നെടുങ്കണ്ടത്തിന്റെ നെടുവീർപ്പുകൾ; ടൂറിസത്തിനുമേൽ മൂടൽമഞ്ഞ്
text_fieldsനെടുങ്കണ്ടം ടൗണിൽ യാത്രക്കാർക്ക് ഭീഷണിയായി മാറിയ ഡിവൈഡർ
മൂന്നാറും തേക്കടിയുമാണല്ലോ ഇടുക്കിയുടെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ. എന്നാൽ, രണ്ടിടത്തെയും കൂട്ടിയിണക്കുന്ന സംസ്ഥാനപാത കടന്നുപോകുന്ന നെടുങ്കണ്ടവും സഞ്ചാരികളെ ആകർഷിക്കുന്നതിൽ ഒട്ടും പിന്നിലല്ല. ദിനേന നൂറുകണക്കിന് വിനോദസഞ്ചാരികള്‍ ഇതുവഴി കടന്നുപോകുന്നു.
നെടുങ്കണ്ടത്തിന്റെ പ്രവേശന കവാടമായ കല്ലാറില്‍ ഹൈഡല്‍ ടൂറിസം പദ്ധതിയുടെ സാധ്യതാ പഠനം നടത്തിയിട്ട് വര്‍ഷങ്ങള്‍ പലത് കഴിഞ്ഞു. കല്ലാര്‍ പാലത്തിന് സമീപം ആധുനിക സംവിധാനത്തിലുള്ള പാര്‍ക്കും അനുബന്ധ സൗകര്യങ്ങളുമൊരുക്കുന്ന പദ്ധതി യാഥാര്‍ഥ്യമായാല്‍ നെടുങ്കണ്ടത്തിന്റെ മുഖം മാറും. പഞ്ചായത്തിന് കാര്യമായ വരുമാനവും ലഭിക്കും. ഈ പദ്ധതി ആരംഭിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തും പ്രദേശവാസികളും വൈദ്യുതി മന്ത്രിയായിരുന്ന എം.എം. മണിക്ക് നിവേദനം നൽകിയിരുന്നു. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഉന്നതതല സംഘം സ്ഥലം പരിശോധിച്ചതുമാണ്. തുടർ നടപടി ഉണ്ടായില്ല. മിനി ചെക് ഡാം നിർമിച്ചശേഷം ചെറിയ പെഡല്‍ ബോട്ടുകള്‍ ആരംഭിക്കണമെന്നായിരുന്നു പൊതുജന താൽപര്യം. ചെക് ഡം വന്നാൽ വേനല്‍ക്കാലത്തെ ജലക്ഷാമത്തിനും പരിഹാരമാകുമായിരുന്നു. രാമക്കൽമേട്ടിലെത്തുന്ന വിനോദ സഞ്ചാരികളില്‍ ഏറിയ പങ്കും മൂന്നാറിലേക്കും പോകുന്നുണ്ട്. ഇവരെ ആകര്‍ഷിക്കാനും ഹൈഡല്‍ ടൂറിസം പദ്ധതിയിലൂടെ കഴിയും. സുഗന്ധവ്യഞ്ജനങ്ങളുടെ പറുദീസയായ നെടുങ്കണ്ടം ടൂറിസം വില്ലേജാക്കിയും മാറ്റാം. പ്രധാന പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങളായ തൂവല്‍ വെള്ളച്ചാട്ടം, ചതുരംഗപ്പാറ, മാന്‍കുത്തിമേട്, അണക്കരമേട്, പുഷ്പക്കണ്ടം, കാറ്റാടിപ്പാടം, ആമപ്പാറ, കൈലാസപ്പാറമേട് എന്നിവിടങ്ങളിലേക്ക് എത്തുന്നവരുടെ ഇടത്താവളമാകാനും നെടുങ്കണ്ടത്തിന് കഴിയും.
11 വർഷം മുമ്പ് നടത്തിയ ടൗൺ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ബി.എഡ് കോളജ് ജങ്ഷന് മുതല്‍ കോടതി ജങ്ഷന് വരെ റോഡിന് നടുവില്‍ സ്ഥാപിച്ച ഡിവൈഡറുകൾ സഞ്ചാരികൾക്ക് ഭീഷണിയായി വഴിമുടക്കി നിൽപ്പുണ്ട്. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി നിര്‍മിച്ച ഡിവൈഡർ ഇന്നൊരു ബാധ്യതയായി മാറി. ഡിവൈഡറുകളില്‍ ഇടിച്ച് രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവാണ്. ഇവിടെ വഴി വിളക്കുകളും പ്രകാശിക്കാറില്ല. ഏറെ വിചിത്രമായ കാര്യം ഡിവൈഡറിന്റെ അവകാശികൾ ആരെന്ന തർക്കമാണ്. സ്വകാര്യ വ്യക്തി വിവരാവകാശ നിയമ പ്രകാരം അന്വേഷിച്ചപ്പോള്‍ കിട്ടിയ മറുപടി അതിലേറെ വിചിത്രം. പഞ്ചായത്താണ് നിർമിച്ചതെന്ന് പൊതുമരാമത്ത് വകുപ്പും അല്ല, ട്രാഫിക് കമ്മിറ്റി കണ്‍വീനറാണ് നിർമിച്ചതെന്ന് പഞ്ചായത്തും വാദിക്കുന്നു. എന്തായാലും തലതിരിഞ്ഞ വികസനത്തിന്റെ സ്മാരകമായി ഈ ഡിവൈഡർ മാറി. ഗതാഗത പരിഷ്കരണത്തിന്റെ പേരില്‍ സ്ഥാപിച്ച് പാതിവഴിയില്‍ നിര്‍മാണം നിലച്ച് അപകടനിലയിൽ തുടരുന്ന ഡിവൈഡറുകളും മറ്റും പൊളിച്ചു നീക്കാനോ ശാസ്ത്രീയമായി നിര്‍മിക്കാനോ 11 വര്‍ഷം പിന്നിട്ടിട്ടും മാറിമാറി വന്ന ഭരണസമിതികള്‍ക്കായിട്ടില്ല.
(തുടരും)


