കുറയുന്നില്ല, വീട്ടകങ്ങളിലെ നിലവിളികൾ...
text_fieldsതൊടുപുഴ: നിയമ നടപടിയും ബോധവത്കരണവും ശക്തമാകുമ്പോഴും വീട്ടകങ്ങളിലെ നിലവിളിയും നെടുവീർപ്പും തുടരുകയാണ്. പൈനാവിൽ പ്രവർത്തിക്കുന്ന വനിത സംരക്ഷണ ഓഫിസ്, സഖി വൺസ്റ്റോപ് സെന്റർ, സേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി 2024ൽ ആകെ 596 ഗാർഹിക പീഡന പരാതികളാണ് ലഭിച്ചത്.
സേവന കേന്ദ്രങ്ങളിൽ 145, വനിത സംരക്ഷണ ഓഫിസിൽ 263, സഖി വൺ സ്റ്റോപ് സെന്ററിൽ 188 എന്നിങ്ങനെ പരാതികളുണ്ട്. 2022ൽ 540, 2023ൽ 626 എന്നിങ്ങനെയായിരുന്നു പരാതികളുടെ എണ്ണം. ഈ വർഷം മാർച്ചുവരെ 72 പരാതിയും ലഭിച്ചു. പരാതികളിൽ കൂടുതലും കുടുംബങ്ങളിൽ പുരുഷന്മാരുടെ ലഹരി ഉപയോഗം കാരണമുള്ള ആക്രമണങ്ങളാണ്. മാനസിക ആരോഗ്യക്കുറവ് കാരണമുണ്ടാകാറുള്ള പീഡനങ്ങളുമുണ്ട്. ഭാര്യമാരെ സംശയം, അമിത നിയന്ത്രണം തുടങ്ങിയവ ഉദാഹരണങ്ങളാണ്.
കുട്ടികളോടുള്ള പെരുമാറ്റത്തിലെ അപാകതയും പരാതികളിലുണ്ട്. സ്ത്രീധനം സംബന്ധിച്ച പരാതികൾ മറ്റ് ജില്ലകളെക്കാൾ കുറവാണ്. ബലാത്സംഗ പരാതികളും കുറഞ്ഞിട്ടുണ്ട്. കുട്ടികളുടെ മൊബൈലിന്റെ അമിത ഉപയോഗവും കുടുംബങ്ങൾ ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ്.
വീട്ടകങ്ങളിൽ ഒതുങ്ങുന്ന പരാതികൾ
പുറത്തുവരുന്ന പരാതികളെക്കാൾ ഒരുപാട് സംഭവങ്ങൾ വീടുകളിൽ ഒതുങ്ങുന്നുണ്ട്. ആത്മവിശ്വാസക്കുറവും നിയമ അജ്ഞതയുമാണ് കാരണം. ഇതിനായി ശക്തമായ ബോധവത്കരണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ജില്ലയിലെ എസ്.ടി പ്രമോട്ടർമാർക്ക് ബോധവത്കരണ ക്ലാസുകൾ നൽകി. തുടർന്ന് ഈ മേഖലയിൽനിന്ന് കൂടുതൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. സഖി വൺ സ്റ്റോപ് സെന്ററിലൂടെ സ്കൂൾ, കോളജ്, അംഗൻവാടി തലങ്ങളിലും ബോധവത്കരമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ പലരും വിവരങ്ങൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്.
സൗജന്യ നിയമസഹായം; നാല് സേവനകേന്ദ്രം
ഗാർഹിക പീഡനങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ പരാതി ലഭ്യമായാൽ ഇരക്ക് സൗജന്യ നിയമ സഹായമടക്കം ഉറപ്പുനൽകുന്നു. പരാതി ലഭ്യമായാൽ വകുപ്പ് രണ്ടുകൂട്ടരെയും വിളിച്ചുവരുത്തി മധ്യസ്ഥ ചർച്ച നടത്തും. കൗൺസലിങ്ങാണ് ആവശ്യമെന്ന് തോന്നിയാൽ അത് ലഭ്യമാക്കും. ഇവക്കൊന്നും തയാറായില്ലെങ്കിൽ നിയമ നടപടിക്ക് പരാതിക്കാരിയുടെ സമ്മതത്തോടെ കോടതിയിലേക്ക് വിടും.
നിയമസഹായം സൗജന്യമാണ്. കഴിഞ്ഞവർഷം 94 കേസുകൾ കോടതിയിലേക്ക് വിട്ടു. 236 പേർക്ക് കൗൺസലിങ് നൽകി. 94 പേർക്ക് അഭയ കേന്ദ്രമൊരുക്കി. ജില്ലയിൽ കട്ടപ്പന സെന്റ് ജോൺ ഓഫ് ഗോഡ്, പൈനാവ് കുയിലിമല ആശ്രയ എന്നിങ്ങനെ രണ്ട് അഭയകേന്ദ്രങ്ങളുണ്ട് (ഷെൽട്ടർ ഹോം). തൊടുപുഴ സേവ്യർ ഹോം, അടിമാലി സോപാനം, കുമളി വെസാർഡ് എന്നിവയും വനിത വികസന കൗൺസിലിന് കീഴിൽ ചെറുതോണിയിൽ പ്രവർത്തിക്കുന്ന കേന്ദ്രം ഉൾപ്പെടെ നാല് സേവന കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്.