അടച്ചിട്ട ടൂറിസം വകുപ്പ് കെട്ടിടം തുറക്കണമെന്ന് ആവശ്യം
text_fieldsഇടുക്കി പാറേമാവിലെ ഹോട്ടല്‍ അടച്ച നിലയില്‍
ചെറുതോണി: ഇടുക്കിയിലെത്തുന്ന വിനോദ സഞ്ചാരികൾക്കായി കോടികൾ മുടക്കി നിർമിച്ച കെട്ടിടം ടൂറിസം വകുപ്പ് അടച്ചുപൂട്ടിയിട്ട് മാസങ്ങൾ. സര്‍ക്കാറിനു വരുമാനവും, വിനോദസഞ്ചാരികള്‍ക്ക് ഉപകാരപ്രദവുമായിരുന്നു, മെഡിക്കല്‍ കോളജിനു സമീപം പാറേമാവിലെ ഈ കെട്ടിടം. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടൽ മാസങ്ങളായി അടച്ചിട്ടതിനാല്‍ കെട്ടിടവും, ലക്ഷക്കണക്കിനു രൂപയുടെ ഉപകരണങ്ങളും നശിക്കുകയാണ്.
ടൂറിസം വികസനത്തിനായി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ബിയര്‍പാര്‍ലര്‍ ഉള്‍പ്പെടെ വിശ്രമ കേന്ദ്രമായാണ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഉദ്ഘാടനം നടത്താതെ 10 വര്‍ഷത്തിലധികം അടച്ചിട്ട ശേഷം, പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്ന് അഞ്ചു വര്‍ഷം മുമ്പ് സ്വകാര്യ വ്യക്തിക്ക് ഹോട്ടല്‍ നടത്താൻ വാടകക്ക് നല്കി.
വര്‍ഷം അഞ്ചു ലക്ഷം രൂപയായിരുന്നു വാടക. അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് വീണ്ടും ടെൻഡർ നടത്തുകയായിരുന്നു. പുതിയ ടെൻഡർ പ്രകാരം വാടകക്ക് നികുതി ഉള്‍പ്പെടെ 9,76,000 രൂപക്കാണ് കരാര്‍ നല്‍കിയത്. ഇതിനായി ഒരു ലക്ഷം അഡ്വാന്‍സും വാങ്ങി. എന്നാല്‍ പിന്നീട് ടെൻഡർ റദ്ദാക്കുകയായിരുന്നു. ഒരു മാസത്തിനുശേഷമാണ് കരാറെടുത്തയാളിന് തുക തിരിച്ചുനല്‍കിയത്.
25 വര്‍ഷം മുമ്പ് ഒരു കോടിയിലധികം മുടക്കി നിര്‍മിച്ചതാണ് കെട്ടിടം. ഇടുക്കി അണക്കെട്ടുകള്‍ കാണുന്നതിനും ജലാശയത്തില്‍ ബോട്ടിങ്ങിനുമായി എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സൗകര്യപ്രദമായിരുന്ന ഹോട്ടലാണ് ഒരു കാരണവുമില്ലാതെ അടച്ചുപൂട്ടിയത്.രണ്ടാമത് കരാറെടുത്തതു മൂലം ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി കരാറുകാരി പറയുന്നു. പാത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ വാങ്ങിയതിലും അഡ്വാന്‍സ് നല്‍കുന്നതിന് വാങ്ങിയ പണത്തിന്റെ പലിശയുള്‍പ്പെടെ രണ്ടു ലക്ഷത്തിലധികം രൂപ നഷ്ടം വന്നതായും അവർ പറഞ്ഞു.
ഹോട്ടലിനു സമീപം 100 വാഹനങ്ങള്‍ വരെ പാര്ക്കുചെയ്യാൻ സൗകര്യമുണ്ടായിരുന്നു. ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ബുക്ക് ചെയ്താണ് വിനോദസഞ്ചാരികള്‍ എത്തിയിരുന്നത്. നല്ല രീതിയില്‍ കച്ചവടവും ലഭിച്ചിരുന്നു. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും ജീവനക്കാരും ഇത് ഉപയോഗപ്പെടുത്തി.ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍ ആറുമാസം അടച്ചിട്ടതുമൂലം ലക്ഷങ്ങളാണ് സര്‍ക്കാരിന് നഷ്ടമായത്. ഹോട്ടല്‍ അടിയന്തരമായി തുറന്നുപ്രവര്‍ത്തിക്കണമെന്ന് നാട്ടുകാരും വിനോദ സഞ്ചാരികളും ആവശ്യപ്പെടുന്നു.