ലഹരിവല പൊട്ടിച്ച് തൂഫാൻ; ദിവസങ്ങൾക്കകം 262 കേസുകളിലായി 295 പേർ പിടിയിലായി
text_fieldsഓപറേഷൻ തൂഫാന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധന
തൊടുപുഴ: ലഹരിസംഘങ്ങൾക്കെതിരെ ശക്തമായ നടപടികളുമായി പൊലീസ് രംഗത്തെത്തിയതോടെ പിടികൂടുന്ന കേസുകളിൽ വൻ വർധന. ഓപറേഷൻ തൂഫാൻ ഒരു മാസം പിന്നിട്ടപ്പോൾ ജില്ലയിലെ അഞ്ച് പൊലീസ് സബ് ഡിവിഷനുകളിലായി ആറായിരത്തോളം പേരെ ഇതുവരെ പൊലീസ് പരിശോധിച്ചു. 262 കേസുകളിലായി 295 പേരെയാണ് ജില്ലയിൽ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്തത്. 13.688 കിലോഗ്രാം കഞ്ചാവ്, 10.62 ഗ്രാം എം.ഡി.എം.എ, എട്ട് ഗ്രാം ഹഷീഷ് ഓയിൽ, 142 കഞ്ചാവ് ബീഡികൾ, 13 കഞ്ചാവ് ചെടികൾ എന്നിവ പ്രതികളിൽനിന്ന് പൊലീസ് പിടിച്ചെടുത്തു.
ലഹരി വസ്തുക്കളുമായി പിടികൂടിയവരിൽ കൂടുതലും 30 വയസ്സിൽ താഴെയുള്ളവരാണ്. കഞ്ചാവ് കൂടാതെ എം.ഡി.എം.എ ഉൾപ്പെടെയുള്ള മാരക ലഹരിവസ്തുക്കളുടെ ഉപയോഗവും വിൽപനയും ജില്ലയിൽ വ്യാപകമാകുന്നുവെന്നാണ് പിടികൂടിയ കേസുകളിൽനിന്ന് മനസ്സിലാകുന്നത്.
ഓപറേഷൻ തൂഫാന്റെ ഭാഗമായി ലഹരി ഉപയോഗം, വിൽപന എന്നിവ സംബന്ധിച്ച് പൊലീസിന് വിവരങ്ങൾ നൽകുന്നവരുടെ എണ്ണവും കൂടുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ലഹരിവസ്തുക്കളുടെ കച്ചവടമോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ ഇടുക്കി ജില്ല തൂഫാൻ കൺട്രോൾ റൂം നമ്പറായ 9497932508ൽ അറിയിക്കണമെന്നും ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നും പൊലീസ് അറിയിച്ചു.
ലഹരി വിൽപനക്കിടെ യുവാക്കൾ പിടിയിൽ
തൊടുപുഴ: നിരോധിത രാസലഹരിയും ഹൈബ്രിഡ് കഞ്ചാവും വിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ രണ്ട് യുവാക്കൾ പിടിയിൽ. കണ്ണൂർ മട്ടന്നൂർ സ്വദേശി അജിനാസ് കെ.പി (19), കൊല്ലം കിളികൊല്ലൂർ സ്വദേശി സജിത്ത് (23) എന്നിവരാണ് തൊടുപുഴ പൊലീസിന്റെ പിടിയിലായത്. ഇവരിൽനിന്ന് വിൽപനക്കായി സൂക്ഷിച്ചിരുന്ന അഞ്ച് എൽ.എസ്.ഡി സ്റ്റാമ്പുകളും 1.93 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. മണക്കാടുനിന്നും വെള്ളിയാഴ്ച രാവിലെയാണ് പ്രതികളെ പിടികൂടിയത്.
പ്രദേശത്ത് ലഹരി വിൽപന നടക്കുന്നതായ വിവരത്തെ തുടർന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ഇരുവരും കുടുങ്ങിയത്. എറണാകുളം പാലാരിവട്ടത്ത് കമ്പ്യൂട്ടർ കോഴ്സ് പഠിക്കുന്നതിനിടയിലുള്ള പരിചയമാണ് ഇരുവരും തമ്മിലുള്ളത്.
സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായാണ് പൊലീസ് നൽകുന്ന സൂചന. ഇതിനാൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് തൊടുപുഴ എസ്.എച്ച്.ഒ സിജോ വർഗീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
ലഹരിവസ്തുക്കളുമായി പിടിയിലായ യുവാക്കൾ


