പീരുമേട് ടീ കമ്പനിയുടെ ചീന്തലാർ, ലോൺ ട്രീ ഫാക്ടറികൾ ഇനി ഓർമ
text_fieldsചീന്തലാർ ടീ ഫാക്ടറി നിന്നിരുന്ന സ്ഥലം ഇപ്പോൾ
കട്ടപ്പന: പീരുമേട് ടീ കമ്പനിയുടെ ചീന്തലാർ, ലോൺ ട്രീ ടീ ഫാക്ടറികൾ ഇനി ഓർമ. 24 വർഷമായി പൂട്ടിക്കിടന്ന രണ്ട് ഫാക്ടറികൾ പൊളിച്ചുവിറ്റു. ഇതോടെ കമ്പനി തുറന്നുപ്രവർത്തിക്കുമെന്ന തൊഴിലാളികളുടെ അവസാന പ്രതീക്ഷയും ഇല്ലാതായി. സ്ഥലത്ത് ഇപ്പോൾ മൺകുനയും ഏതാനും അവശിഷ്ടങ്ങളും മാത്രം. തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകാനെന്ന പേരിലാണ് ഉടമ ചിന്തലാർ, ലോൺട്രി ടീ ഫാക്ടറികൾ പൊളിച്ചു വിറ്റത്. തൊഴിലാളി യൂനിയനുകൾ പ്രതിഷേധമുയർത്തിയെങ്കിലും പൊളിക്കാൻ കോടതി അനുമതി നൽകുകയായിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ചതാണ് രണ്ട് ഫാക്ടറികളും.
2000 ഡിസംബറിൽ ഉടമ തോട്ടം ഉപേക്ഷിച്ചുപോകുമ്പോൾ 1300 സ്ഥിരംതൊഴിലാളികളും അത്രതന്നെ താൽക്കാലിക തൊഴിലാളികളും 33 ഓഫിസ് ജീവനക്കാരും ഉണ്ടായിരുന്നു. അതിനുശേഷം രണ്ട് പ്രാവശ്യം വാടക വ്യവസ്ഥയിൽ കമ്പനി തുറന്നുപ്രവർത്തിച്ചെങ്കിലും വാടകക്കാരനും തോട്ടം ഉപേക്ഷിച്ചുപോയി. തുടർന്ന് ഇത് തുറക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ പ്രക്ഷോഭം തൊഴിലാളികൾ നടത്തി. എന്നെങ്കിലും തോട്ടം തുറക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവർ. പൂട്ടുന്നതിന് മുമ്പ് ഗ്രാറ്റുവിറ്റി, ബോണസ്, ശമ്പളം തുടങ്ങി വിവിധ ഇനങ്ങളിൽ തൊഴിലാളികൾക്ക് കമ്പനി പണം നൽകാനുണ്ട്.
ശമ്പളം അടക്കമുള്ള കുടിശ്ശിക അനുകൂല്യങ്ങൾ നൽകാനെന്ന പേരിൽ കഴിഞ്ഞ ജൂണിൽ ഉടമ ഒരുകോടി രൂപക്ക് സ്വകാര്യ കമ്പനിക്ക് ഫാക്ടറികൾ വിൽക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ജൂലായ് 15ന് ഫാക്ടറി പൊളിക്കുമെന്ന് സ്വകാര്യ കമ്പനി ട്രേഡ് യൂനിയനെ അറിയിച്ചപ്പോഴാണ് തൊഴിലാളികൾ വിവരം അറിയുന്നത്. ഇതേത്തുടർന്ന് സംയുക്ത ട്രേഡ് യൂനിയൻ ഫാക്ടറി വിലയ്ക്കുവാങ്ങിയ കമ്പനിയെ തങ്ങളുടെ എതിർപ്പറിയിച്ചു.
യൂനിയനുകൾ എതിർത്തതോടെ തോട്ടം ഉടമ കോടതിയെ സമീപിച്ചു. തൊഴിലാളികൾക്ക് നൽകാനുള്ള കുടിശ്ശിക നൽകാതെ ഫാക്ടറി പൊളിക്കുന്നതിനെ കോടതിയിൽ ട്രേഡ് യൂനിയൻ എതിർത്തു. 2024 ഡിസംബർ 13ന് തുക നൽകാമെന്ന് തോട്ടം ഉടമ കോടതിയിൽ സത്യവാങ്മൂലം നൽകി. തുടർന്നാണ് ഫാക്ടറി പൊളിക്കാൻ കോടതി അനുമതി നൽകിയത്. തോട്ടത്തിലെ തൊഴിലാളികൾക്ക് സംയുക്ത ട്രേഡ് യൂനിയൻ വീതിച്ചുനൽകിയ രണ്ട് ഏക്കർ വരുന്ന പ്ലോട്ടുകളിൽ നിന്ന് കൊളുന്ത് നുള്ളി വിറ്റും കൂലിപ്പണി ചെയ്തുമാണ് അന്നുമുതൽ തൊഴിലാളികൾ ഉപജീവനം നടത്തുന്നത്.