അജ്ഞാതന്റെ സാന്നിധ്യവും തുടർച്ചയായ മോഷണവും; കാഞ്ചിയാർ, ലബ്ബക്കട നിവാസികൾ ഭീതിയിൽ
text_fieldsകാഞ്ചിയാറിലെ വ്യാപാര സ്ഥാപനത്തിൽ എത്തിയതെന്ന് കരുതുന്ന മോഷ്ടാവിന്റെ സി.സി ടി.വി ദൃശ്യം
കട്ടപ്പന: അജ്ഞാതന്റെ സാന്നിധ്യവും തുടർച്ചയായ മോഷണവുംമൂലം കാഞ്ചിയാർ, ലബ്ബക്കട നിവാസികൾ ഭീതിയിൽ. ചെമ്പകപ്പാറയിലെ മോഷ്ടാവിനെക്കുറിച്ചും വിവരമില്ല. കാഞ്ചിയാർ മേഖലയിൽ ഒരുവർഷത്തിനിടെ വില്ലേജ് ഓഫിസ് അടക്കം 18ഓളം വ്യാപാര സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ വീടുകൾക്ക് സമീപമാണ് അജ്ഞാതനെ കണ്ടത്. ഒരുവർഷം മുമ്പ് ലബ്ബക്കടയിൽ വില്ലേജ് ഓഫിസിൽ ഉൾപ്പെടെ 16 വ്യാപാരസ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. പൊലീസ് പരിശോധന നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താൻ കഴിഞ്ഞില്ല.
ഇതിനിടയിലാണ് കഴിഞ്ഞ ദിവസങ്ങളിൽ രാത്രി കാഞ്ചിയാർ പള്ളിക്കവലക്ക് സമീപത്ത് വീടിന്റെ ടെറസിന് മുകളിൽ അജ്ഞാതന്റെ സാന്നിധ്യം. രാത്രി 10ഓടെയാണ് ഇയാളെ രണ്ടുദിവസവും സമീപത്തെ വീട്ടുകാർ കാണുന്നത്. ടെറസിൽ തുണി എടുക്കാൻ പോയ സമയത്താണ് വീട്ടുകാർ ഇയാളെ കണ്ടത്.
ബഹളംവെച്ചതിനെ തുടർന്ന് ഇയാൾ സമീപത്തെ കൃഷിയിടത്തിലേക്ക് ഓടി മറഞ്ഞു. തുടർന്ന് പ്രദേശവാസികൾ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാഞ്ചിയാർ പള്ളിക്കവലയിലും ലബ്ബക്കടയിലും വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടന്ന ശനിയാഴ്ച രാത്രി ഇയാളെ കണ്ടതിനുശേഷമാണ് കാഞ്ചിയാർ പള്ളിക്കവലയിലും ലബ്ബക്കടയിലും രാത്രി രണ്ടിന് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടക്കുന്നത്.
കടയിലെ സി.സി ടി.വി കാമറയിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളിൽ കണ്ടയാളും വീടിന്റെ ടെറസിൽ കണ്ടയാളും ധരിച്ചിരുന്ന വേഷവും സമാനമാണെന്ന് വീട്ടുകാർ പറയുന്നു. പൊലീസ് പരിശോധന ശക്തമാക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
ലബ്ബക്കടയിലെ ബേക്കറിയിൽനിന്ന് ഭക്ഷണ സാധനങ്ങൾ അടക്കം മോഷ്ടാവ് കഴിഞ്ഞദിവസം അപഹരിച്ചിരുന്നു. ഇവിടെ സ്ഥാപിച്ച സി.സി ടി.വി കാമറ തകർത്തെങ്കിലും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം ചെമ്പകപ്പാറയിലെ വ്യാപാര സ്ഥാപനങ്ങളിലും മോഷണം നടന്നിരുന്നു. കടയിൽ സൂക്ഷിച്ച 25,000 രൂപയാണ് കവർന്നത്. ഇരട്ടയാർ, ചെമ്പകപ്പാറ, കൊച്ചുകാമാക്ഷി മേഖലകളിലെ വ്യാപാര സ്ഥാപനങ്ങളിലും മോഷണശ്രമം നടന്നിരുന്നു.