ഇഴഞ്ഞുനീങ്ങി ഇടുക്കി വികസന പാക്കേജ്
text_fieldsതൊടുപുഴ: അവലോകന യോഗങ്ങളും നിർദേശങ്ങളും തകൃതിയായി നടക്കുമ്പോഴും ഇടുക്കി പാക്കേജിന് കീഴിലെ വിവിധ പദ്ധതികൾക്ക് ഒച്ചിഴയും വേഗതയാണ്. ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലായി നടത്തുന്ന വിവിധ പദ്ധതികളാണ് ഇഴഞ്ഞ് നീങ്ങുന്നത്.കഴിഞ്ഞ നാല് സാമ്പത്തിക വർഷങ്ങളിലായി അനുവദിച്ച 54.35 കോടി രൂപയുടെ 17 പദ്ധതികളാണ് വിവിധ മണ്ഡലങ്ങളിലായി നടപ്പാക്കുന്നത്. ഇതിൽ പൂർത്തിയായതാകട്ടെ നാമമാത്രവുമാണ്.
പൂർത്തിയായത് നീർത്തട വികസന പദ്ധതി
17 പദ്ധതികൾക്ക് അനുമതി നൽകിയതിൽ സർക്കാർ രേഖകൾ പ്രകാരം പൂർത്തിയായത് ഏക പദ്ധതിയാണ്. രണ്ട് കോടി രൂപക്ക് ഭരണാനുമതി നൽകിയ നീർത്തട വികസന പദ്ധതികളാണിത്. രാജാക്കാട്, മൂന്നാർ, ബൈസൺവാലി, വെള്ളിയാമറ്റം എന്നിവിടങ്ങളിലായാണ് ഇത് നടപ്പാക്കിയതെന്ന് രേഖകൾ പറയുന്നു. 2022-23,23-24,24-25,25-26 സാമ്പത്തിക വർഷങ്ങളിലായാണ് വിവിധ പദ്ധതികളുടെ നടത്തിപ്പിന് തുക അനുവദിച്ചത്. പദ്ധതിയുടെ ഭാഗമായി നിർദ്ദേശിച്ചിരുന്ന മൂന്നാറിലെ സ്പോട്സ് ഹബ് കം ട്രെയിനിങ് സെന്ററിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുളള സംസ്ഥാന തല സമിതി അംഗീകാരം നൽകിയിരുന്നില്ല. ഇതിന് പകരമായി കായിക താരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്ന തരത്തിൽ മറ്റ് പദ്ധതികൾ രൂപപ്പെടുത്താനായിരുന്നു നിർദേശം.
കാലതാമസം പ്രതിസന്ധി
പാക്കേജിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ സാങ്കേതിക കുരുക്കഴിക്കുന്നതിനുളള കാലതാമസമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ദേവികുളം-6, ഉടുമ്പൻചോല-5,തൊടുപുഴ-3, ഇടുക്കി-5, പീരുമേട്-6 എന്നിങ്ങനെയാണ് വിവിധ നിയമസഭാ മണ്ഡലങ്ങളിൽ വികസന പദ്ധതികൾ നടപ്പാക്കുന്നത്. മനുഷ്യ-വന്യ ജീവി സംഘർഷം കുറക്കുന്നതിനാവശ്യമായ സോളാർ ഫെൻസിങ്, സോളാർ തെരുവു വിളക്കുകൾ,മാതൃക അംഗൻവാടികൾ,ചെറുകിട സംരംഭക വികസനം,ഉടുമ്പൻചോല ഗവ.ആയുർവേദ മെഡിക്കൽ കോളജ് വികസനം,നെടുങ്കണ്ടം പോളിടെക്നിക്ക് സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമാണം, പടിഞ്ഞാറേ കോടിക്കുളം ജി.ച്ച്.എസ്.എസ് നിർമാണം, ഇടുക്കി ഗവ.എൻജിനീയറിങ് കോളജിലെ ജിം നിർമാണം, ഇടുക്കി ഡാമിലെ ബോട്ടിങ് സൗകര്യം, പൈനാവിലെ ഹോസ്റ്റൽ നിർമാണം, കട്ടപ്പന സർക്കാർ കോളജിലെ ആധുനിക ലാബുകളുടെ നിർമാണം, വണ്ടിപ്പെരിയാർ കനാൽ നവീകരണം, ഏലപ്പാറ ജി.എച്ച്.എസ്.എസ് വികസനം, നൂലം പാറ പാലത്തിന്റെ പൂർത്തീകരണം, വഞ്ചിവയൽ ട്രൈബൽ ഹൈസ്കൂൾ മന്ദിര നിർമാണം അടമുളള വിവിധ പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത്.
പദ്ധതികൾ പാതിവഴിയിൽ
പ്രഖ്യാപിക്കപ്പെട്ട പദ്ധതികൾ പലതും പാതിവഴിയിലാണ്. ചില പ്രവൃത്തികൾ ടെൻഡർ വച്ചെങ്കിലും എടുക്കാനാളില്ലാത്തത് തിരിച്ചടിയായി. ഇത് റീ ടെൻഡർ നടപടികൾ നടത്തുന്നത് കാലതാമസവും വരുത്തി. വകുപ്പുകളുടെ ഏകോപനമില്ലായ്മ മൂലം പ്രധാനപ്പെട്ട പല പദ്ധതികളും ഇഴയുന്നതായും ആക്ഷേപമുണ്ട്. ഇക്കാര്യത്തിൽ വനം വകുപ്പാണ് വില്ലൻ റോളിലുള്ളത്. പദ്ധതികൾ വേഗത്തിലാക്കുന്നതിന് ജില്ലയുടെ ചുമതലയുളള മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലടക്കം യോഗം ചേർന്നെങ്കിലും പ്രവൃത്തികൾക്ക് ഇനിയും വേഗത കൈവന്നിട്ടില്ല.തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിന് പിറകെ നടക്കാനിരിക്കെ വീണ്ടും പദ്ധതി പൂർത്തീകരണത്തിൽ കാലതാമസമുണ്ടാകുമെന്നാണ് വിലയിരുത്തൽ.