ഭൂപ്രശ്നം; റവന്യൂ വകുപ്പിനെതിരെ പോർമുഖം തുറന്ന് സി.പി.എം
text_fieldsതൊടുപുഴ: ഇടുക്കിയിലെ ഭൂപ്രശ്നത്തിന്റെ പേരിൽ റവന്യൂ വകുപ്പിനെതിരെ സി.പി.എം നീക്കം. കൈയേറ്റക്കാർക്കെതിരെ സെപ്റ്റംബർ മുതൽ കർശന നടപടി സ്വീകരിക്കുമെന്ന നിലപാടിൽ റവന്യൂ വകുപ്പും ജില്ല ഭരണകൂടവും മുന്നോട്ടുപോകുന്നതിനിടെയാണ് വകുപ്പിനെതിരെ സി.പി.എം പോഷകസംഘടനയായ കർഷകസംഘംതന്നെ രംഗത്തുവന്നത്.
സി.പി.ഐ നിയന്ത്രണത്തിലുള്ള റവന്യൂ വകുപ്പിനെതിരെ പരസ്യ സമരപ്രഖ്യാപനവുമായി ആഗസ്റ്റ് അഞ്ചിന് പീരുമേട് താലൂക്ക് ഓഫിസിലേക്ക് മാർച്ചും തീരുമാനിച്ചു. സമരത്തിൽ സി.പി.എം നേതാക്കളായ എം.എം. മണി എം.എൽ.എ, സി.വി. വർഗീസ് അടക്കമുള്ളവർ പങ്കെടുക്കുന്നുണ്ട്.
ഭൂപ്രശ്നം സങ്കീർണമാക്കാൻ വകുപ്പിലെ ചില ഉദ്യോഗസ്ഥർ ശ്രമിക്കുകയാണെന്ന ആരോപണമാണ് കർഷകസംഘം ഉന്നയിക്കുന്നത്. കലക്ടറടക്കമുള്ള ഉദ്യോഗസ്ഥരുടെ നിലപാട് ഏകപക്ഷീയമാണെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. പരുന്തുംപാറയിലടക്കം ജില്ലയിലെ വിവിധ ഭൂമി കൈയേറ്റങ്ങളിൽ വകുപ്പ് സ്വീകരിക്കുന്ന നടപടികളെച്ചൊല്ലിയാണ് ഭരണമുന്നണിയിലെ രണ്ട് പ്രധാന കക്ഷികൾ തമ്മിൽ അസ്വാരസ്യം പുകയുന്നത്.
മഞ്ചുമല വില്ലേജിലെ സർവേ നമ്പർ 441ൽ 9875.96 ഏക്കറിലും പീരുമേട് വില്ലേജിലെ സർവേ നമ്പർ 534ലെ 624.84 ഏക്കറിലുമുള്ള 2100 ലധികം തണ്ടപ്പേർ ഉടമകളുടെ പട്ടയങ്ങൾ പരിശോധിക്കാനുള്ള നീക്കമാണ് വിവാദങ്ങളുടെ തുടക്കം. ഹൈകോടതി നിർദേശത്തെതുടർന്ന് പൊലീസ് ട്രെയിനിങ് കോളജ് മുൻ ഡയറക്ടർ കെ. സേതുരാമന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പരുന്തുംപാറയിലെ സർക്കാർ ഭൂമിയിൽ വൻതോതിലുള്ള ഭൂമി കൈയേറ്റങ്ങളും അനധികൃത നിർമാണങ്ങളും കണ്ടെത്തിയിരുന്നു.
ഇതുസംബന്ധിച്ച് സർക്കാറിനും ഹൈകോടതിക്കും 774 പേജുള്ള റിപ്പോർട്ടും സമർപ്പിച്ചു. ഇതോടൊപ്പം ഭൂമി കൈയേറ്റം അന്വേഷിക്കാൻ ഇടുക്കി സബ്കലക്ടറുടെ നേതൃത്വത്തിൽ റവന്യൂ വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. തുടർന്ന്, രണ്ട് സർവേ ഏരിയകളിലുമായി 1,475ലഅധികം പേർക്ക് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് പ്രത്യേക സംഘം നോട്ടീസും നൽകി. ഇവരുടെ രേഖപരിശോധനയടക്കം പുരോഗമിക്കുകയാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. മൂന്ന് മാസത്തിനകം ഇത് പൂർത്തിയാകും.
എന്നാൽ, ഇത് തെറ്റാണെന്നാണ് സി.പി.എം നേതാക്കൾ പറയുന്നത്. 200ലേറെ പേർ താലൂക്ക് ഓഫിസിൽ രേഖകളുമായെത്തിയെങ്കിലും പരിശോധിക്കാൻ ഉദ്യോഗസ്ഥരുണ്ടായില്ലെന്നും ഇവർ ആരോപിക്കുന്നു.
പ്രദേശത്ത് കലക്ടർ നിർമാണനിരോധനം ഏർപ്പെടുത്തിയതോടെ തൊഴിലുറപ്പ് പദ്ധതി പോലും നടക്കുന്നില്ല. നിയമപരമായി പട്ടയം ലഭിച്ച കർഷകരെ കൈയേറ്റക്കാരായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നതടക്കമുള്ള വാദമുഖങ്ങൾ നിരത്തിയാണ് റവന്യൂ വകുപ്പിനെതിരെ സി.പി.എം നേതൃത്വത്തിൽ ആക്രമണം ശക്തമാക്കിയത്.