പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പ്; ജില്ലയിൽ 3000 പേർക്ക് വാഹനം നൽകാനുണ്ടെന്ന് സീഡ് സൊസൈറ്റി
text_fieldsകട്ടപ്പന: സീഡ് സൊസൈറ്റി വഴി കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ജില്ലയിൽ വാഹനം ലഭിക്കാനുള്ളത് 3000ഓളം പേർക്ക്. ഇത്രയും പേർ 60,000 രൂപ വീതം അടച്ച് വാഹനത്തിനായി കാത്തിരിക്കുന്നുണ്ടെന്ന് സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയൺമെന്റൽ ഡെവലപ്മെന്റ് (സീഡ്) സൊസൈറ്റിയുടെ ജില്ലയിലെ ഭാരവാഹികൾ വ്യക്തമാക്കി. സ്കൂട്ടർ, വാട്ടർ ടാങ്ക്, ഗൃഹോപകരണങ്ങൾ എന്നിങ്ങനെ 32 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാനുണ്ടെന്നും അവർ വ്യക്തമാക്കി. ജൈവ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ 1180 രൂപ വീതമാണ് കർഷകരിൽനിന്ന് ഈടാക്കിയത്.
ജില്ലയിൽ എട്ട് സീഡ് സൊസൈറ്റികളാണുള്ളതെന്നും ഇതു മുഖേന 152 കോടി രൂപയുടെ 14 പദ്ധതികളാണ് ജില്ലയിൽ നടപ്പാക്കിയതെന്നും അവർ വ്യക്തമാക്കി.
നാഷനൽ എൻ.ജി.ഒ കോൺഫെഡറേഷൻ ചെയർമാൻ കെ.എൻ. ആനന്ദകുമാറിന്റെയും സീഡ് സൊസൈറ്റിയുടെ ചീഫ് പ്രോഗ്രാം കോഓഓഡിനേറ്ററായ അനന്തു കൃഷ്ണന്റെയും നേതൃത്വത്തിലാണ് പദ്ധതികൾ നടപ്പാക്കിവന്നിരുന്നത്. ചില പദ്ധതികളുടെ ഗുണഭോക്തൃ വിഹിതം സീഡ് സൊസൈറ്റിയുടെ അക്കൗണ്ടിലേക്കും മറ്റു ചിലതിന്റേത് എൻ.ജി.ഒ കോൺഫെഡറേഷൻ നിർദേശിച്ച അക്കൗണ്ടിലേക്കുമാണ് അടച്ചിരുന്നത്.
എത്ര കമ്പനികളിൽനിന്ന് സി.എസ്.ആർ ഫണ്ട് കിട്ടിയെന്നതു സംബന്ധിച്ച് കൃത്യമായ കണക്ക് ഹെഡ് ഓഫിസിൽ മാത്രമേയുള്ളൂ. സ്ത്രീകൾ അടക്കമുള്ള പ്രാദേശിക ഭാരവാഹികളെ കരുവാക്കി തട്ടിപ്പ് നടത്തിയതായി കരുതുന്നില്ലെന്നും അനന്തു പുറത്തിറങ്ങിയെങ്കിൽ മാത്രമേ പദ്ധതികൾ നടപ്പാക്കാനാകുകയുള്ളൂവെന്ന സ്ഥിതിയാണെന്നും ജില്ല കോഓഓഡിനേറ്റർ ആലീസ് വർഗീസ്, ജില്ലയുടെ വിവിധ മേഖലകളിലെ ഭാരവാഹികളായ രാജമ്മ രാജൻ, ബിന്ദു ലോഹിതാക്ഷൻ, ബിൻസി ജോസഫ്, സാലി ജേക്കബ്, സതി ശിശുപാലൻ, ബിന്ദു ജോർജ്, എൽസി അലക്സ്, ജ്യോതിമണി ഗാന്ധി, മഞ്ജു ഷാൻ, യമുന പ്രദീപ്, റീന ടോമി, ഷെറി തോമസ്, സൂസൻ ജോസ് എന്നിവർ പറഞ്ഞു.
നൂറുകണക്കിന്പരാതി; കേസെടുക്കൽ നടപടികൾക്കും തുടക്കം
തൊടുപുഴ: സീഡ് സൊസൈറ്റിയുടെ പേരിൽ സി.എസ്.ആർ ഫണ്ടിന്റെ മറവിൽ നടന്ന തട്ടിപ്പിന് ഇരയായ നൂറുകണക്കിനുപേർ പരാതിയുമായി പൊലീസ് സ്റ്റേഷനുകളിൽ. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ പരാതികൾ ക്രോഡീകരിച്ച് കേസെടുക്കലും ആരംഭിച്ചിട്ടുണ്ട്. കരിമണ്ണൂർ പൊലീസ് സ്റ്റേഷനിൽ മാത്രം ഒമ്പതുകോടി രൂപക്ക് മുകളിൽ മൂല്യം വരുന്ന തട്ടിപ്പ് പരാതികൾ ലഭിച്ചിട്ടുണ്ട്. പല സ്റ്റേഷനുകളിലും ബുധനാഴ്ച വൈകീട്ടും പരാതിയുമായി ആളുകൾ എത്തുന്നുണ്ട്.
