ഹൈവേക്ക് വേണ്ടി എടുത്ത ടൺകണക്കിന് മണ്ണ് പെരിയാറിൽ തളളി
text_fieldsമലയോര ഹൈവേ നിർമാണത്തിനെടുത്ത മണ്ണ് പെരിയാറിൽ തള്ളിയ നിലയിൽ
കട്ടപ്പന: മലയോര ഹൈവേ നിർമാണത്തിനെടുത്ത ടൺകണക്കിന് മണ്ണ് പെരിയാർ നദിയിൽ തള്ളി. കട്ടപ്പന - കുട്ടിക്കാനം ഹൈവേക്ക് വേണ്ടി എടുത്ത മണ്ണാണ് നദിയിൽ തള്ളിയത്. ഇത് പെരിയാറിലൂടെ ഇടുക്കി ഡാമിൽ എത്തിയാൽ ഡാമിന്റെ സംഭരണ ശേഷി കുറയ്ക്കും. സംഭവത്തെ കുറിച്ച് മേജർ ഇറിഗേഷൻ കുമളി സെക്ഷൻ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. മലയോര ഹൈവേ അധികൃതരെ സംഭവ സ്ഥലത്തേക്ക് വിളിച്ചുവരുത്തി വിവരം ചോദിച്ചറിഞ്ഞു.
അയ്യപ്പൻ കോവിൽ പഞ്ചായത്തിലെ ആലടി കടത്തിന് സമീപം നടക്കുന്ന അനധികൃത പ്രവർത്തനങ്ങളെ കുറിച്ച് മേജർ ഇറിഗേഷൻ കുമളി സെക്ഷനിലെ ഉദ്യോഗസ്ഥരായ അസി.എൻജിനീയർ ബിനുമാത്യു, ഓവർസിയർ എ.ജെ. ജോസുകുട്ടി എന്നിവരാണ് പരിശോധന നടത്തിയത്. മാനദണ്ഡങ്ങൾ പാലിക്കാതെ പുറം പോക്കു ഭൂമിയിൽ മണ്ണ് തള്ളിയ സംഭവത്തെ കുറിച്ച് ചങ്ങനാശേരി ഡിവിഷൻ ഉദ്യോഗസ്ഥർക്കും കലക്ടർക്കും റിപ്പോർട്ട് നൽകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മണ്ണ് തള്ളിയ സ്ഥലം സ്വകാര്യ വ്യക്തി കല്ല് കെട്ടി തിരിച്ച് നിർമാണത്തിന് നിലം ഒരുക്കിയിട്ടുണ്ട്. പട്ടയമുള്ള ഭൂഉടമയോട് അനുവാദം വാങ്ങി അധികാരികളിൽ നിന്ന് പെർമിറ്റ് എടുത്തു വേണം ഭൂമിയിൽ മണ്ണ് നിക്ഷേപിക്കാൻ എന്നാണ് നിയമം.
മണ്ണ് നിക്ഷേപിക്കുവാൻ തങ്ങൾക്ക് അനുമതി നൽകുന്നില്ല എന്ന് മലയോരഹൈവേ അധികൃതർ പറയുമ്പോഴാണ് ഇതുപോലെ പലസ്ഥലങ്ങളിലും സ്വകാര്യവ്യക്തികളുമായുള്ള അനധികൃത ഇടപാടിലൂടെ മണ്ണ് തള്ളുന്നത്. ഓരോ ലോഡിനും 500 രൂപ വീതം കൈപ്പറ്റിയാണ് മണ്ണ് തള്ളിയതെന്നും പറയപ്പെടുന്നു.