കഞ്ഞിക്കുഴിയിൽ കുരുമുളകിന് മഞ്ഞളിപ്പ് രോഗം
text_fieldsകഞ്ഞിക്കുഴി പഞ്ചായത്തിൽ മഞ്ഞളിപ്പ് ബാധിച്ച കുരുമുളക് ചെടി
ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിൽ കുരുമുളക് ചെടികൾക്ക് മഞ്ഞളിപ്പ് രോഗം വ്യാപകം. ഇതേതുടർന്ന് നൂറുകണക്കിന് ചെടികളാണ് നശിക്കുന്നത്. രോഗം ബാധിച്ച ചെടികൾ ദിവസങ്ങൾക്കുള്ളിൽ തന്നെ ഉണങ്ങുകയും ചെയ്യും.
കൃഷി നാശമുണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയുമില്ലെന്ന് കർഷകർ ആരോപിക്കുന്നു. ഇടുക്കിയിലെ കുരുമുളകിന് അന്താരാഷ്ട്ര മാർക്കറ്റിൽ വലിയ മതിപ്പുള്ളതാണ്. എന്നാൽ, അടുത്തിടെയായി കാലാവസ്ഥ വ്യതിയാനം കുരുമുളക് ചെടികൾക്ക് വലിയനാശം വരുത്തിയിട്ടുണ്ട്.
മഞ്ഞളിപ്പ് ബാധിച്ച് ചെടികൾ ഉണങ്ങുന്നതാണ് ദുരിതത്തിലാക്കുന്നത്. മഞ്ഞളിപ്പ് ബാധിക്കുന്നതോടൊപ്പം ദിവസങ്ങൾക്കുള്ളിൽ തന്നെ ഇലകൊഴിഞ്ഞ തണ്ടുകളും ഉണങ്ങും.
രോഗം ബാധിച്ച ചെടികൾ രണ്ടാഴ്ചക്കുള്ളിൽ പൂർണമായും നശിക്കും. നിറയെ കായ്ഫലമുള്ള ചെടികളിൽനിന്ന് പാകമെത്താത്ത കുരുമുളക് തിരികൾ അടർന്നു വീഴും. രോഗബാധ കണ്ടുതുടങ്ങിയപ്പോൾ തന്നെ കർഷകർ കൃഷി ഭവനിൽ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ബന്ധപ്പെട്ട അധികൃതർ ഇടപെടണമെന്നും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.