അംബേദ്കര്‍ പ്രതിമക്ക് മേൽക്കൂര; നിർമാണം അനിശ്ചിതത്വത്തിൽ
text_fieldsകട്ടപ്പന പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ അംബേദ്കർ, അയ്യൻകാളി സ്മൃതിമണ്ഡപം
കട്ടപ്പന: ഡോ. ബി.ആര്. അംബേദ്കറുടെയും അയ്യൻകാളിയുടെയും സ്മരണാര്‍ഥം കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡ് മൈതാനത്തിന് സമീപം നിര്‍മിച്ച പ്രതിമക്ക് മേൽക്കൂര നിർമിക്കാനുള്ള ശ്രമം അനിശ്ചിതത്വത്തിൽ. അടിമാലി-കുമളി ദേശീയപാതയുടെ സമീപത്തായതിനാൽ കെട്ടിട നിർമാണച്ചട്ടങ്ങൾ പാലിച്ച് മേൽക്കൂര ചെയ്യാനാവില്ലെന്ന് ഏതാനും അംഗങ്ങൾ കൗൺസിലിൽ ഉന്നയിച്ചു.
സമീപത്തുള്ള ഹൗസിങ് ബോർഡ് വ്യാപാര സമുച്ചയവുമായി അതിർത്തി നിർണയിക്കുന്നതും സങ്കീർണമാകുമെന്ന് നഗരസഭ അംഗങ്ങളിൽ ചിലർ വാദം ഉയർത്തിയതോടെ തീരുമാനം സ്റ്റിയറിങ് കമ്മിറ്റിക്ക് വിടുകയായിരുന്നു.
ധന വകുപ്പിന്റെ പ്രത്യേക അനുമതി നേടിയാണ് മന്ത്രി റോഷി അഗസ്റ്റിൻ അഞ്ചുലക്ഷം അനുവദിച്ചിത്. കട്ടപ്പന നഗരസഭ മുഖേനയാണ് പ്രവൃത്തിയുടെ നിര്‍വഹണം. അംബേദ്കറുടെ ജന്മദിനമായ ഏപ്രില്‍ 14ന് നിർമാണം ആരംഭിക്കത്തക്ക വിധം നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.
നിർമാണത്തിന് സാങ്കേതിക തടസ്സമുണ്ടെന്ന് എൻജിനീയറിങ് വിഭാഗം റിപ്പോർട്ട് നൽകി. എന്നാൽ, വെങ്കലപ്രതിമ മഴയും വെയിലുമേറ്റ് നശിക്കുമെന്നും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നിർമാണം തടസ്സപ്പെടുത്തിയാൽ ശക്തമായി പ്രതിഷേധിക്കുമെന്ന് ദലിത് സംഘടനകൾ അറിയിച്ചു.
‘സ്മൃതി മണ്ഡപത്തിന്റെ പേരിലുള്ള രാഷ്ട്രീയം അവസാനിപ്പിക്കണം’
കട്ടപ്പന: അംബേദ്കർ-അയ്യൻകാളി സ്മൃതി മണ്ഡപം മുൻനിർത്തിയുള്ള രാഷ്ട്രീയ മുതലെടുപ്പ് അവസാനിപ്പിക്കണമെന്ന് ദലിത് സംഘടന നേതാക്കൾ. 2009ൽ തകർക്കപ്പെടുകയും തുടർന്ന് 15 വർഷം നടത്തിയ സമര പോരാട്ടത്തിലൂടെ തിരികെ ലഭിക്കുകയും ചെയ്ത സ്മൃതി മണ്ഡപ സമുച്ചയം ഉപയോഗിച്ച് ചിലർ രാഷ്ട്രീയം കളിക്കുകയാണ്. ദലിത് വിഭാഗത്തോട് മാത്രമല്ല കട്ടപ്പനയിലെ പൊതുസമൂഹത്തോട് കൂടി നടത്തുന്ന വെല്ലുവിളി തിരിച്ചറിയണം.
മന്ത്രി റോഷി അഗസ്റ്റിൻ നൽകിയ ഫണ്ട് ദുർവിനിയോഗം ചെയ്യാൻ രാഷ്ട്രീയ കക്ഷികൾ ശ്രമിക്കരുത്. സ്മൃതി മണ്ഡപ സമുച്ചയത്തിന്റെ വികസന പദ്ധതികൾ നടപ്പാക്കുമ്പോൾ ദലിത് സമൂഹത്തെക്കൂടി ഉൾപ്പെടുത്തി സർവകക്ഷി യോഗം വിളിച്ച് തീരുമാനമെടുക്കണമെന്ന് സി.എസ്. രാജേന്ദ്രൻ, സാജു വള്ളക്കടവ് തുടങ്ങിയവർ പറഞ്ഞു.