ടവറുകൾ നോക്കുകുത്തി; നാട്ടുകാർ പരിധിക്ക് പുറത്ത്
text_fieldsകൈതപ്പാറയിലെ പ്രവര്‍ത്തനരഹിതമായ ബി.എസ്.എന്‍.എല്‍ മൊബൈല്‍ ടവര്‍
ചെറുതോണി: മലയോര മേഖലകളിൽ സ്ഥാപിച്ച ടവറുകൾ നോക്കുകുത്തിയായപ്പോൾ മൊബൈൽ ഫോണുകൾ റേഞ്ചിന് പുറത്തായി. പുതുതായി ടവറുകൾ സ്ഥാപിച്ച് കമീഷൻ ചെയ്തിട്ടും ഉപഭോക്താക്കൾ ഇപ്പോഴും പരിധിക്കു പുറത്തുതന്നെ നിൽക്കുന്നു.
കൈതപ്പാറ, മക്കുവള്ളി, വെണ്മണി എന്നിവിടങ്ങളിലാണ് ബി.എസ്.എന്‍.എല്‍ മൂന്ന് ടവറുകള്‍ സ്ഥാപിച്ചത്. കമീഷന് ചെയ്ത് രണ്ട് മാസം കഴിഞ്ഞിട്ടും ഉപഭോക്താക്കള്‍ക്ക് യാതൊരു പ്രയോജനവുമില്ല. എല്ലാവിധ ആധുനിക സൗകര്യങ്ങളോടുംകൂടി സോളര്‍ പാനലും, ബാറ്ററിയും സ്ഥാപിച്ചാണ് ടവര്‍ കമീഷൻ ചെയ്തത്.
ഉയരം കൂടിയ സ്ഥലത്ത് സ്ഥാപിച്ച ടവര്‍ പ്രവര്‍ത്തനരഹിതമായതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. നിർമാണത്തിലെ അഴിമതിയും പിടിപ്പുകേടും മൂലമാണ് ജനങ്ങള്‍ക്ക് പ്രയോജനം കിട്ടാത്തതെന്നും സ്വകാര്യ ടെലികോം കമ്പനികളെ സഹായിക്കാനാണെന്നാണ് നാട്ടുകാരുടെ ആരോപണം. എന്നാല്‍, ഗുണനിലവാരമുള്ള പുതിയ ടവറും യന്ത്രസാമഗ്രികളുമാണ് ഇവിടെ സ്ഥാപിച്ചതെന്ന് ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.
വാർത്താവിനിമയ രംഗം ഓരോ ദിവസവും മുന്നേറിക്കൊണ്ടിരിക്കുമ്പോഴും റേഞ്ചില്ലാതെ നട്ടം തിരിയുന്ന മലയോരവാസികളുടെ വർഷങ്ങളായുള്ള ആവശ്യം പരിഗണിച്ചാണ് ഇവിടെ ടവർ സ്ഥാപിക്കാൻ ബി.എസ്.എന്‍.എല്‍ അധികൃതർ തീരുമാനിച്ചത്.
ടവര്‍ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചാല്‍ വാഴത്തോപ്പ്, കഞ്ഞിക്കുഴി, പട്ടയക്കുടി, വണ്ണപ്പുറം, ഉടുമ്പന്നൂര്‍ മേഖലകളിലുള്ളവർക്ക് കൂടുതല്‍ റേഞ്ച് ലഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍, കോടികൾ ചെലവഴിച്ച് മൂന്ന് ടവറുകള്‍ സ്ഥാപിച്ച് കമീഷന് ചെയ്തിട്ടും പ്രയോജനമില്ലാത്ത നോക്കുകുത്തികളായി ടവറുകൾ നിൽക്കുന്നു. ഇതുസംബന്ധിച്ച് നാട്ടുകാര്‍ ഇടുക്കി എം.പിക്കും ബി.എസ്.എന്‍.എല്‍ അധികൃതര്‍ക്കും പരാതി നല്കി. തീരുമാനമുണ്ടായില്ലെങ്കില്‍ ശക്തമായ ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് നാട്ടുകാര്‍ അറിയിച്ചു.