മേമാരിയുടെ യാത്രാദുരിതത്തിന് അരനൂറ്റാണ്ട്
text_fieldsചെളിക്കുണ്ടായ കണ്ണംപടി-
മേമാരി റോഡ്
കട്ടപ്പന: മേമാരി ആദിവാസി ഉന്നതിയുടെ യാത്രാ ദുരിതത്തിന് അരനൂറ്റാണ്ട് പിന്നിടുകയാണ്. ഇടുക്കി വന്യജീവി സങ്കേതത്തിനുള്ളിൽ ബാഹ്യലോകത്തു നിന്ന് ഒറ്റപ്പെട്ട് സ്ഥിതി ചെയ്യുന്ന ഉന്നതിയാണിത്.1963ൽ ഇടുക്കി പദ്ധതിക്കുവേണ്ടി മുത്തംപടിക്കു സമീപത്തു നിന്ന് ഒഴിപ്പിച്ച് കുടിയിരുത്തിയവരാണ് മേമാരിയിൽ ഉള്ള ആദിവാസി കുടുംബങ്ങൾ.
മുതുവാൻ വിഭാഗത്തിലുള്ള 102 കുടുംബങ്ങളാണ് ഇവിടെ അധിവസിക്കുന്നത്. റോഡടക്കം അടിസ്ഥാന സൗകര്യങ്ങൾ ഇവർക്ക് സ്വപ്നം മാത്രമാണ്. മാറി വരുന്ന സർക്കാരുകളും ജനപ്രതിനിധികളും വികസന പ്രഖ്യാപനങ്ങൾ നടത്തും. എന്നാൽ ഒന്നും നടപ്പായില്ല. അതോടെ ഇവരുടെ പ്രശ്നങ്ങൾ മാത്രം പരിഹാരമില്ലാതെ തുടരുകയാണ്.
പ്രഖ്യാപനത്തിലൊതുങ്ങി റോഡ് വികസനം
പുറം ലോകവുമായി ബന്ധപ്പെടാൻ പര്യാപ്തമായ റോഡാണ് ഇവിടത്തുകാരുടെ പ്രഥമ സ്വപ്നം. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇവിടേക്കുളള റോഡ് വികസനത്തിന് അഞ്ച് കോടി രൂപ ഫണ്ട് അനുവദിച്ചു. എന്നാൽ ഫണ്ടിന്റെ അപര്യാപ്തത മൂലം പണി പാതിവഴിയിൽ നിർത്തേണ്ടി വന്നു.
വളകോട് മുതൽ മേമാരി വരെയുള്ള റോഡ് ഗതാഗത യോഗ്യമാക്കാൻ കുറഞ്ഞത് 20 കോടി രൂപയെങ്കിലും വേണമെന്നിരിക്കെയാണ് അഞ്ച്കോടി അനുവദിച്ചത്.വന മേഖലയിലൂടെ റോഡ് നിർമിക്കുന്നതിനെതിരെ വനം വകുപ്പ് എതിർപ്പുമായി എത്തിയത് നിർമാണം വൈകാൻ ഇടയാക്കി. മന്ത്രിതലത്തിൽ ഉൾപെടെ നടന്ന ചർച്ചകൾക്കുശേഷമാണ് നിർമാണത്തിന് അനുമതി ലഭിച്ചത്.
1989നു മുൻപുള്ള മൺപാതകൾ നവീകരിക്കാൻ തടസം ഇല്ലെന്ന വ്യവസ്ഥയാണ് ഇവർക്ക് ഗുണകരമായത്. 1980കളിലാണ് ഇവിടേക്ക് വീതിയുള്ള മൺപാത നിർമിച്ചത്. ജീപ്പ് മാത്രമേ കുടികളിൽ എത്തുകയുള്ളൂ എന്നതിനാൽ യാത്രാക്ലേശം രൂക്ഷമായിരുന്നു. ഇതിനു പരിഹാരം കാണണമെന്ന നിരന്തര ആവശ്യത്തെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്.
വളകോട് മുതൽ മേമാരി വരെയുള്ള റോഡ് ഗതാഗത യോഗ്യമാക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും എസ്റ്റിമേറ്റ് എടുത്തപ്പോൾ കണ്ണംപടിക്കു സമീപം പുന്നപാറ വരെയുള്ള പണി പൂർത്തിയാക്കാൻ ആവശ്യമായ ഫണ്ടാണ് ഉണ്ടായിരുന്നത്. പ്രളയത്തിൽ തകർന്ന പാലം നിർമിക്കാനുള്ള തുക കൂടി ഇതിൽ നിന്നു നീക്കിവെക്കേണ്ടി വന്നതോടെ ഗതാഗത യോഗ്യമാക്കാൻ നിശ്ചയിച്ചിരുന്ന റോഡിന്റെ ദൂരത്തിൽ വീണ്ടും കുറവുവരുകയായിരുന്നു. ഇവിടെ നിന്ന് എട്ടു കിലോമീറ്റർ സഞ്ചരിച്ചാൽ മാത്രമേ ആദിവാസി മേഖലയായ മേമാരിയിലേക്ക് എത്താനാകൂ. അങ്ങോട്ടേക്കുള്ള റോഡിൽ 417 മീറ്റർ ആണ് ഇപ്പോൾ കോൺക്രീറ്റ് ചെയ്തത്.
