അഞ്ച് വർഷം; 5964 കോടിയുടെ പദ്ധതികൾ
text_fieldsതൊടുപുഴ: അഞ്ച് വർഷത്തിനിടെ ജില്ലയിൽ വിവിധ വകുപ്പുകൾ മുഖേന 5964 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കിയതായി സർക്കാർ രേഖ. ഇടുക്കിയുടെ സമഗ്രവികസനത്തിനായി സർക്കാർ ആവിഷ്കരിച്ച ഇടുക്കി പാക്കേജിലെ വിവിധ പദ്ധതികൾ ഇഴഞ്ഞുനീങ്ങുമ്പോഴാണ് ഇതര വികസനപദ്ധതികൾ നടപ്പാക്കിയതായി സർക്കാർ വ്യക്തമാക്കുന്നത്. ജില്ലയുടെ സാമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നാണ് സർക്കാർ വിശദീകരണം. എം.എം. മണി എം.എൽ.എയുടെ നിയമസഭ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്.
മറ്റു ഏജന്‍സികള്‍ മുഖേന 2162 കോടിയുടെ പദ്ധതികൾ
2019-20 മുതല്‍ 2024-25 വരെ സാമ്പത്തികവര്‍ഷങ്ങളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ മുഖേന 5964 കോടി രൂപയുടെ വിവിധ പദ്ധതികള്‍ ജില്ലക്കായി നടപ്പിലാക്കിയെന്നാണ് അധികൃതർ പറയുന്നത്. ഇതോടൊപ്പം മറ്റു ഏജന്‍സികള്‍ മുഖേന ഇക്കാലയളവില്‍ 2162 കോടി രൂപയുടെ പദ്ധതികളും നടപ്പിലാക്കി. ഇതടക്കം ആകെ 8126 കോടി രൂപയുടെ പദ്ധതികള്‍ ഇക്കാലയളവിൽ നടപ്പാക്കിയതായും രേഖകൾ വ്യക്തമാക്കുന്നു.
ജില്ലയുടെ സാമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി ജില്ല വികസന സമിതികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, സഹകരണമേഖല അടക്കമുളളവയെ സംയോജിപ്പിച്ചാണ് പദ്ധതികൾ നടപ്പാക്കിയത്. ഇക്കാലയളവില്‍ 1158 കോടി രൂപയുടെ പദ്ധതികള്‍ കെ.എസ്.ഇ.ബി വഴി നടപ്പാക്കി. അതില്‍ 20 വലിയ പദ്ധതികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
ഇതോടൊപ്പം 21 പദ്ധതികള്‍ പൂര്‍ത്തീകരണഘട്ടത്തിലാണ്. 49.89 കോടി രൂപയുടെ പ്രവൃത്തി ഡി.ഐ.സി വഴിയും 463 കോടി രൂപയുടെ പ്രവൃത്തി പൊതുമരാമത്ത് (റോഡ്) വിഭാഗത്തിലൂടെയും നടപ്പിലാക്കിയിട്ടുണ്ട്. ഇതിനുപുറമേ 18 കോടി രൂപയുടെ പദ്ധതികള്‍ കിന്ഫ്രയിലൂടെയും വിവിധ വകുപ്പുകളുടെ പദ്ധതി സംയോജനത്തിലൂടെ 3491 കോടി രൂപയുടെ പദ്ധതികളും ജില്ലയിൽ നടപ്പിലാക്കിയതായും സർക്കാർ രേഖകൾ വ്യക്തമാക്കുന്നു. ഇതോടൊപ്പം തദ്ദേശസ്വയം സ്ഥാപനങ്ങള്‍ക്കായി അനുവദിച്ച ബജറ്റ് വിഹിതം ഉള്‍പ്പെടെ 2945 കോടി രൂപയുടെ വിവിധ പദ്ധതികളും ജില്ലയില്‍ നടപ്പിലാക്കിയതായും കണക്കുകളിലുണ്ട്.
മെല്ലെപ്പോക്കിൽ താളംതെറ്റി ഇടുക്കി പാക്കേജ്
ഇതേസമയം ജില്ലയിൽ കോടികളുടെ വികസന അവകാശവാദങ്ങളുമായി സർക്കാർ രംഗത്തുളളപ്പോഴും ഏറെ പ്രചാരണത്തോടെ ആരംഭിച്ച ഇടുക്കി വികസന പാക്കേജിലെ പദ്ധതികൾക്ക് മെല്ലെപ്പോക്കാണ്. ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലായി നടപ്പാക്കുന്ന പദ്ധതികളിൽ നാമമാത്രമായെങ്കിലും പൂർത്തിയായത് ഒരെണ്ണം മാത്രമാണ്. മറ്റെല്ലാം പാതിവഴിയിലോ പ്രാരംഭദശയിലോ തുടരുകയാണ്.
പാക്കേജിന്റെ ഭാഗമായി ബജറ്റിൽ എല്ലാ സാമ്പത്തിക വർഷവും 75 കോടി രൂപ വകയിരുത്തുന്നുണ്ടെങ്കിലും സർക്കാർ സാങ്കേതിക അനുമതി നൽകുന്നത് ഇതിന്റെ പകുതിയോളം തുകക്ക് മാത്രമാണ്. തുകയുടെ ദൗർലഭ്യവും വകുപ്പുകളുടെ ഏകോപനമില്ലായ്മയുമാണ് പദ്ധതിക്ക് തിരിച്ചടിയാകുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കേ, വീണ്ടും പദ്ധതി നടത്തിപ്പിൽ മെല്ലെപ്പോക്കിന് സാധ്യതയേറി. വിവിധ വകുപ്പുകള്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് പുറമെ പാക്കേജില്‍ നിർദേശിക്കുന്ന പദ്ധതികള്‍ ജില്ലതലത്തില്‍ എറ്റെടുക്കുന്നതിന് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ആദ്യവര്‍ഷം മുതല്‍ (2022-23) 75 കോടി രൂപ ബജറ്റില്‍ വകയിരുത്തിവരുന്നുണ്ട്.