റോഡ് ഉയർത്തി; വീട്ടിലേക്ക് കയറാൻ വഴിയില്ലാതെ വയോധിക
text_fieldsവീട്ടിലേക്കുള്ള നടപ്പു വഴി ഉയരത്തിലുള്ള റോഡിൽനിന്ന് ചൂണ്ടിക്കാണിക്കുന്ന ഏലിയാമ്മ
കട്ടപ്പന: റോഡ് ഉയർത്തി പണിതതോടെ വീട്ടിലേക്ക് കയറാൻ വഴിയില്ലാതെ വിഷമിക്കുകയാണ് 75 കാരിയായ ഏലിയാമ്മ. സ്വന്തമായി വീടുണ്ടായിട്ടും മൂന്ന് വഷത്തോളമായി ബന്ധു വീടുകളിലും വാടക വീട്ടിലുമായി കഴിയേണ്ടി വരുന്ന ഗതികേടിലാണ് വണ്ടൻമേട്, ചേറ്റുകുഴി, കുപ്പക്കല്ല്, മാമ്മൂട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മക്ക്.
മൂന്ന് വർഷമായി ഇവർ സ്വന്തം വീട്ടിൽ കയറിയിട്ട്. റോഡിനോട് ചേർന്ന തോട്ടു പുറമ്പോക്കിലെ നടപ്പ് വഴിയിലൂടെയായിരുന്നു 65 വർഷമായി ഏലിയാമ്മയും കുടുംബവും വീട്ടിലേക്ക് പോയികൊണ്ടിരുന്നത്. ഇവരുടെ വീട്ടിലേക്കുള്ള വഴിയോട് ചേർന്ന് കടന്നു പോകുന്ന ആനക്കണ്ടം - കുപ്പക്കല്ല് റോഡ് 2022 ൽ പി.എം.ജി.എസ്. വൈ പദ്ധതിയിലുൾപ്പെടുത്തി പുതുക്കി പണിതോടെയാണ് വീട്ടിലേക്കുള്ള വഴി അടഞ്ഞത്.
റോഡിന്റെ കയറ്റം കുറച്ചു 20 അടിയോളം മണ്ണിട്ട് ഉയർത്തി. ഇതോടെ റോഡിൽ നിന്നും മുൻപ് വീട്ടിലേക്ക് പോയിരുന്ന നടപ്പു വഴിയിലേക്ക് ഇറങ്ങാൻ കഴിയാതായി. നടപ്പു വഴി പുനസ്ഥാപിച്ചു കിട്ടാൻ 40 ലധികം ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും നിരാശ മാത്രമാണ് ഫലം. ഭർത്താവ് മരിച്ചതിനാൽ ഒറ്റക്കാണ് താമസം. കന്യാസ്ത്രീയായ മകൾ മാത്രമാണ് ഏക ആശ്രയം. മുട്ടാവുന്ന വാതിലൊക്കെ മുട്ടിയിട്ടും ആരും സഹായിക്കാൻ തയാറാകുന്നില്ല.