ആരുമില്ലേ ഈ റോഡ് നന്നാക്കാൻ..?
text_fieldsമലയാറൻകുടിയിൽ റോഡിലെ കുഴിയിൽ വീണ ലോറി (ഫയൽ ചിത്രം)
ചെറുതോണി: ജലവിതരണ പൈപ്പിടാൻ കുത്തിപ്പൊളിച്ച റോഡ് പുനർനിർമിക്കാത്തതു മൂലം അപകടം തുടർക്കഥ. കഞ്ഞിക്കുഴി, വാഴത്തോപ്പ് പഞ്ചായത്തുകളിലാണ് വാട്ടർ അതോറിറ്റിയും ജലജീവൻ മിഷനും റോഡ് വെട്ടിപ്പൊളിച്ച് പൈപ്പിട്ട ശേഷം തിരിഞ്ഞു നോക്കാതിരിക്കുന്നത്. ജലവിതരണ പൈപ്പുകൾ സ്ഥാപിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും റോഡ് പുനർനിർമിക്കാൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മണ്ണിട്ട് മൂടിയതിന്റെ മുകളിൽ ചില സ്ഥലങ്ങളിൽ മെറ്റലിട്ട് താൽക്കാലികമായി ഉറപ്പിച്ചെങ്കിലും മഴവെള്ളം കുത്തിയൊഴുകിയതിനെത്തുടർന്ന് അതെല്ലാം ഇളകിപ്പൊളിഞ്ഞ് ഇപ്പോൾ വലിയ ഗർത്തങ്ങളായി. ചില സ്ഥലങ്ങളിൽ റോഡ് ഇടിഞ്ഞ് അപകടാവസ്ഥയിലാണ്. ഇതുമൂലം ആശുപത്രി സംബന്ധമായ ആവശ്യങ്ങൾക്ക് വിളിച്ചാൽ പോലും ഓട്ടോറിക്ഷക്കാർ വിമുഖത കാണിക്കുന്നു.
ഇതിലൂടെ പോകുന്ന ഇരുചക്രവാഹനങ്ങൾ കുഴിയിൽ ചാടി അപകടം സംഭവിക്കുന്നതും പതിവാണ്. റോഡുകൾ നന്നാക്കി ടാർ ചെയ്തില്ലെങ്കിൽ സമര പരിപാടികൾക്ക് ഒരുങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.