ഹൈറേഞ്ചിൽ ഏലക്ക വിലാപം
text_fieldsയഥാസമയം വിളവെടുക്കാത്തതിനാൽ ഏലച്ചെടിയിൽ മുത്തു പഴുത്ത ഏലക്കായകൾ
കട്ടപ്പന: കടുത്ത തൊഴിലാളി ക്ഷാമത്തെ തുടർന്ന് ഹൈറേഞ്ചിലെ ഏലക്ക വിളവെടുപ്പ് പ്രതിസന്ധിയിലേക്ക്. ഏലക്ക പഴുത്തു നശിക്കുന്നത് കർഷകർക്ക് കനത്ത നഷ്ടത്തിനിടയാക്കുകയാണ്. തൊഴിലാളികൾ കൂട്ടത്തോടെ തമിഴ്നാട്ടിലെ പുതിയ സംരംഭങ്ങളിലേക്ക് ചേക്കേറിയതാണ് വിനയായത്.
അന്തർ സംസ്‌ഥാന തൊഴിലാളികളും തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികളുമാണ് ഹൈറേഞ്ചിലെ ഏല തോട്ടങ്ങളിൽ ചെടി നടീൽ, വളം കിടനാശിനി പ്രയോഗം, കാവത്ത് എടുക്കൽ, നനക്കൽ, തുടങ്ങി വിളവെടുപ്പടക്കമുള്ള ജോലികൾ ചെയ്തിരുന്നത്. തമിഴ് നാട്ടിൽ നിന്ന് മാത്രം പ്രതിദിനം പതിനയ്യായിരത്തോളം തൊഴിലാളികളാണ് കേരളത്തിലേക്ക് ബസിലും, ജീപ്പിലും, മറ്റു വാഹനങ്ങളിലുമായി എത്തിക്കൊണ്ടിരുന്നത്.
ബോഡിമെട്ട്, കമ്പം മേട്ട്, കുമളി ചെക്ക് പോസ്റ്റുകൾ വഴിയായിരുന്നു ഇവരുടെ വരവ്. ഇപ്പോൾ വളരെ കുറച്ചുപേരാണ് ഇവിടേക്ക് എത്തുന്നത്. ഭൂരിഭാഗം തൊഴിലാളികളും തമിഴ് നാട്ടിലെ തന്നെ വ്യവസായ സ്‌ഥാപനങ്ങളിലും നിർമാണ മേഖലകളിലും തൊഴിലെടുക്കാൻ തുടങ്ങി. കൂടിയ കൂലിയാണ് അതിന് കാരണം. ഝാർഖണ്ഡ്, ബംഗാൾ സംസ്ഥാനങ്ങളിൽ നിന്നുളള തൊഴിലാളികളും കൂട്ടമായി തമിഴ്നാട്ടിലേക്ക് മാറുകയാണ്. നാട്ടുകാരായ തൊഴിലാളികളെ കാര്യമായി പണിക്ക് കിട്ടാനുമില്ല.
ഏലത്തോട്ടത്തിലെ താൽക്കാലിക തൊഴിലാളിക്ക് പ്രതിദിനം 550 രൂപയാണ് കൂലി. ഓവർ ടൈം ചെയ്യുന്നവർക്ക് മണിക്കൂറിനു 50 രൂപ മുതൽ 75 രൂപ വരെയും നൽകും. ഒരു ദിവസം രണ്ട് മണിക്കൂർ ഓവർടൈം ഉൾപ്പെടെ പണിയെടുക്കുന്നയാൾക്ക് 625 രൂപ മുതൽ 750 രൂപ വരെ ലഭിക്കും. അതേ സമയം തമിഴ് നാട്ടിൽ മറ്റ് ജോലികൾക്ക് 800 രൂപ മുതൽ 1000 രൂപവരെയാണ് ദിവസക്കൂലി. ഓവർ ടൈം എടുത്താൽ അധിക കൂലിയും കിട്ടും. തമിഴർക്ക് തമിഴ്നാട്ടിൽ തന്നെ ജോലി ലഭിക്കുന്നതും അവർക്ക് തുണയായി.
കേരളത്തിൽ ജോലിക്കെത്തണമെങ്കിൽ പുലർച്ചെ നാലുമണിക്ക് വീട്ടിൽ നിന്ന് പുറപ്പെടണം. ബസ് കൂലി, ജീപ്പ്കൂലി, ഭക്ഷണം ഉൾപ്പെടെ വലിയ തുക മുടക്കേണ്ടിയും വരും. പ്രതികൂല കാലാവസ്ഥ, മഴ, കാറ്റ് എന്നിവയെ നേരിട്ട് വേണം തോട്ടങ്ങളിൽ പണിയെടുക്കാൻ.
ഏലം വിളവെടുപ്പ് രണ്ടും മുന്നും റൗണ്ട് കഴിഞ്ഞ് നാലാം റൗണ്ടിലേക്ക് കടക്കേണ്ട സമയമാണിപ്പോൾ. എന്നാൽ ഒട്ടു മിക്ക തോട്ടങ്ങളിലും രണ്ടാം റൗണ്ട് പോലും പൂർത്തിയായിട്ടില്ല. മിക്ക തോട്ടങ്ങളിലും ഏലക്ക പഴുത്തു വീണു നശിക്കുകയാണ്. പലകർഷകരും കിട്ടുന്ന തൊഴിലാളികളെ ഉപയോഗിച്ച് രണ്ട് റൗണ്ട് കായെടുക്കൽ ഒരുമിച്ചു നടത്തി. ഇത് കനത്ത നഷ്ടത്തിന് ഇടവരുത്തുകയും ചെയ്തു.
ഏലത്തിനു മെച്ചപ്പെട്ട വില ലഭിക്കുന്ന സമയത്ത് ഇതു വരുത്തുന്ന നഷ്ട്ടം ചില്ലറയല്ല. കൂടാതെ വളം, കീടനാശിനി തളിക്കലും പ്രതിസന്ധിയിലാണ്. യഥാസമയം വളം കിടനാശിനി പ്രയോഗം നടത്തിയില്ലെങ്കിൽ ഏലച്ചെടി നശിക്കുകയും ചെയ്യും. എലത്തിന് കിലോഗ്രാമിന് ശരാശരി 2200 രൂപ മുതൽ 2800 രൂപ വരെ ഇപ്പോൾ വിലയുണ്ട്. വിലക്കൂടുതലിന്‍റെ പ്രയോജനം കർഷകർക്ക് ലഭിക്കണമെങ്കിൽ യഥാ സമയം വിളവെടുപ്പും വിൽപനയും നടക്കണം. തൊഴിലാളികളുടെ ക്ഷാമം ഇതിനെല്ലാം തടസമാവുകയാണ്.


