അറവുമാട് പ്രതിസന്ധി; കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെ മുതൽ ഇറച്ചിക്കടകൾ അടച്ചിടും
text_fieldsകട്ടപ്പന: അറവു മാടുകളുടെ ലഭ്യത കുറഞ്ഞതിനെ തുടർന്ന് ഇറച്ചി വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിലായതോടെ ഇറച്ചിക്കടകൾ അടച്ചിടാൻ തീരുമാനം. വെള്ളിയാഴ്ച മുതൽ കോട്ടയം, ഇടുക്കി ജില്ലകളിലെ ഇറച്ചിക്കടകൾ അടച്ചിടുമെന്ന് മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കന്നുകാലി ലഭ്യത കുത്തനെ ഇടിഞ്ഞതോടെ സംസ്ഥാനത്തു ഇറച്ചി വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിലാണ്. അന്യ സംസ്ഥാനത്തുനിന്നുള്ള പോത്തിന്റെയും കാളയുടെയും വരവ് നാലിലൊന്നായി കുറഞ്ഞതാണ് തിരിച്ചടിയായത്. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണം. ഉയർന്ന വില നൽകിയിട്ടും പോത്തും എരുമയും ലഭിക്കുന്നില്ല.
മുമ്പ് ആന്ധ്രാപ്രദേശ്, ഒഡിഷ എന്നിവിടങ്ങളിൽ നിന്നാണ് മാടുകളെ എത്തിച്ചിരുന്നത്. എന്നാൽ യു.പി, ഹരിയാന എന്നിവിടങ്ങളിൽ നിന്നാണ് ഇപ്പോൾ മാടുകളെ എത്തിക്കുന്നത്. എന്നാൽ ഇപ്പോൾ ഇവയും ലഭിക്കുന്നില്ല. കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന അഞ്ഞൂറോളം മാടുകളെയാണ് ആന്ധ്രയിൽ കഴിഞ്ഞയാഴ്ച പിടിച്ചെടുത്തത്. ക്ഷാമത്തിന്റെ മറവിൽ വ്യാപകമായി ഗുണനിലവാരം ഇല്ലാത്ത ഇറച്ചി വിപണിയിൽ സജീവമാകുന്നുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. പ്രസിഡന്റ് എം.എം. സലിം, ജില്ല ഭാരവാഹികളായ കെ.എം.റോബിൻ, ജോബി ഫിലിപ്പ്, ടിവിൻ ഫ്രാൻസിസ്, രാജേഷ്, ജലാലുദ്ദീൻ, ജെസ്റ്റിൻ തോമസ് തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു


