ചങ്ക് തകര്‍ന്ന് കര്‍ഷകര്‍
text_fieldsകുത്തകക്കമ്പനികളുടെ ഒത്തുകളി; കൊക്കോ വില ഇടിയുന്നു
ഉൽപാദന പ്രതിസന്ധിക്കിടെ കുത്തക കമ്പനികളുടെ ഒത്തുകളി കൊക്കോ വില ഇടിയുന്നു. കഴിഞ്ഞ ആഴ്ചവരെ 350ന് മുകളില്‍ വിലയുണ്ടായിരുന്ന കൊക്കോക്ക് ഇപ്പോള്‍ 320 രൂപയാണ് വില. കഴിഞ്ഞ വര്‍ഷം 1200ന് മുകളില്‍ വിലവന്ന കൊക്കോയ്ക്കാണ് ഈ തകര്‍ച്ച. ഈ വര്‍ഷം തുടക്കത്തില്‍ 700 രൂപവരെ വില ഉണ്ടായിരുന്നു.
കുത്തക കമ്പനികള്‍ ഒത്തുകളിക്കുന്നതിനാല്‍ കൊക്കോയുടെ വില ഇടിയുകയാണ്. കര്‍ഷകരെ സഹായിക്കേണ്ട സര്‍ക്കാര്‍ വകുപ്പുകള്‍ നോക്കുകുത്തിയായി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊക്കോ ഉൽപാദിപ്പിക്കുന്ന ഇടുക്കിയിലാണ് കര്‍ഷകര്‍ വിലയിടിവുമൂലം നട്ടം തിരിയുന്നത്. ഒരുമാസം മുമ്പുവരെ ഉണക്ക പരിപ്പ് കിലോക്ക് 350 വരെയും പച്ചപരിപ്പിന് 90 രൂപ വരെയും ലഭിച്ചിരുന്നു. ഇതിനിടെ കൊക്കോ പരിപ്പ് വാങ്ങുന്നത് ഇടനിലക്കാരായ വ്യാപാരികള്‍ നിര്‍ത്തിയതോടെയാണ് കര്‍ഷകര്‍ പ്രതിസന്ധിയിലായത്.
ഇതോടൊപ്പം കര്‍ഷകരില്‍നിന്ന് കൊക്കോ പരിപ്പ് നേരിട്ട് വാങ്ങുന്ന ചെറുകിട വ്യാപാരികളും വെട്ടിലായി. ഇവര്‍ വാങ്ങിയ ഉൽപന്നങ്ങള് വില്ക്കാന് കഴിയാതെ വന്നതാണ് ചെറുകിട വ്യാപാരികളെ വെട്ടിലാക്കിയത്. പൊതുമേഖല സ്ഥാപനമായ കാംകോയും കാഡ്ബറീസ് കമ്പനിയുമാണ് പ്രധാനമായി കൊക്കോ വാങ്ങിയിരുന്നത്. ഇവര്‍ പെട്ടെന്ന് വിപണിയില്‍നിന്ന് പിന്‍വാങ്ങിയതാണ് പ്രതിസന്ധിക്ക് കാരണം.
അടുത്ത ദിവസങ്ങളില്‍ ഇടത്തരം വ്യാപാരികള്‍ കൊക്കോപരിപ്പ് വാങ്ങുന്നത് പുനരാരംഭിച്ചിട്ടുണ്ടെങ്കിലും പ്രതീക്ഷിച്ച വില ലഭിക്കുന്നില്ലെന്നത് കര്‍ഷകരുടെ ദുരിതം വര്‍ധിപ്പിക്കുകയാണ്. ഗുണനിലവാരമുള്ള ഉണക്കപരിപ്പ് മാത്രം തിരിഞ്ഞുനല്കിയാല് കിലോക്ക് 300 രൂപവരെയാണ് ലഭിക്കുന്നത്. പച്ചക്ക് കിലോക്ക് 80 മുതല്‍ 90 വരെ മാത്രമാണ് വില.
ഇടനിലക്കാരുടെ ചൂഷണം
വിവിധ കമ്പനികളും ഇവരുടെ ഇടനിലക്കാരും ചൂഷണം ചെയ്യുന്നുവെന്ന് കര്‍ഷകര്‍ പറയുന്നു. ഒരു മാസം മുമ്പുവരെ കൊക്കോപരിപ്പിനും പച്ചക്കും ഭേദപ്പെട്ട വില ലഭിച്ചിരുന്നു. സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന ഗുണനിലവാരം കൂടുതലുള്ള കൊക്കോയാണ് ഇടുക്കിയിലേത്. എന്നാല്‍, ഗുണമേന്മ കുറവാണെന്ന കാരണം പറഞ്ഞ് കമ്പനികളും പ്രതിനിധികളും പിറകോട്ടുപോയതിനു പിന്നില്‍ കമ്പനികളും ഇടത്തരം വ്യാപാരികളും തമ്മിലുള്ള ഒത്തുകളിയാണ്.
ശാസ്ത്രീയമായല്ല കര്‍ഷകരില്‍ ഭൂരിപക്ഷവും കൊക്കോ പരിപ്പ് ഉണങ്ങുന്നതെന്നാണ് ഇടനിലക്കാരായ വ്യാപാരികളുടെ പക്ഷം. അടുത്ത നാളില്‍ കമ്പനികള്‍ ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചതോടെ ഗുണമേന്മയോടുകൂടി ഉണങ്ങുന്ന കായ്കള്‍ മാത്രം വാങ്ങാന്‍ നിര്‍ബന്ധിതരാകുകയാണ്.