അടിമാലി, തൊടുപുഴ പൊലീസ് സ്റ്റേഷനുകളിൽ നൂറിലധികം പേരാണ് പരാതി നൽകിയത്. മുരിക്കാശ്ശേരി സ്റ്റേഷനിൽ 24 പേരും കഞ്ഞിക്കുഴി, ഇടുക്കി സ്റ്റേഷനുകളിൽ മൂന്നുപേർ വീതവും പരാതി നൽകിയിട്ടുണ്ട്. കോഓഡിനേറ്റർമാരും പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. ഇടവെട്ടിയിൽനിന്ന് തട്ടിപ്പിന് ഇരയായ 50ഓളം പേർ മുഖ്യമന്ത്രിക്ക് നിവേദനം നൽകാനുള്ള ശ്രമവും നടത്തുന്നുണ്ട്. അതേസമയം, കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനോ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനോ കൈമാറാനും സാധ്യതയുണ്ട്.
അടിമാലിയിൽ 16 പരാതികൂടി
അടിമാലി: സീഡ് സൊസൈറ്റിക്കെതിരെ അടിമാലിയിൽ ബുധനാഴ്ച 16 പേർ കൂടി പരാതി നൽകി. 83 പരാതികൾ ലഭിച്ചതിന് പുറമെയാണിത്. എന്നാൽ, ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. അടിമാലി ബ്ലോക്കിന് കീഴിൽ അടിമാലി, കൊന്നത്തടി പഞ്ചായത്ത് പരിധികളിലാണ് കേസുകൾ കൂടുതലും.
നെടുങ്കണ്ടത്ത് 2.5 കോടിയുടെ തട്ടിപ്പ്
നെടുങ്കണ്ടം: നെടുങ്കണ്ടം സീഡിന്റെ കീഴില്‍ മാത്രം രണ്ടരക്കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയതെന്നാണ് കണക്കുകൂട്ടൽ. സ്കൂട്ടറിന് രജിസ്റ്റര്‍ ചെയ്തവരുടെ വാട്സ് ആപ് ഗ്രൂപ്പില്‍ മാത്രം 450 പേര് ഉള്ളതായി തട്ടിപ്പിനിരയായവര്‍ പറയുന്നു.
കോഓഡിനേറ്റര്‍മാര്‍ക്ക് ക്ലാസെടുക്കാന്‍ വന്നപ്പേള്‍ ചിലര്‍ മാത്രമാണ് അനന്തുകൃഷ്ണനെ നേരിട്ട് കണ്ടിട്ടുള്ളത്. ബാക്കി ഇടപാടുകള്‍ മുഴുവന്‍ കോഓഡിനേറ്റര്‍മാരും ഏജന്റുമാരുമാണ് നടത്തിയിട്ടുള്ളത്.
മാത്രവുമല്ല ഇരുചക്ര വാഹനത്തിന് ചില കോഓഡിനേറ്റര്‍മാര്‍ 5000വും ഏജന്റുമാർ 500 രൂപയും കമീഷന് ഇനത്തില്‍ വാങ്ങിയതായും പറയപ്പെടുന്നു. നെടുങ്കണ്ടത്ത് പരാതിയുമായി എത്തിയവര്‍ 600 പേരാണ്. എന്നാല്‍, പലരിൽനിന്നും പരാതി സ്വീകരിക്കാന്‍ പൊലീസ് തയാറായിട്ടില്ല.
നെടുങ്കണ്ടത്ത് ആദ്യം 500 പേര്‍ക്ക് ഇരുചക്ര വാഹനവും നല്‍കിയിരുന്നു. ആ ഉറപ്പിലാണ് പലരും തുടരെ പണമടച്ചത്. കഴിഞ്ഞ ഏപ്രില്‍ 30 ന് കാലാവധി പറഞ്ഞിരുന്നത് കഴിഞ്ഞതോടെ ഗ്രൂപ്പില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. ഇടപാടുകാര്‍ വിളിക്കാന്‍ തുടങ്ങിയതോടെ നെടുങ്കണ്ടത്തെ കോഓഡിനേറ്റര്‍ പണമടച്ചവരെ ഭീഷണിപ്പെടുത്തിയതായും അസഭ്യംപറഞ്ഞതായും ചില ഇടപാടുകാര്‍ പറയുന്നു.