വെളിച്ചവും റോഡുമില്ല കല്ലേമാടം കോളനിയിലെ ആദിവാസികൾ ദുരിതത്തിൽ
text_fieldsകല്ലേമാടം കോളനിയിലെ ആദിവാസി കുടുംബം
ചെറുതോണി: ജില്ല ആസ്ഥാനമായ കലക്ടറേറ്റിൽനിന്ന് വിളിപ്പാടകലെ കല്ലേമാടം ആദിവാസി കോളനിയിൽ താമസിക്കുന്ന കുടുംബങ്ങൾ നയിക്കുന്നത് ദുരിതജീവിതം.
വെളിച്ചവും റോഡുമില്ലാതെ പതിറ്റാണ്ടുകളായി ഇവർ നയിക്കുന്നത് ക്ലേശ ജീവിതമാണ്. പ്രധാന റോഡിൽനിന്ന് രണ്ടുകിലോമീറ്ററോളം കാട്ടിലൂടെ നടന്നുവേണം കോളനിയിലെത്താൻ. എട്ടുപതിറ്റാണ്ടായി ആദിവാസി വിഭാഗത്തിൽപെട്ടവരാണ് ഈ കോളനിയിൽ താമസിക്കുന്നത്.
35 കുടുംബങ്ങൾ വരെ താമസിച്ചിരുന്ന ഇവിടെ ഇപ്പോൾ 10ൽ താഴെ കുടുംബങ്ങൾ മാത്രമാണ് താമസിക്കുന്നത്. ഇപ്പോഴും മണ്ണെണ്ണ വിളക്കിന്റെയും മെഴുകുതിരിയുടെയും വെളിച്ചമാണ് ആശ്രയം.നല്ല വീടില്ലാത്തതിനാൽ ഊരു മൂപ്പനടക്കമുള്ളവർ പാറയള്ളിൽ കിടപ്പാടം ഒരുക്കിയാണ് അന്തിയുറങ്ങുന്നത്.
മഴക്കാലത്ത് പാറയള്ളിലൂടെ നീരൊഴുക്കു രൂപപ്പെടുന്നതിനാൽ അന്തിയുറങ്ങാൻ കഴിയുന്നില്ല. അതിനാൽ പാറപ്പുറത്ത് കെട്ടിയുണ്ടാക്കിയ പടുത ഷെഡിലാണ് കഴിയുന്നത്. വാഴത്തോപ്പ് പഞ്ചായത്തിലെ 13ാം വാർഡിൽ ഉൾപ്പെട്ടതാണിവിടം. ജില്ല ആസ്ഥാനത്തോട് ചേർന്നാണെങ്കിലും വർഷങ്ങളായി അധികൃതരുടെ അവഗണനയിൽ കഴിയുന്ന ഇവർക്ക് ഒരു സഹായവും ലഭിക്കുന്നില്ല.
വനത്തിനു നടുവിലാണെങ്കിലും ഇന്നുവരെ വന്യമൃഗങ്ങൾ ശല്യം ചെയ്തിട്ടില്ലെന്ന് ആദിവാസികൾ പറയുന്നു. ‘ഇടക്കിടെ കാട്ടാനകൾ വരും. തങ്ങളുടെ ഭാഷയിൽ പറയുമ്പോൾ ഉപദ്രവിക്കാതെ തിരിച്ചുപോകു’മെന്ന് ഇവിടത്തെ താമസക്കാരനായ രവീന്ദ്രൻ പറയുന്നു. കാട്ടുമൃഗങ്ങളെ വിശ്വസിക്കാം പക്ഷേ, മനുഷ്യനെ വിശ്വസിക്കാൻ പറ്റില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർക്കുന്നു. മന്നാൻ സമുദായക്കാരായ ഇവരുടെ ആസ്ഥാനം കോഴിമലയാണ്. പൈനാവ് മുക്കണ്ണൻകുടി വാർഡിൽപെട്ടതാണിവിടം.