മൽസ്യസമൃദ്ധമായി ഇടുക്കി ജലാശയം
text_fieldsഇടുക്കി ഡാമിൽ നിന്ന് പിടിച്ച 18 കിലോ തൂക്കം വരുന്ന മത്സ്യവുമായി റെജി
കട്ടപ്പന: ജല സമൃദ്ധമായതോടെ ഇടുക്കി അണക്കെട്ടിന്റെ തീരപ്രദേശങ്ങളിൽ മീനിന് മുട്ടില്ല. ഡാമിലെ വെള്ളം കയറി കിടക്കുന്ന പ്രദേശങ്ങളിലെല്ലാം ഇപ്പോൾ വലിയ മീനുകൾ സുലഭമാണ്. ഡാമിൽ കെട്ടുവല കെട്ടി മീൻ പിടിക്കുന്ന കാഞ്ചിയാർ വെള്ളിലാംകണ്ടം സ്വദേശി പനച്ചുവീട്ടിൽ റെജിക്ക് 18 കിലോ തൂക്കം വരുന്ന കട്ട്ള ഇനത്തിൽ പെട്ട മത്സ്യമാണ് ഞായറാഴ്ച കിട്ടിയത്.
കട്ട്ള, റോഹു, ഗോൾഡ് ഫിഷ്, ചേറുമീൻ, സിലോപ്പിയ, വരാൽ, മുഷി,തുടങ്ങി നിരവധി ഇനങ്ങളിൽപ്പെട്ട മത്സ്യങ്ങൾ ഇപ്പോൾ ഡാമിൽ ധാരാളമുണ്ട്. ആദിവാസി വിഭാഗത്തിൽപെട്ടവർക്കും പരിസരപ്രദേശങ്ങളിലുള്ള ചിലർക്കുമാണ് ഡാമിൽ നിന്ന് മീൻ പിടിക്കാൻ അനുവാദം ലഭിച്ചിട്ടുള്ളത്. ഇടുക്കി ഡാമിൽ നിന്നും ഇരട്ടയാർ ഡാമിൽനിന്നും മീൻ പിടിച്ചു ഉപജീവനം നടത്തുന്ന നിരവധി പേരാണുള്ളത്.
പിടിക്കുന്ന മീൻ ആവശ്യക്കാർ മുൻകൂട്ടി ബുക്ക് ചെയ്തു വാങ്ങുകയാണ് പതിവ്. നേരിട്ട് കടകളിൽ വിൽക്കുന്നവരും ഉണ്ട്. ചെറുതോണി, ഇടുക്കി ഭാഗത്തു നിന്ന് പിടിക്കുന്ന മത്സ്യം ഇടുക്കി വനം വകുപ്പ് ഓഫീസിനു സമീപത്തെ ആദിവാസി മീൻ വില്പന കേന്ദ്രത്തിലും, അഞ്ചുരുളി അയ്യപ്പൻ കോവിൽ മേഖലയിലും വിൽപനക്ക് വെക്കാറുണ്ട്. കാലാവസ്ഥ അനുകൂലമാണെങ്കിൽ മാത്രമേ ഡാമിൽ നിന്ന് മീൻ ലഭിക്കുകയുള്ളു. തുടർച്ചയായ മഴയെത്തുടർന്ന് ഡാമിൽ ജല നിരപ്പ് ഉയർന്നതാണ് ഇപ്പോൾ മത്സ്യങ്ങൾ സുലഭമായി ലഭിക്കാൻ കാരണം.