കോന്നി ചക്കക്ക് പ്രിയമേറുന്നു; വിലയിടിവ് വ്യാപാരികൾക്ക് തിരിച്ചടി
text_fieldsകോന്നി ചക്ക
കോന്നി: കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിലും കോന്നി ചക്കക്ക് പ്രിയമേറുകയാണ്. ദുബായ് അടക്കമുള്ള ഗൾഫ് നാടുകളിലേക്കും ചക്ക കയറ്റുമതി ചെയ്യുന്നതിൽ പ്രധാന സ്ഥലമായി കോന്നി. മുൻവർഷങ്ങളിൽ വലിയ വില ലഭിച്ചിരുന്ന ചക്കക്ക് ഇത്തവണ വില ലഭിക്കാത്തത് ചക്ക മൊത്ത കച്ചവട വ്യാപാരികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ടണ്ണിന് 10,000 മുതൽ 20,000 രൂപ വരെ വില ലഭിച്ചിരുന്നിടത്ത് 8,000 രൂപയിൽ താഴെയാണ് പലപ്പോഴും ലഭിക്കുന്നത്. ജോലിക്കാർക്ക് കൂലി കൊടുത്തു കഴിഞ്ഞാൽ പലപ്പോഴും നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന് വ്യാപാരികൾ പറയുന്നു. ഹോളി ആഘോഷം കഴിഞ്ഞതോടെ ചക്കക്ക് മറ്റ് സംസ്ഥാനങ്ങളിൽ ആവശ്യക്കാർ കുറഞ്ഞുവെന്നും കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നു.
നാട്ടിൻപുറങ്ങളിൽ നിന്ന് പ്ലാവിൽ കിടക്കുന്ന ചക്ക വിലപറഞ്ഞ് ഉറപ്പിച്ച് മൊത്തമായി എടുക്കുന്നതാണ് കച്ചവടക്കാരുടെ രീതി. വർഷങ്ങളായി ചക്ക വ്യാപാരത്തിൽ ഏർപ്പെടുന്ന കച്ചവടക്കാർ കോന്നിയിൽ ഉണ്ട്. ചക്ക മറ്റ് പല ഉൽപന്നങ്ങളായും വിപണിയിൽ എത്തുന്നുണ്ട്. ചക്ക ഉപ്പേരിയായി വിപണിയിൽ എത്തുമ്പോൾ കിലോക്ക് മുന്നൂറ് രൂപയോളമാണ് വില.
എന്തായാലും കോന്നിയിൽ താരമായി മാറുകയാണ് ചക്കയിപ്പോൾ. കോന്നി കലഞ്ഞൂർ തണ്ണിത്തോട്, പഞ്ചായത്തുകളിൽ നിന്നുമാണ് ചക്കകൾ ശേഖരിക്കുന്നത്. വരിക്ക ചക്ക ഒന്നിന് 30 മുതൽ 40 രൂപയും ഇടിച്ചക്കക്ക് 15 രൂപ വില നൽകിയുമാണ് കച്ചവടക്കാർ ഇവിടെ നിന്ന് വാങ്ങി കയറ്റുമതി ചെയ്യുന്നത്.