പരീതിനെ കാത്തിരിപ്പുണ്ട് പ്രാവിൻ കൂട്ടങ്ങൾ
text_fieldsപരീത് പ്രാവുകൾക്ക് തീറ്റ നൽകുന്നു
ഉടുമ്പന്നൂര്‍: പരീതും പ്രവുകളും തമ്മിൽ സൗഹൃദം തുടങ്ങിയിട്ട് 15 വര്‍ഷത്തിലേറെയായി. ഉടുമ്പന്നൂര്‍ ടൗണില്‍ ഉന്തുവണ്ടിയില്‍ കടല വില്പന നടത്തുന്നയാളാണ് കമ്പനി കപ്പിലാങ്ങാട് കാരകുന്നേല്‍ പരീത്. രാവിലെ 8.30ഓടെ ഉന്തുവണ്ടിയുമായി ടൗണിൽ എത്തും. അവിടെ പരീതിനെ കാത്ത് ഒരുകൂട്ടം പ്രവുകള്‍ ഉണ്ടാകും. അകലെനിന്നേ ഉന്തുവണ്ടി കാണുമ്പോൾ ഇവയെല്ലാംകൂടി കുറുകി ഒച്ചയുണ്ടാക്കി തുടങ്ങും.
പിന്നെ വട്ടംചുറ്റി പറക്കും. ഉന്തുവണ്ടി അടുത്തെത്തിയാല്‍ ഇവയെല്ലാം പരീതിന്റെ വട്ടംകൂടും. ചിലതൊക്കെ തോളിലും കൈയിലും തലയിലുമൊക്കെ കയറിയിരിക്കും. പരീത് കരുതിക്കൊണ്ടുവന്ന അരി കെട്ടഴിച്ച് റോഡിൽ വിതറും. പ്രവുകൾ ഇവയെല്ലാം കൊത്തിത്തിന്ന് പരീതിന്റെ ചുറ്റും ഒന്നുകൂടി വലംവെച്ച് കൂടുകളിലേക്ക് പോകും.
വൈകീട്ട് ടൗണിൽ തന്നെ കുറച്ചകലെയാണ് പരീതുണ്ടാവുക. അവിടെയും എത്തും ഇവയെല്ലാം. നാലുമണിയാകുമ്പോള്‍ ഇവിടെയും ഇവയക്ക് അരിനല്‍കും.ചിലതിന് കടല നിർബന്ധമാണ്. അവക്ക് അതും നല്‍കും. റേഷനരിയാണ് പ്രവുകള്‍ക്ക് നല്‍കുന്നത്. ആവശ്യത്തിനുള്ള അരി പ്രാവുകൾക്കായി വാങ്ങിസൂക്ഷിക്കും. ഭാര്യ സുബൈദ എല്ലാ ദിവസവും പരീത് ഇറങ്ങുമ്പോൾ മറക്കാതെ അരികൊടുത്തുവിടും.