ഒടുവിൽ ആനന്ദക്കണ്ണീർ; 'മരിച്ച' കുഞ്ഞ് തിരിച്ചുവന്നു
text_fieldsതേനി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടി
കുമളി: നൊന്തുപെറ്റ കുഞ്ഞ് മരിച്ചെന്നറിഞ്ഞ് മനംപൊട്ടി നിലവിളിച്ച മാതാവിെൻറ കണ്ണീർ മണിക്കൂറുകൾക്കുള്ളിൽ ആനന്ദത്തിേൻറതായി. തേനി ജില്ലയിലെ പെരിയകുളം താമരക്കുളത്താണ് സംഭവം.
കൂലിത്തൊഴിലാളിയായ രാജയുടെ ഭാര്യ വാനരശി (30) തേനി സർക്കാർ ആശുപത്രിയിൽ ഞായറാഴ്ച പെൺകുഞ്ഞിന് ജന്മം നൽകി. പിറന്നുവീണ കുഞ്ഞ് മരണപ്പെട്ട നിലയിലാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞതോടെ മാതാവ് കണ്ണീരിലായി. കുഞ്ഞിനെ സംസ്കരിക്കുന്നതിന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് ശ്മശാനത്തിലേക്ക് കൊണ്ടുപോയി.
ഇവിടെ കുഴിയെടുത്ത് അടക്കം ചെയ്യാൻ ഒരുങ്ങുന്നതിനിടെയാണ് കുഞ്ഞിെൻറ കൈകാലുകൾ ചലിച്ചത്. ഇതോടെ അത്ഭുതവും സന്തോഷവും നിറഞ്ഞ ബന്ധുക്കൾ കുഞ്ഞിനെയുമായി ആശുപത്രിയിലേക്ക് പാഞ്ഞു.
മണിക്കൂറുകൾക്കുമുമ്പ് മരണപ്പെട്ടെന്ന് കരുതിയ കുഞ്ഞ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയപ്പോൾ അമ്മയുടെ സങ്കടം സന്തോഷത്തിന് വഴിമാറി. ആശുപത്രിയിൽ പ്രത്യേക പരിചരണത്തിൽ കുഞ്ഞും അമ്മയും സുഖമായിരിക്കുന്നതായി അധികൃതർ പറഞ്ഞു.