മേമാരി - കണ്ണംപടി റോഡ് നിർമാണം പാതി വഴിയിൽ
ഗുരുതരാവസ്ഥയിലുളള രോഗികളെ കിലോമീറ്ററുകൾ ചുമന്നാണ് ഇവർ ആശുപത്രിയിലെത്തിക്കുന്നത്. മേമാരി ആദിവാസി കുടിയിലെ ജനം പതിറ്റാണ്ടുകളായി തുടരുന്ന ദുരിതമാണിത്.ഇടുക്കി വന്യ ജീവി സാങ്കേതത്തിനുള്ളിൽ ബാഹ്യ ലോകത്തു നിന്ന് ഒറ്റപ്പെട്ട് സ്ഥിതി ചെയ്യുന്ന ഉന്നതിയിലെ താമസക്കാരാണ് പുറം ലോകവുമായി ബന്ധപ്പെടാൻ കഴിയാതെ വിഷമിക്കുന്നത്.
വന്യ ജീവി സങ്കേതത്തിനുള്ളിലൂടെ ഉള്ള റോഡ് ആയതിനാൽ റോഡ് നിർമാണത്തിന് വനം വകുപ്പിന്റെ അനുമതി ആവശ്യമാണ്. വർഷങ്ങളായുള്ള ആവശ്യത്തിനൊടുവിൽ അടുത്ത നാളിലാണ് വനം വകുപ്പ് റോഡ് നിർമാണത്തിന് എൻ.ഒ.സി നൽകിയത്. തുടർന്ന് റോഡിന്റെ ഒരു ഭാഗം നന്നാക്കാൻ ഒരു കോടി രൂപ അനുവദിച്ചു.
മെമ്മാരി കുടി മുതൽ 2.6 കിലോ മീറ്റർ നീളത്തിൽ റോഡ് നിർമിക്കാനാണ് ഫണ്ട് അനുവദിച്ചത്. കോൺക്രീറ്റ് റോഡ് നിർമാണത്തിനാണ് ഫണ്ട് അനുവദിച്ചിരുന്നത്. ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാറുകാരൻ പണി തുടങ്ങിയെങ്കിലും 417 മീറ്റർ കോൺക്രീറ്റ് ചെയ്ത ശേഷം പണി നിർത്തി സ്ഥലം വിട്ടു. ബാക്കി പണി എന്നു തുടങ്ങുമെന്ന് ഒരു പിടിയുമില്ലെന്ന് കുടിയിലെ മൂപ്പൻ ഷാജി പറഞ്ഞു. റോഡ് കോൺക്രീറ്റ് ചെയ്യുന്നതിന് മുമ്പായി വർഷങ്ങൾക്ക് മുൻപ് പതിപ്പിച്ചിരുന്ന കരിങ്കല്ലുകൾ പൊളിച്ചു നീക്കി.
ഇതോടെ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാത്ത വിധം റോഡ് ചെളിക്കുണ്ടായി. ആദിവാസി കുടിയിൽ നിന്ന് ഏകാധ്യാപക വിദ്യാലയത്തിന് സമീപം വരെയുള്ള ഭാഗമാണ് കോൺക്രീറ്റ് ചെയ്തത്. മഴ ശക്തമായതോടെ ഉണ്ടായിരുന്ന ഗാട്ട് റോഡ് പോലും തകർന്ന് ചെളി നിറഞ്ഞു. ഇപ്പോൾ ജീപ്പ് പോലും സഞ്ചരിക്കാത്ത സ്ഥിതിയാണ്.
ഇവിടുത്തെ കുട്ടികൾ മേമാരി ഏകാധ്യാപക വിദ്യാലയത്തിലെ പഠന ത്തിനു ശേഷം കണ്ണമ്പടിയിലാണ് തുടർ വിദ്യാഭ്യാസം നടത്തേണ്ടത്. ഇവിടേക്ക് എത്താൻ ആറു കിലോമീറ്റർ നടക്കണം. ആദിവാസികൾ ഉൾപെടെ നൂറുകണക്കിനു കുടുംബങ്ങളുടെ യാത്രാദുരിതത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. ഇതിന് അൽപമെങ്കിലും ആശ്വാസമുണ്ടായത് വളകോട്-മേമാരി റോഡിന്റെ ആദ്യഘട്ട നിർമാണം നടത്തിയതോടെയാണ്.
വളകോട് മുതൽ കണ്ണംപടിക്കു സമീപം പുന്നപാറ വരെയുള്ള ഭാഗം ഗതാഗതയോഗ്യമാക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ പ്രളയത്തിൽ കിഴുകാനം പാലം ഒലിച്ചുപോയതോടെ റോഡിന് അനുവദിച്ചിരുന്ന ഫണ്ട് വിനിയോഗിച്ച് പാലം നിർമിക്കേണ്ടി വന്നു. അതിനാൽ റോഡ് നിർമാണം കണ്ണംപടി വരെ മാത്രമാണ് നടത്താനായത്. അവശേഷിക്കുന്ന ഭാഗത്തിൽ കുറച്ചു മാത്രമാണ് ഇപ്പോൾ കോൺക്രീറ്റ് ചെയ്തത്.