പാറേമാവിൽ കടുവയുടെ സാന്നിധ്യമെന്ന്; ജനം ഭീതിയിൽ
text_fieldsചെറുതോണി: ജില്ല ആസ്ഥാനത്ത് വീണ്ടും കടുവയെ കണ്ടതായി അഭ്യൂഹം. ജനം ഭീതിയില്‍. വ്യാഴാഴ്ച രാവിലെ ഒമ്പതിന് പാറേമാവിലുള്ള പത്തേക്കര്‍ കോളനിയിൽ കടുവയെ കണ്ടതെന്നാണ് പ്രചാരണം. 1973 മുതല്‍ ഇവിടെ താമസിക്കുന്ന സരസമ്മയാണ് കടുവയെ കണ്ടത്.
ഇവരുടെ വീടിനു പിന്നില്‍ വനമാണ്. വീടിനു സമീപം 50 മീറ്റര്‍ മാറി വനത്തിലാണ് കടുവയെ കണ്ടതെന്ന് ഇവർ പറയുന്നു. കടുവ മുകള്‍ ഭാഗത്തുള്ള വനത്തിലേക്ക് ഓടിപ്പോയതായാണ് അവര്‍ പറഞ്ഞത്. ഇവിടെ താമസമാക്കിയതിനുശേഷം ആദ്യമായാണ് കടുവയെ കാണുന്നതെന്നും ഇവർ പറഞ്ഞു.
വെള്ളാപ്പാറ ഭാഗത്തുള്ള വനത്തിലേക്കാണ് കടുവ ഓടിയത്. വനപാലകരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥർ സ്ഥലം മുഴുവന്‍ പരിശോധിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കഞ്ഞിക്കുഴിയില്‍ പുലിയെ കണ്ടതിനെതുടര്‍ന്ന് പരിശോധനക്കു കൊണ്ടുവന്നിരുന്ന ഡ്രോണ്‍ തൊടുപുഴയിലായിരുന്നതിനാല്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മൂന്ന് മണിയോടെ ഡ്രോണ്‍ ഇടുക്കിയിലെത്തിച്ചു പരിശോധന നടത്തിയെങ്കിലും കടുവയുടെ കാല്‍പാടോ, മറ്റു തെളിവുകളോ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്.
കഞ്ഞിക്കുഴിയില്‍ പുലിയിറങ്ങിയതും ഇടുക്കി പാര്‍ക്കിനു സമീപം കടുവയെ കണ്ടതും കരിമണലിലും മീന്‍മൂട്ടിക്കു സമീപം ആനകളിറങ്ങിയതും കഴിഞ്ഞയാഴ്ചയിലാണ്. മേഖലയിൽ വന്യമൃഗങ്ങളുടെ ശല്യം വളരെ കുറവായിരുന്നു. അടുത്ത നാളുകളിലാണ് ഇവയുടെ സാന്നിധ്യം ആള്‍ താമസമുള്ള സ്ഥലത്തേക്ക് വ്യാപിച്ചത്. കുരങ്ങ്, കാട്ടുപന്നി, മ്ലാവ്, എന്നിവ കൃഷിയിടങ്ങളില്‍ വ്യാപകമായിറങ്ങുന്നുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. അടിയന്തരമായി വന്യമൃഗശല്യം നേരിടുന്നതിനു വനംവകുപ്പ് നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.


