവായ്പക്കായി നൽകിയ അപേക്ഷയുടെ രേഖയിൽ സംശയം തോന്നിയതിനെ തുടർന്ന് സ്ഥാപനത്തിന്റെ നിയമവിഭാഗം തൃക്കാക്കര അസി. കമീഷണർക്കു പരാതിനൽകി. തുടർന്ന് അസി. കമീഷണർ ബിജോ അലക്സാണ്ടറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആദ്യമായി പ്രതികൾ വലയിലായത്.
മൂവാറ്റുപുഴ ടാറ്റാ മോട്ടോർ ഫിനാൻസിന്റെ ഓഫിസിൽനിന്ന് ജിബി ജോസഫ്, റോയി പോൾ എന്നീ പേരുകളിൽ ജിന്റോ വർക്കി വ്യാജരേഖ തയാറാക്കി അപേക്ഷ നൽകി ഒമ്പത് ലക്ഷം രൂപ വീതം വിലവരുന്ന രണ്ട് ടാറ്റാ 909 മോഡൽ ലോറികളും മൂവാറ്റുപുഴ മഹീന്ദ്ര ഫിനാൻസിൽ നിന്ന് 5,75,000 രൂപ വിലവരുന്ന മഹീന്ദ്ര ജീപ്പും തട്ടിയെടുത്തു.
ലോറികൾ പിന്നീട് കോഴിക്കോട്ടെത്തിച്ച് ജിന്റോയുടെ സഹായി റസാക്കിന്റെ സഹായത്തോടെ പൊളിച്ചു വിൽപന നടത്തി. ഷോറുമിൽ നിന്നെടുക്കുന്ന വാഹനങ്ങൾ രജിസ്റ്റർ ചെയ്യാതെയാണ് വിൽക്കുന്നത്. വായ്പകൾ തിരിച്ചടക്കാതെ വന്നതോടെയാണ് സ്ഥാപനം കേസുകൊടുത്തത്.
ജിന്റോയുടെ സുഹൃത്തായ ഇടുക്കി സ്വദേശിയാണ് വ്യാജമായി ഡ്രൈവിങ് ലൈസൻസും തിരിച്ചറിയൽ കാർഡും ആധാരവും ശരിയാക്കിക്കൊടുത്തത്. ഇങ്ങനെ തട്ടിപ്പുനടത്തിയതിന് ജിന്റോയുടെ പേരിലും കോഴിക്കോട് മാവൂർ മതിലകത്തുപറമ്പിൽ റസാക്ക് എന്നയാളുടെ പേരിലും കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ കേസുണ്ട്.
പ്രതികൾ വാഹന വിൽപന സ്ഥാപനങ്ങളിലെ സെയിൽസ് എക്സിക്യൂട്ടിവുകൾ വഴിയാണ് അപേക്ഷ നൽകിയിരുന്നത്. ഇവരുടെ പേരിലും അന്വേഷണം നടത്തുന്നുണ്ട്. ഇടുക്കി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.