റാങ്ക് ലിസ്റ്റ് വന്നിട്ട് നൂറ് ദിവസം; അഡ്വൈസ് വന്നിട്ടില്ലെന്ന് ഉദ്യോഗാര്‍ഥികള്‍
text_fieldsകട്ടപ്പന: ജില്ലയിലെ എല്‍.പി.എസ്.ടി തമിഴ് മീഡിയം അധ്യാപക നിയമനത്തിനുള്ള പി.എസ്.സി റാങ്ക് ലിസ്റ്റ് വന്ന് നൂറ് ദിവസം പിന്നിട്ടിട്ടും അഡ്വൈസ് വന്നിട്ടില്ലെന്ന് ഉദ്യോഗാര്‍ഥികള്‍. റാങ്ക് ലിസ്റ്റ് വന്ന് 45 ദിവസത്തിനുള്ളില്‍ അഡ്വൈസ് മെമ്മോ വരേണ്ടതാണ്. എന്നാല്‍ മെയ് മാസം റാങ്ക് ലിസ്റ്റ് വന്നെങ്കിലും അഡ്വൈസ് മെമ്മോ അയക്കാതെ ജില്ല പി.എസ്.സി ഓഫീസ് അനാസ്ഥ തുടരുകയാണെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു.
ലിസ്റ്റില്‍ ഉള്‍പ്പെട്ട ഒരു ഉദ്യോഗാര്‍ഥിയുടെ കമ്മ്യൂനിറ്റി സര്‍ട്ടിഫിക്കറ്റില്‍ പ്രശ്നമുണ്ടെന്നാണ് അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. നേരിട്ട് പി.എസ്.സി ഓഫീസിലെത്തിയപ്പോള്‍ തിരുവനന്തപുരത്ത് ഹെഡ് ഓഫീസില്‍ നിന്ന് വ്യക്തത വരുത്തണമെന്നായിരുന്നു പറഞ്ഞത്. തിരുവനന്തപുരത്ത് അന്വേഷിച്ചപ്പോള്‍ ഇത്തരത്തില്‍ ഒരു പേപ്പര്‍ ഇവിടെ എത്തിയിട്ടില്ലെന്നാണ് പറഞ്ഞത്. ഈ കാലയളവില്‍ റാങ്ക് ലിസ്റ്റ് വന്ന് മറ്റു പല തസ്തികകളില്‍ ഉള്ളവര്‍ക്കും അഡ്വൈസ് വരികയും ഇവര്‍ക്ക് മൂന്ന് മാസത്തെ സര്‍വിസ് ആകുകയും ചെയ്തിട്ടുണ്ട്.
മറ്റ് ജില്ലകളില്‍ പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥികള്‍ക്കും അഡ്വൈസ് അയച്ചിട്ടുണ്ട്. ഒരു ഉദ്യോഗാര്‍ഥി ക്യാന്‍സര്‍ രോഗിയാണെന്നും വിഷയത്തില്‍ എത്രയും വേഗം പരിഹാരം ഉണ്ടാക്കണെന്നും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള മനോജ് കുമാര്‍, ഗൗതമന്, എസ്. ശശികല, ജെനിഫര്‍, നിസി സ്റ്റീഫന്‍, കനക ലക്ഷ്മി, അഖില, സുധ, ശുഭ, സുബിത, മേരി ഷൈല എന്നിവര്‍ പറഞ്ഞു.