കട്ടപ്പനയിൽ രണ്ടിടത്ത് വാഹനാപകടം; നാലുപേർക്ക് പരിക്ക്
text_fieldsഉപ്പുതറ കണ്ണംപടിയിൽ രോഗിയുമായി വന്ന ജീപ്പ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞനിലയിൽ
കട്ടപ്പന: രക്ത സമ്മർദ്ദം കുറഞ്ഞ ഉപ്പുതറ കണ്ണംപടി സ്കൂളിലെ പ്രധാനാധ്യാപകനെയുമായി ആശുപത്രിയിലേക്ക് പോയ ജീപ്പ് നിയന്ത്രണം വിട്ടുമറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്. പരിക്കേറ്റ കണ്ണംപടി സ്കൂളിലെ അധ്യാപിക കാഞ്ഞിരപ്പള്ളി ചിറ്റടി നരിവേലിൽ പ്രതിഭ, ഡ്രൈവർ കണ്ണംപടി തുമ്പശ്ശേരിൽ അജോഷ്, കൊല്ലം ശാസ്താംകോട്ട താഴെക്കാട്ട് പടിഞ്ഞാറ്റേതിൽ കെ. ബാബു എന്നിവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെയാണ് അപകടം. സർവിസിൽ നിന്ന് വിരമിക്കുന്ന കണ്ണംപടി സ്കൂൾ ഹെഡ്മാസ്റ്റർ, കൊല്ലം സ്വദേശി കെ. ബാബുവിന് പ്രഷർ കുറഞ്ഞതിനെ തുടർന്ന് കണ്ണംപടിയിൽ നിന്ന് ജീപ്പിൽ ഉപ്പുതറയിലെ ആശുപത്രിയിലേക്ക് കൊണ്ടുവരും വഴിയാണ് അപകടം. നിയന്ത്രണം വിട്ട ജീപ്പ് കലുങ്കിൽ ഇടിച്ച ശേഷം സമീപത്തെ സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു.
കണ്ണംപടി സ്കൂളിലെ വിമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പിന്റെയും സ്കൂളിന്റെ വാർഷികാഘോഷങ്ങളുടെ ഒരുക്കത്തിലുമായിരുന്നു ജീവനക്കാരും അധ്യാപകരും. വിരമിക്കുന്ന കെ. ബാബുവിനുള്ള യാത്രയയപ്പും ഇന്നലെ സ്കൂളിൽ ഒരുക്കിയിരുന്നു. അപകടത്തെ തുടർന്ന് യാത്രയയപ്പ് ഉൾപ്പെടെ എല്ലാ പരിപാടികളും മാറ്റി.