ഇടുക്കി റവന്യൂ ജില്ല സ്കൂൾ കായികമേള; കപ്പടിച്ച് കട്ടപ്പന
text_fieldsഇടുക്കി റവന്യൂ ജില്ല സ്കൂൾ കായികമേളയിൽ 401പോയന്റുമായി ഓവറോൾ കിരീടം നേടിയ കട്ടപ്പന വിദ്യാഭ്യാസ ഉപജില്ല ടീം
നെടുങ്കണ്ടം: ജില്ലയുടെ കൗമാര കായിക കിരീടം തുടർച്ചയായ നാലാം വട്ടവും നിലനിർത്തി കട്ടപ്പന. മൂന്ന്ദിനം നീണ്ട പതിനെട്ടാമത് റവന്യു ജില്ല സ്കൂൾ കായികോത്സവത്തിൽ കട്ടപ്പന ഉപജില്ല ജേതാക്കളായി. 401 പോയന്റിന്റെ സമഗ്രാധിപത്യവുമായാണ് ഉപജില്ലയുടെ കിരീടം ചൂടൽ. 46 സ്വർണവും 27 വെള്ളിയും 31 വെങ്കലവുമാണ് ഉപ ജില്ലയുടെ സമ്പാദ്യം. രണ്ടാമതുള്ള അടിമാലി ഉപ ജില്ലക്ക് 242 പോയന്റുണ്ട്.
23 സ്വർണവും 27 വെള്ളിയും 25 വെങ്കലവുമാണിവർ നേടിയത്. 106 പോയന്റുമായി പീരുമേട് സബ് ജില്ല മൂന്നാമതാണ്. 14 സ്വർണവും അഞ്ച് വെള്ളിയും 10 വെങ്കലവും ഉപജില്ല നേടി. 88 പോയന്റുമായി തൊടുപുഴയും 83 പോയന്റുമായി നെടുങ്കണ്ടവും നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്. മൂന്നാർ ഉപജില്ലക്ക് ഒരു പോയന്റ് മാത്രമാണുള്ളത്. സ്കൂളുകളിൽ കാൽവരി മൗണ്ട് കാൽവരി എച്ച്.എസ്.എസാണ് മുമ്പിൽ. 157 പോയന്റ്. 19 സ്വർണം, 19 വെള്ളി, അഞ്ച് വെങ്കലവുമാണ് സ്കൂൾ സ്വന്തമാക്കിയത്.
138 പോയന്റുമായി എൻ.ആർ.സിറ്റി എസ്.എൻ.വി.എച്ച്.എസ്.എസ് തൊട്ടു പിന്നാലെയുണ്ട്. 14 സ്വർണം,17 വെള്ളി,17 വെങ്കലവുമാണ് സ്കൂളിന്റെ നേട്ടം. ഒമ്പത് സ്വർണം, നാല് വെള്ളി, അഞ്ച് വെങ്കലം അടക്കം 62 പോയന്റ് നേടി ഇരട്ടയാർ എസ്.റ്റി എച്ച്. എസ്.എസ് മൂന്നാം സ്ഥാനത്തുണ്ട്. സമാപന സമ്മേളനം നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.കുഞ്ഞ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രിമി ലാലച്ചൻ അധ്യക്ഷത വഹിച്ചു.


