സംസ്ഥാന പാതയിൽ കലുങ്ക് അപകടാവസ്ഥയില്‍
text_fieldsആലപ്പുഴ - മധുര സംസ്ഥാന പാതയിലെ അപകടാവസ്ഥയിലായ കലുങ്ക്
വണ്ണപ്പുറം: ആലപ്പുഴ-മധുര സംസ്ഥാന പാതയിലെ കലുങ്ക് അപകടാവസ്ഥയില്‍. വണ്ണപ്പുറം - ചേലച്ചുട് റോഡില്‍ ചീങ്കല്‍ സിറ്റിക്ക് അടുത്ത് രണ്ടുതോടിന് കുറുകെയുള്ള കലുങ്കിന്റെ അടിഭാഗമാണ് ഇടിഞ്ഞുവീണ് അപകട സ്ഥിതിയില്‍ നില്‍ക്കുന്നത്. കലുങ്കിന്റെ മുകള്ഭാഗം ടൈൽ വിരിച്ച് മനോഹരമാക്കിയത് അടുത്തനാളിലാണ്. ടൈലുകള്‍ അടര്‍ന്ന് കലുങ്കിന്റെ ഇടിഞ്ഞ ഭാഗത്തേക്ക് പതിച്ച് ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്.
ഹൈറേഞ്ചിലേക്കുള്ള ദീര്‍ഘദൂര സര്‍വീസുകൾ, സ്കൂള്‍ ബസുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന റോഡിലാണ് അപകടഗര്‍ത്തം രൂപപ്പെട്ടത്. കലുങ്കിന്റെ മുകള്‍ ഭാഗം നല്ല രീതിയില്‍ ടൈല്‍ വിരിച്ചിരിക്കുന്നതിനാല്‍ ഇവിടെ അപകടം പതിയിരിക്കുന്നത് ഡ്രൈവര്‍മാര്‍ക്ക് അറിയന്കഴിയില്ല. അതിനാല്‍ ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്ന ഭാഗം ചേര്‍ന്ന് ഭാരവാഹനങ്ങള്‍ പോകുന്നുണ്ട്.
നാട്ടുകാർ അറിയിച്ചതിനെ തുടര്‍ന്ന് പി.ഡബ്ലു.ഡി. ഇടിഞ്ഞിരിക്കുന്ന ഭാഗം വേര്‍തിരിച്ച് റിബ്ബൺ വലിച്ച് കെട്ടിയിട്ടിണ്ട്. പരിചയമില്ലാത്തവർക്ക് അപകടങ്ങൾ ഉണ്ടാകാൻ സാധ്യത ഏറെയാണ്. കലുങ്കിന്റെ അപകടസ്ഥിതി വേഗം പരിഹരിക്കാന്‍ നടപടിവേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.


