അപകടഭീഷണിയിൽ അയ്യപ്പൻകോവിൽ തൂക്കുപാലം
text_fieldsസർക്കാർ ഉത്തരവിനെ തുടർന്ന് വിജനമായ തുക്കുപാലം
കട്ടപ്പന: ജില്ലയിലെ ഏറ്റവും നീളവും ഉയരവും കൂടിയ അയ്യപ്പൻകോവിൽ തൂക്കുപാലത്തിൽ അറ്റകുറ്റപ്പണിയും സുരക്ഷയുമില്ല. പാലത്തിലൂടെ യാത്രചെയ്യാൻ ആളുകൾ ഭയക്കുന്ന സാഹചര്യമാണ്. സുരക്ഷക്കായി പൊലീസിനെ പാലത്തിൽ നിയോഗിക്കണമെന്ന ആവശ്യവും ഉയരുന്നു. വർഷങ്ങൾ പഴക്കമുള്ള പാലത്തിൽ സമയത്തിന് അറ്റകുറ്റപ്പണി നടത്താത്തതിനാൽ തൂക്കുപാലം ഇപ്പോൾ അപകടഭീഷണിയിലാണ്.
അയ്യപ്പൻകോവിൽ, കാഞ്ചിയർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും കോവിൽമല ഉൾപ്പടെയുള്ള ആദിവാസികുടികളിലുള്ളവർ നിത്യവും ആശ്രയിക്കുന്നതുമാണ് ഈ തൂക്കുപാലം. ഇടുക്കി ജലാശയത്തിന് കുറുകെ 2012-13 കാലഘട്ടത്തിലാണ് 2.05 കോടി രൂപ ചെലവഴിച്ച് 200 മീറ്റർ നീളത്തിൽ ജില്ല റിവർ മാനേജ്മെന്റ് തൂക്കുപാലം നിർമിച്ചത്. അതിനുശേഷം ഇതുവരെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. പാലത്തിന്റെ കൈവരികളിലെ നട്ടും ബോൾട്ടും ഇളകിയും പലസ്ഥലത്തും കമ്പികൾ വേർപെട്ടും ആളുകൾ കയറുമ്പോൾ പാലം വല്ലാതെ ഇളകിയാടുകയാണ്. ഇരുമ്പ് കമ്പികൾ തുരുമ്പെടുത്ത് ബന്ധം വേർപെട്ടിട്ടുമുണ്ട്. ചില വിനോദസഞ്ചാരികൾ പാലം കുലുക്കി ആഹ്ലാദിക്കുന്നതും അപകടഭീഷണി വർധിപ്പിക്കുന്നു.
ഒരേസമയം ഇരുവശത്തുനിന്നുമായി 40 പേർക്ക് മാത്രമാണ് പാലത്തിൽ പ്രവേശനം. എന്നാൽ, മുന്നറിയിപ്പ് അവഗണിച്ച് തിരക്കേറിയ സമയങ്ങളിൽ ഇതിന്റെ ഇരട്ടിയിലധികം പേർ കയറും. പാലത്തിലെ തിരക്ക് നിയന്ത്രിക്കാൻ ആരുമില്ല. പലപ്പോഴും നാട്ടുകാരുടെ നിർദേശങ്ങൾപോലും കണക്കിലെടുക്കാതെ ചിലർ പാലം ശക്തിയായി കുലുക്കുന്നതായും പരാതി ഉയരുന്നു. രാത്രി സാമൂഹ്യവിരുദ്ധർ പാലത്തിൽ ഇരുചക്രവാഹനം കയറ്റി അനധികൃതമായി യാത്ര ചെയ്യുന്നുണ്ട്.
നിരവധി പരാതികളെ തുടർന്ന് തൂക്കുപാലം നിർമിച്ച കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡ് (കെ.ഇ.എൽ) അറ്റകുറ്റപ്പണിക്കായി അയ്യപ്പൻകോവിൽ പഞ്ചായത്തിനുവേണ്ടി എസ്റ്റിമേറ്റ് തയാറാക്കുകയും ജില്ല റിവർ മാനേജ്മെന്റ് 22.5 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ, തുടർനടപടി ഉണ്ടാകാത്തതാണ് അറ്റകുറ്റപ്പണി വൈകിക്കുന്നത്.
ഒരേസമയം 25 പേർക്ക് മാത്രം പ്രവേശനം; നിയന്ത്രണം ഏർപ്പെടുത്തി ദുരന്തനിവാരണ അതോറിറ്റി
കട്ടപ്പന: അയ്യപ്പൻകോവിൽ തൂക്കുപാലത്തിലൂടെയുള്ള വിനോദസഞ്ചാരികളുടെ യാത്രക്ക് ദുരന്തനിവാരണ അതോറിറ്റി നിയന്ത്രണം ഏർപ്പെടുത്തി. ഓണാവധിയായതിനാൽ ധാരാളം വിനോദസഞ്ചാരികൾ എത്താനുള്ള സാധ്യത കണക്കിലെടുത്ത് തൂക്കുപാലത്തിൽ ഒരേസമയം 25 പേരിൽ കൂടുതൽ കയറുന്നത് നിരോധിച്ചു.
ഈ ഉത്തരവ് കർശനമായി നടപ്പാക്കാൻ ഇടുക്കി ജില്ല പൊലീസ് മേധാവി, ഇടുക്കി തഹസിൽദാർ, കാഞ്ചിയാർ, അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ എന്നിവരെ ദുരന്തനിവാരണ നിയമപ്രകാരം ചുമലതപ്പെടുത്തി. മേൽനിർദേശങ്ങൾ രേഖപ്പെടുത്തിയ മുന്നറിയിപ്പ് ബോർഡുകൾ പാലത്തിന്റെ ഇരുവശത്തും സ്ഥാപിക്കും. നേരത്തെ, ഒരേസമയം 40 പേർക്കുവരെയായിരുന്നു പാലത്തിൽ പ്രവേശനം അനുവദിച്ചിരുന്നത്.