ഇടുക്കി ജലവൈദ്യുതി പദ്ധതി 50 ന്റെ നിറവിലേക്ക്
text_fieldsഇടുക്കി ഡാമിന്റെ നിർമാണജോലികൾ വീക്ഷിക്കുന്ന അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടും ഭാര്യയും വൈദ്യുതിമന്ത്രി എം.എൻ. ഗോവിന്ദൻ നായരും (ഫയൽ)
ചെറുതോണി: കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഇടുക്കി ജലവൈദ്യുതി പദ്ധതിക്ക് ബുധനാഴ്ച 49 വർഷം തികയുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമായ ഇടുക്കി 1976 ഫെബ്രുവരി 12ന് രാവിലെ ഒമ്പതിനാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി രാഷ്ട്രത്തിന് സമർപ്പിച്ചത്. നിരവധി പ്രതിസന്ധികൾ തരണം ചെയ്തായിരുന്നു കേരളത്തിന്റെ അഭിമാന പദ്ധതിയുടെ പൂർത്തീകരണം.
1956ൽ സംസ്ഥാനവും 1957ൽ കേന്ദ്ര ജലവൈദ്യുതി കമീഷനും ഡാമിന്റെ സാധ്യതപഠനം നടത്തി. 1961ൽ രൂപകൽപന പൂർത്തിയായി. 1963ൽ പ്ലാനിങ് കമീഷൻ അംഗീകരിച്ചു. തുടർന്ന് പദ്ധതിയുടെ സാമ്പത്തിക ചുമതല കെ.എസ്.ഇ.ബി ഏറ്റെടുത്തു. 1966ൽ ഇടുക്കി പദ്ധതിക്ക് കാനഡ സഹായം വാഗ്ദാനം ചെയ്തു. 1967ൽ ഇരുരാജ്യങ്ങളും കരാർ ഒപ്പിട്ടു. 1962ൽ നിർമാണം ആരംഭിച്ചു. ആദ്യം വനം വെട്ടിത്തെളിച്ച് റോഡും പാലങ്ങളുമാണ് നിർമിച്ചത്. വ്യത്യസ്തമായ മൂന്ന് അണക്കെട്ടുകളാണ് ഇടുക്കി പദ്ധതിക്കുള്ളത്. ഇടുക്കിയിൽ പെരിയാറിനു കുറുകെയും ചെറുതോണി ആറിനു കുറുകെ ചെറുതോണിയിലും കിളിവള്ളിത്തോടുമായി യോജിപ്പിച്ച് കുളമാവിലുമായാണ് ഡാമുകൾ. ഈ വെള്ളം തുരങ്കത്തിലൂടെ മൂലമറ്റത്തെ ഭൂഗർഭ നിലയത്തിൽ എത്തിച്ചാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. ഉയരംകൊണ്ട് ഇന്ത്യയിൽ രണ്ടാമത്തെയും ലോകരാഷ്ട്രങ്ങളിൽ 36ാ മത്തേതുമാണ് ഇടുക്കി ഡാം.
ഡാമിന്റെ പിറവി
1919ൽ ഇറ്റലിക്കാരനായ ജേക്കബ് എന്ന എൻജിനീയറാണ് ഇടുക്കിയിൽ അണക്കെട്ടിന്റെ സാധ്യത ആദ്യം നിർദേശിച്ചത്. എന്നാൽ, തിരുവിതാംകൂർ സർക്കാർ ആ നിർദേശം തള്ളി. പിന്നീട് 1922ൽ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യു.ജെ. ജോൺ നായാട്ടിന് എത്തിയപ്പോൾ സഹായിയായി ഒപ്പമുണ്ടായിരുന്ന കരുവെള്ളായൻ കൊലുമ്പൻ എന്നയാൾ കുറവൻ-കുറത്തി മലകൾക്കിടയിലൂടെ കുതിച്ചൊഴുകുന്ന പെരിയാർ കാണിച്ചുകൊടുത്തതാണ് ഡാമിന്റെ പിറവിയിലേക്ക് നയിച്ചത്. ഇവിടെ അണകെട്ടി വൈദ്യുതി ഉൽപാദിപ്പിക്കാമെന്ന് ജോൺ, 1932ൽ തിരുവിതാംകൂർ സർക്കാറിനെ അറിയിച്ചു.
തുടർന്ന് തിരുവിതാംകൂർ സർക്കാർ നിയമിച്ചതനുസരിച്ച് ഇറ്റലിക്കാരായ ആൻജലോ, ഒമേദയോ, ക്ലാന്തയൊ മാസെലെ എന്നീ എൻജിനീയർമാർ 1937ൽ ഇടുക്കിയിലെത്തി പഠനം നടത്തി. 1947ൽ തിരുവിതാംകൂർ സർക്കാറിൽ ഇലക്ട്രിക്കൽ എൻജിനീയറായിരുന്ന ജോസഫ് ജോൺ വിശദറിപ്പോർട്ട് തയാറാക്കി. തുടർന്നാണ് ഇടുക്കിയിലും ചെറുതോണിയിലും അണകെട്ടി മൂലമറ്റത്ത് വൈദ്യുതിനിലയം സ്ഥാപിക്കാമെന്ന് തീരുമാനമുണ്ടായത്.