Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightCheruthonichevron_rightകുടിവെള്ളത്തിന്...

കുടിവെള്ളത്തിന് നെട്ടോട്ടമോടി നാട്; കണ്ടില്ലെന്ന് നടിച്ച് അധികൃതർ

text_fields
bookmark_border
കുടിവെള്ളത്തിന് നെട്ടോട്ടമോടി നാട്; കണ്ടില്ലെന്ന് നടിച്ച് അധികൃതർ
cancel

ചെറുതോണി: വേനൽ കടുത്തതോടെ കുടിവെള്ളമില്ലാതെ ജനം നെട്ടോട്ടമോടുമ്പോഴും പഞ്ചായത്ത് ഉൾപ്പെടെ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാരുടെ പരാതി. കാമാക്ഷി പഞ്ചായത്തിലെ കരിക്കിൻമേട്, മാടപ്ര, പ്രകാശ്, അമ്പലമേട്, പുഷ്പഗിരി, കൂട്ടക്കല്ല് തുടങ്ങിയ പ്രദേശങ്ങളിലാണ് കുടിവെള്ളം കിട്ടാതെ ജനം ദുരിതത്തിലായത്. മാടപ്ര, കരിക്കിൻമേട് ഭാഗങ്ങളിൽ കുടിവെള്ള പദ്ധതികൾ ഉണ്ടെങ്കിലും ഓരോ വേനൽക്കാലത്തും നാലഞ്ച് മാസങ്ങൾ ഇവിടുത്തെ ഗുണഭോക്താക്കൾക്ക് മറ്റു മാർഗങ്ങൾ തേടണം.

140 ഓളം കുടുംബങ്ങളാണ് ഈ മേഖലയിൽ മാത്രം കുടിവെള്ള പ്രതിസന്ധി നേരിടുന്നത്. കുടിവെള്ളം കിട്ടാതായതോടെ പലയിടങ്ങളിലും സ്വകാര്യ വാഹനങ്ങളിൽ ദൂരസ്ഥലങ്ങളിൽനിന്നും വെള്ളം എത്തിച്ചാണ് നാട്ടുകാർ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നത്. 1500 ലിറ്റർ വെള്ളം ലഭിക്കണമെങ്കിൽ ദൂരത്തിന്റെ അടിസ്ഥാനത്തിൽ 700 മുതൽ 1000 രൂപ വരെ മുടക്കണം. എന്നാൽ പോലും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ഇത്തരത്തിൽ വെള്ളം ലഭിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.

മുൻകാലങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകും മുമ്പ് തന്നെ കാമാക്ഷി പഞ്ചായത്ത് ഗ്രാമങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ ഇത്തവണ അതുണ്ടായില്ലന്നാണ് നാട്ടുകാർ പറയുന്നത്. മരിയാപുരം, വാത്തിക്കുടി തുടങ്ങിയ സമീപ പഞ്ചായത്തുകളിൽ ആഴ്ചകൾക്കു മുമ്പുതന്നെ അധികൃതർ ഇടപെട്ട് വെള്ളം വിതരണം ചെയ്തു തുടങ്ങി. അതേസമയം, കാമാക്ഷി പഞ്ചായത്തിൽ ഇപ്പോഴും നടപടി ആയിട്ടില്ല. കലക്ടറുടെ പ്രത്യേക അനുമതി ലഭിച്ചാൽ മാത്രമേ കുടിവെള്ളം വിതരണം ചെയ്യാൻ കഴിയൂ എന്നും അതിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും പഞ്ചായത്തധികൃതർ പറയുന്നു. അടുത്ത ആഴ്ച എങ്കിലും വെള്ളം വിതരണം ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

എന്നാൽ, പഞ്ചായത്ത് കമ്മിറ്റി തീരുമാന പ്രകാരം താൽക്കാലിക സംവിധാനങ്ങൾ ഏർപ്പെടുത്തി കുടിവെള്ളം വിതരണ ചെയ്യണമെന്നും കലക്ടറുടെ അനുമതി ലഭിക്കും വരെ ജനം എന്ത് ചെയ്യുമെന്നുമാണ് നാട്ടുകാരുടെ ചോദ്യം. കുടിവെള്ള പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ പഞ്ചായത്ത് പടിക്കൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നാട്ടുകാർ വ്യക്തമാക്കി.

Show Full Article
TAGS:water crisis panchayath summer heat Summer Water supply Latest News 
News Summary - The country is struggling for drinking water; Authorities pretend not to notice
Next Story