സെറാക്ക് സുമനസ്സുകളുടെ സഹായം വേണം
text_fieldsസെറാ
കട്ടപ്പന: അയ്യപ്പൻകോവിൽ പരപ്പ് പാതിരിയിൽ ലിജോ-സിന്ദൂര ദമ്പതികളുടെ മകൾ സെറാക്ക് സുമനസ്സുകളുടെ സഹായം വേണം. മജ്ജയിൽ ബാധിച്ചിരിക്കുന്ന സിവിയർ അപ്ലാസ്റ്റിക് അനീമിയ എന്ന മാരകരോഗത്തിന് ചികിത്സയിലാണ് സെറ. ലക്ഷത്തിൽ ഒരാൾക്ക് വരാവുന്ന അപൂർവരോഗമാണിത്. തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെ പരിശോധനക്കുശേഷം ഒരു മാസമായി വെല്ലൂർ മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിലാണ്. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമാണ് ഏകമാർഗം.
ശസ്ത്രക്രിയക്കും തുടർചികിത്സക്കും വേണ്ടി 50 ലക്ഷത്തിലധികം രൂപ ചെലവാകും. നാട്ടുകാരും സുഹൃത്തുക്കളുമാണ് ഇപ്പോൾ സഹായിക്കുന്നത്. ചികിത്സക്കുവേണ്ടി പ്രാദേശികമായി കൂട്ടായ്മ രൂപവത്കരിച്ച് ഗ്രാമീൺ ബാങ്കിന്റെ ഉപ്പുതറ ശാഖയിൽ അക്കൗണ്ടും തുറന്നു. (അക്കൗണ്ട് നമ്പർ: 40391101153813 , IFSC Code KLGB 0040391). ഇതുവരെ 21ലക്ഷം രൂപ സമാഹരിച്ചു. ബാക്കി തുക കണ്ടെത്താൻ മേരികുളം പള്ളി വികാരി ഫാ. വർഗീസ് കുളമ്പള്ളി (രക്ഷ), അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ. തമ്പി (ചെയർ), അബി എബ്രഹാം പുതുമന ( ജന.കൺ), ആലടി എസ്.എൻ.ഡി.പി ശാഖ സെക്രട്ടറി വി.ബി. വിനോദ് (ട്രഷ) എന്നിവർ ഭാരവാഹികളായി വിപുലമായ കമ്മറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി.
ഒറ്റ ദിവസംകൊണ്ട് അയ്യപ്പൻകോവിൽ പഞ്ചായത്തിലെ മുഴുവൻ വീടുകളും കയറി പണം സമാഹരിക്കും. കൂടാതെ വിവിധ സ്ഥലങ്ങളിലെ സുമനസ്സുകളായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹായം തേടും.


