കുത്തിപ്പൊളിച്ചാൽ പോര; ടാറിങ് നടത്തണം
text_fieldsമുട്ടം കോടതിക്കവലയിലെ റോഡ് വെട്ടിപ്പൊളിച്ച ഭാഗം
മുട്ടം: കുടിവെള്ള പദ്ധതിക്കായി കുത്തിപ്പൊളിച്ച റോഡ് ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യം. മുട്ടം-കരിംകുന്നം-കുടയത്തൂർ, മീനച്ചിൽ കുടിവെള്ള പദ്ധതികൾക്ക് കുത്തിപ്പൊളിച്ച റോഡുകളാണ് ടാറിങ് നടത്താതെ മണ്ണും ചളിയും നിറഞ്ഞുകിടക്കുന്നത്. പെരുമറ്റം മുതൽ മുട്ടം കുരിശുപള്ളി കവല വരെയും ചള്ളാവയൽ മുതൽ വള്ളിപ്പാറ വരെയുമുള്ള റോഡുകളാണ് തകർന്നത്. മഴ ശക്തമാകുന്നതോടെ റോഡ് ആകെ ചളികൊണ്ട് നിറയുകയും അപകടത്തിന് കാരണമാവുകയും ചെയ്യും. മാസങ്ങൾക്ക് മുൻപ് കുത്തിപ്പൊളിച്ചതാണ് ഈ റോഡുകൾ ഒക്കെയും. എന്നാൽ, പലവിധ കാരണങ്ങൾ പറഞ്ഞ് ടാറിങ് നടത്താൻ കഴിഞ്ഞിട്ടില്ല. മഴ ശക്തമാകും മുൻപ് ടാറിങ് നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മുട്ടം മണ്ഡലം കമ്മറ്റി പ്രസിഡന്റ് ജോബിസ് ജോസ് മുഖ്യമന്ത്രിക്ക് അപേക്ഷ അയച്ചു.


