വീടുകൾ പാതിവഴിയിൽ; ആദിവാസി സമൂഹം ദുരിതത്തിൽ
text_fieldsഅടിമാലി: തുലാവർഷം തിമിർത്തു പെയ്യുമ്പോഴും സുരക്ഷിത വാസസ്ഥലമില്ലാതെ ഗോത്രസമൂഹം. വിവിധ പദ്ധതികളിലാരംഭിച്ച വീടുനിർമാണം പല കാരണങ്ങളാൽ നീണ്ടു പോകുന്നതോടെ പല ഊരുകളിലും ജീവിതം ദുരിതപൂർണം. ഉൾവനത്തിലും വനയോരത്തും താൽക്കാലിക കൂരകെട്ടി കഴിയുന്നവർ മഴ കനത്തതോടെ കടുത്ത പ്രയാസത്തിലായി. സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി, ആദിവാസികൾ കൂടുതൽ വസിക്കുന്ന അടിമാലി, മാങ്കുളം, വട്ടവട, മറയൂർ, കാന്തലൂർ പഞ്ചായത്തുകളിലാണ് ദുരിതജീവിതം.
ഉണ്ടായിരുന്ന വീടുകൾ പൊളിച്ചുമാറ്റിയാണ് നിർമാണം ആരംഭിച്ചത്. അതിൽ പലതും തറയിലും ഭിത്തിയിലുമായി കിടക്കുന്നു. വിവിധ ഘട്ടങ്ങളിലെ ഗഡു തുക ലഭിക്കാത്തതും കരാർ ഏറ്റെടുത്തവർ മുഴുവൻ തുകയുമായി മുങ്ങിയതും തിരിച്ചടിയായി. താലൂക്കിലെ ഓരോ ആദിവാസി ഉന്നതിയിലും 5 -10 വീടുകൾ നിർമാണം പൂർത്തിയാകാതെ കിടക്കുന്നുണ്ട്.
കൂടുതലും ഇടമലക്കുടിയിൽ
ഇടമലക്കുടി പഞ്ചായത്തിലാണ് ഇതിൽ കൂടുതലും. പകലും കാട്ടാനയെത്തുന്നതാണു പല ഉന്നതികളും. ഇരുട്ടുവീണാൽ പുറത്തിറങ്ങാനാവാത്ത അവസ്ഥ. മാസങ്ങളോളം മഴക്കാലം നീണ്ടതോടെ കഷ്ടപ്പാടുകൾക്കു കണക്കില്ല. കൈക്കുഞ്ഞുമായി മഴയും തണുപ്പുമേറ്റുള്ള ജീവിതം ദുഷ്കരമായെന്നു ഗുണഭോക്താക്കളിലൊരാളായ മാരിയപ്പൻ പറയുന്നു. ഭാഗ്യ ലഷ്മിയുടെ വീട് നിർമാണം രണ്ട് വർഷം മുമ്പ് പൂർത്തിയായെങ്കിലും ഫണ്ട് ലഭിക്കാതെ കുടുംബം കടക്കെണിയിൽ മുങ്ങി. അധികൃതർ അനാവശ്യ രേഖകൾ ചോദിച്ചു വലയ്ക്കുന്നെന്നാണു പരാതി.
ലൈഫ് മിഷൻ പദ്ധതിയിൽ വീടുകൾക്ക് നിർമാണ അനുമതി ആവശ്യമാണെങ്കിലും പട്ടികവർഗ സങ്കേതങ്ങളിലെ പട്ടികവർഗ ഗുണഭോക്താക്കൾക്ക് പെർമിറ്റ് ആവശ്യമില്ലെന്ന് സർക്കാർ ഉത്തരവുണ്ട്. ബന്ധപ്പെട്ടവരുടെ സാക്ഷ്യപത്രം നൽകി നടപടി തുടരാമെന്നാണ് ഉത്തരവ്. എന്നാൽ ഇതിനും വലിയ വെല്ലുവിളി ഉണ്ടാകുന്നു. സ്വന്തമായി ഭൂമിയോ രേഖയോ ഇല്ലാത്തവരുടെ കാര്യത്തിൽ ഇതു മാത്രമേ സാധ്യമാകൂവെങ്കിലും ഉദ്യോഗസ്ഥർ ഗുണഭോക്താക്കളെ കഷ്ടപ്പെടുത്തുകയും ഫണ്ട് നൽകാതെ താമസം വരുത്തുകയും ചെയ്യുന്നതായാണു പരാതി. സാങ്കേതികകാരണങ്ങൾ പറഞ്ഞു പാവപ്പെട്ടവരെ വലയ്ക്കുകയാണെന്നാണ് ആരോപണം.


