രജിസ്ട്രേഷൻ അനവധി, തൊഴിലോ പരിമിതം..!
text_fieldsതൊടുപുഴ: ജില്ലയിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത് തൊഴിലിനായി കാത്തിരിക്കുന്നത് മുക്കാൽ ലക്ഷത്തിലേറെ പേർ. ജില്ലയിലെ വിവിധ എക്സ്ചേഞ്ചുകളിലായി 74,227 പേരാണ് രജിസ്റ്റർ ചെയ്ത് തൊഴിലിനായി കാത്തിരിക്കുന്നത്. പിന്നാക്ക ദുർബല വിഭാഗങ്ങൾ ഏറെയുളള ജില്ലയിലാകട്ടെ എംപ്ലോയ്മെന്റ് വഴി നടക്കുന്ന നിയമനങ്ങൾ തീരെ കുറവുമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഭൂരിഭാഗവും താൽക്കാലിക നിയമനങ്ങൾ
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തവരിൽ നിന്ന് നാല് വർഷത്തിനിടെ ജില്ലയിൽ നിയമനം ലഭിച്ചത് 1537 പേർക്കാണ്. ഇതിൽ ഭൂരിഭാഗവും ആറ് മാസത്തേക്കുളള താൽക്കാലിക നിയമനങ്ങളുമാണ്. വിവിധ വകുപ്പുകൾക്ക് കീഴിൽ താൽക്കാലിക നിയമനങ്ങൾ നടക്കാറുണ്ടെങ്കിലും പലതിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ നോക്കുകുത്തി റോളായിരുന്നു.
സർക്കാരിന് കീഴിലുളള വിവിധ പ്രോജക്ടുകളിലും മിഷനുകളിലുമെല്ലാം താൽക്കാലിക ഒഴിവുകളേറെയാണ്. എന്നാൽ നിയമനങ്ങളെല്ലാം സ്വന്തം നിലയിലാണ്. ഇത് വഴി നിയമനം ലഭിക്കുന്നതാകട്ടെ അതത് സമയത്തെ സർക്കാരുകളും ഭരണകക്ഷിയുമായി ബന്ധപ്പെട്ടവർക്കാണെന്നുമാത്രം. ഇതിനായി വകുപ്പുകൾ തന്നെ പ്രത്യേക നിയമന നടപടികൾ നടത്തുന്നുമുണ്ട്.
സർക്കാർ നിർദേശത്തിന് പുല്ലുവില
നിയമനം പി.എസ്.സിക്ക് വിടാത്ത വിവിധ സർക്കാർ വകുപ്പുകളിലെ ഒഴിവുകളിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നിലവിലുളള സീനിയോറിറ്റി പട്ടികയുടെ അടിസ്ഥാനത്തിൽ നിയമനം നടത്തണമെന്ന് കാട്ടി 2019 മാർച്ച് 24 ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ ആറ് വർഷം പിന്നിടുമ്പോഴും ഉത്തരവ് പ്രഹസനമായി തുടരുകയാണ്. വകുപ്പ് മേധാവികളാകട്ടെ ഈ നിർദേശം കണ്ടതായി പോലും നടിക്കാറില്ല. ഇത്തരത്തിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത വകുപ്പ് മേലധികാരികൾക്കെതിരെ യാതൊരു നടപടിയുമുണ്ടാകാറില്ല. തൊഴിൽ വകുപ്പിനാകട്ടെ ഇതിന് കാര്യമായ അധികാരങ്ങളുമില്ല.
നിയമനം കാത്ത് സീനിയോറിറ്റി ലിസ്റ്റുകൾ
യോഗ്യതയുടെയും പ്രായത്തിൻറെയും അടിസ്ഥാനത്തിൽ നിയമന മുൻഗണന നൽകുന്നതിനായി തയ്യാറാക്കിയ ആയിരക്കണക്കിന് പേരടങ്ങുന്ന സീനിയോറിറ്റി ലിസ്റ്റുകളാണ് ഓരോ എക്സ്ചേഞ്ച് ഓഫീസുകളിലുമുളളത്. മൂന്ന് വർഷം കൂടുമ്പോൾ തയ്യാറാക്കുന്ന ഇത്തരം പട്ടികകൾ ആറ് മാസത്തിലൊരിക്കൽ അവലോകനം ചെയ്ത് അർഹരായവരെ ഉൾപ്പെടുത്താറുമുണ്ട്.എന്നാൽ പട്ടികയിലുള്ളവരിൽ നേരിയ ശതമാനം ആളുകൾക്ക് മാത്രമേ ഓരോ വർഷവും താൽക്കാലികമായെങ്കിലും ജോലി ലഭിക്കാറുളളൂ.
വല്ലപ്പോഴുമൊക്കെ വകുപ്പുകൾ വഴിപാട് പോലെ നൽകുന്ന ഒഴിവുകളിലേക്ക് ഈ പട്ടികയിൽ നിന്നാണ് ആളുകളെ നിർദേശിക്കുന്നത്. എന്നാൽ ഇത് കൊണ്ടും ജോലി ലഭിക്കുമെന്നുറപ്പില്ല. അതിനായി പിന്നീട് ബന്ധപ്പെട്ട വകുപ്പ് നടത്തുന്ന പരീക്ഷയും അഭിമുഖവും ഒപ്പം ‘ശിപാർശ’യുമൊക്കെ സാധാരണമാണ്. ഇത്തരത്തിൽ സർക്കാർ സംവിധാനങ്ങൾ തന്നെയാണ് സാധാരണ തൊഴിലന്വേഷകൻറെ പ്രതീക്ഷയായ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കുകുത്തിയാക്കുന്നത്.