പച്ച കായ് ഉണങ്ങുന്നതിനായി നിശ്ചിത ദിവസം പുളിപ്പിക്കുന്നതിനും മറ്റും കര്‍ഷകര്‍ കൂട്ടാക്കുന്നില്ല. ഇതോടൊപ്പം വേണ്ടത്ര സമയമെടുത്ത് ഉണങ്ങുന്നതിനും കൂട്ടാക്കാത്ത സാഹചര്യമാണ് കണ്ടുവരുന്നത്. കമ്പനികള്‍ നിഷ്കര്‍ഷിക്കും വിധം ഉണങ്ങുന്ന കൊക്കോപരിപ്പ് വാങ്ങുന്നതിന് തടസ്സമില്ലെന്നും വ്യാപാരികള്‍ പറയുന്നു. അതേസമയം, ഇടനിലക്കാരായ വ്യാപാരികളുടെ ആരോപണത്തില്‍ കഴമ്പില്ലൊണ് കര്‍ഷകര്‍ പറയുന്നത്.
കൊളുന്ത് ഉൽപാദനം കൂടി; പ്രയോജനമില്ലാതെ ചെറുകിട കർഷകർ
ഫാക്ടറികൾ വിലയിടിക്കുന്നതാണ് തൊഴിലാളികൾക്കും കർഷകർക്കും തിരിച്ചടിയായത്
കൊളുന്ത് ഉൽപാദനം കൂടിയെങ്കിലും പ്രയോജനം കിട്ടാതെ പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികളും ഹൈറേഞ്ചിലെ ചെറുകിട തേയില കർഷകരും. ഫാക്ടറികൾ വിലയിടിക്കുന്നതാണ് തൊഴിലാളികൾക്കും കർഷകർക്കും തിരിച്ചടിയായത്. ഒരു മാസമായി ലഭിച്ച വേനൽ മഴയാണ് കൊളുന്ത് ഉൽപാദനം കൂടാൻ സഹായകമായത്.
എന്നാൽ, ഇതിന്റെ പ്രയോജനം ഇവർക്ക് ലഭിക്കുന്നില്ല. പൂട്ടിക്കിടക്കുന്ന ചീന്തലാർ, ലോൺട്രി, കോട്ടമല, ബോണാമി തോട്ടങ്ങളിലെ തൊഴിലാളികൾ സംയുക്ത ട്രേഡ് യൂനിയനുകൾ വീതിച്ചു നൽകിയ പ്ലോട്ടുകളിൽനിന്ന് കൊളുന്ത് നുള്ളിയാണ് ഉപജീവനം നടത്തുന്നത്. ഇടനിലക്കാരാണ് ഇവരിൽനിന്ന് കൊളുന്ത് വാങ്ങി ഫാക്ടറികളിൽ എത്തിക്കുന്നത്. അതുപോലെ തന്നെ ഹൈറേഞ്ചിൽ ആയിരക്കണക്കിന് ചെറുകിട തേയില കർഷകരുണ്ട്. കൊളുന്തിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന കർഷകരും ഇക്കൂട്ടത്തിലുണ്ട്.
ഒരു കിലോ കൊളുന്തിന്റെ വില 18 രൂപയായി ഒരാഴ്ച മുമ്പു ഒരു കിലോ കൊളുന്തിന് 24 രൂപ തൊഴിലാളികൾക്കും കർഷകർക്കും ലഭിച്ചിരുന്നു. ഈ സമയം ഉൽപാദനം തീരെ കുറവായതിനാൽ ഉയർന്ന വിലയുടെ ആനുകൂല്യം ഇവർക്ക് കിട്ടിയില്ല. എന്നാലിപ്പോൾ ഒരു കിലോ കൊളുന്തിന്റെ വില 18 രൂപയായി കുറഞ്ഞു.
ഒരാഴ്ചകൊണ്ട് ആറ് രൂപയാണ് ഇടിഞ്ഞത്. ഇനിയും വില കുറയുമെന്ന സൂചനയാണ് ഫാക്ടറികൾ നൽകുന്നതെന്ന് എജന്റുമാർ പറയുന്നു. വേനൽ മഴയിലുണ്ടായ കൊളുന്തായതിനാൽ ഗുണമേന്മ കുറവാണെന്ന് പറഞ്ഞ് വിലയിടിക്കുക, വെള്ളത്തിന്റെ പേരിൽ തൂക്കം കുറക്കുക തുടങ്ങിയ ചൂഷണംകൂടി തൊഴിലാളികളും കർഷകരും നേരിടേണ്ടി വരുന്നുണ്ട്.
സ്വന്തമായി ഫാക്ടറിയുള്ള വൻകിട തോട്ടം ഉടമകൾക്ക് എസ്റ്റേറ്റുകളിൽനിന്ന് ആവശ്യത്തിന് കൊളുന്ത് കിട്ടുന്നുണ്ട്. പുറത്തുനിന്ന് കൊളുന്ത് വാങ്ങുന്ന ഫാക്ടറികൾ തമ്മിൽ ആലോചിച്ചാണ് വില നിശ്ചയിക്കുന്നത്. വിപണിയിൽ കൊളുന്തിന്റെ വില നിശ്ചയിക്കുന്നതിന് നിയമപരമായ സംവിധാനവുമില്ല. ഇതുകാരണം കിട്ടുന്നത് വാങ്ങേണ്ട ഗതികേടിലാണ് തൊഴിലാളികളും ചെറുകിട കർഷകരും.