ദേശീയപാതയിലെ നിര്‍മാണ വിലക്ക്; ശുഭ പ്രതീക്ഷയിൽ മലയോരം
text_fieldsഅടിമാലി: കൊച്ചി -ധനുഷ്കോടി ദേശീയപാതയിലെ നിര്‍മാണ വിലക്ക് ഒഴിവാകുമെന്ന പ്രതീക്ഷയിൽ മലയോരം. ബി.ജെ.പി പരിസ്ഥിതി വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എന്‍.ജയചന്ദ്രന്റെ ഹരജിയില്‍ 70 ദിവസം മുന്‍പാണ് നേര്യമംഗലം മുതല്‍ വാളറ വരെ 14.5 കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മാണം തടഞ്ഞ് ഹൈകോടതി ഉത്തരവിട്ടത്.
ദേശീയപാത കടന്ന് പോകുന്ന വനമേഖലയിലെ ഭൂമി റവന്യു വകുപ്പിന്റേതാണെന്ന് സംസ്ഥാന സര്‍ക്കാറിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി വാക്കാല്‍ കോടതിയെ അറിയിച്ചെങ്കിലും രേഖാമൂലം നല്കാത്തതിനാൽ കോടതി ഉത്തരവ് തിരുത്തിയില്ല.കേസ് വീണ്ടും പരിഗണിക്കുന്നത് ഈ മാസം 18 നാണ്.അന്നും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം രേഖാമൂലം നല്‍കിയില്ലെങ്കില്‍ വിലക്ക് തുടരും.ഇതോടെ പ്രശ്നം കൂടുതല്‍ ഗുരുതരമായി മാറുകയും ചെയ്യും.ഇത്രയും ദിവസം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കേസില്‍ കക്ഷിയാണെന്ന നിലയിലാണ് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചിരുന്നത്.എന്നാല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കോടതിയില്‍ നല്കിയ സത്യവാങ് മൂലത്തില്‍ തങ്ങള്‍ ഇതില്‍ കക്ഷിയല്ലെന്നും കേരള സര്‍ക്കാരിന് മാത്രമാണ് ഉത്തരവാദിത്തമെന്നും അറിയിച്ചു.ഇതോടെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന് മാത്രമായി മാറുകയും ചെയ്തു.
വിലക്കിനെതിരെ ഉയർന്നത് കനത്ത പ്രതിഷേധം
ദേശീയപാതയില്‍ നിര്‍മാണം നിരോധിച്ച് വിധി ഉണ്ടായതിന് പിന്നാലെ വലിയ പ്രക്ഷോഭമാണ് ഹൈറേഞ്ചില്‍ ഉണ്ടായത്.ഹര്‍ത്താലുകളും മാര്‍ച്ചുകളും ഉൾപ്പടെ ജനകീയ സമരവുമായി ജനങ്ങള്‍ തെരുവില്‍ ഇറങ്ങി. ഹൈവേ സംരക്ഷണ സമിതി കഴിഞ്ഞ ഒന്നിന് മന്ത്രി റോഷി അഗസ്റ്റിന്റെ ഇടുക്കിയിലെ ഓഫീന് മുന്നിലേക്ക് മാര്‍ച്ചും ധര്‍ണയും പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പിനെ തുടര്‍ന്ന് സമരം ഉപേക്ഷിക്കുകയായിരുന്നു.
വിധി അനുകൂലമല്ലെങ്കില്‍ വീതി ആറു മീറ്ററായി ചുരുങ്ങും
ദേശീയപാത രണ്ട് വരി പാതയായി വികസിപ്പിക്കുമ്പോള്‍ നേര്യമംഗലം മുതല്‍ വാളറ വരെ 14.5 കിലോമീറ്റര്‍ ആറു മീറ്റര്‍ വീതിയില്‍ വികസനം പൂര്‍ത്തിയാക്കാനാണ് എസ്റ്റിമേറ്റ് തയാറാക്കിയത്.എന്നാല്‍ കോടതി വിധികളുടെയും സംസ്ഥാന സര്‍ക്കാരിന്റേയും അഭ്യര്‍ഥന കണക്കിലെടുത്ത് 12 മീറ്റര്‍ വീതിയില്‍ മറ്റിടങ്ങളിലേ പോലെ തന്നെ വനമേഖയിലും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു.
നിയമക്കുരുക്ക് അഴിഞ്ഞില്ലെങ്കിൽ ആറു മീറ്റര്‍ വീതിയില്‍ തന്നെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ദേശീയപാത അധികൃതരുടെ നീക്കം.കഴിഞ്ഞ 5 അഞ്ചുവര്‍ഷത്തെ കണക്കെടുത്താല്‍ ഹൈറേഞ്ചില്‍ ഏറ്റവും കൂടുതല്‍ വാഹന അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഈ ഭാഗത്താണ്.12 മീറ്ററില്‍ റോഡ് നിലവില്‍ വരുന്നതോടെ അപകടങ്ങള്‍ കുറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങളും അധികൃതരും.എന്നാല്‍ നിയമക്കുരുക്കുകൾ ഇതിനെല്ലാം പ്രതിസന്ധി സൃഷ്ടിക്കുകയായിരുന്നു.