Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമലമ്പണ്ടാര...

മലമ്പണ്ടാര ഗോത്രവിഭാഗത്തിന് പോഷകാഹാരം ഉറപ്പാക്കാൻ നടപടി

text_fields
bookmark_border
മലമ്പണ്ടാര ഗോത്രവിഭാഗത്തിന് പോഷകാഹാരം ഉറപ്പാക്കാൻ നടപടി
cancel
camera_alt

പോഷകാഹാര അടുക്കളക്കായുള്ള സാമഗ്രികളുമായി കുമളി പഞ്ചായത്ത് അധികൃതർ

കുമളി: മലമ്പണ്ടാര ഗോത്രവിഭാഗത്തിലെ ബാലന് പോഷകാഹാരക്കുറവ് കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര ഇടപെടലുമായി കുമളി ഗ്രാമപഞ്ചായത്ത്. വണ്ടിപ്പെരിയാർ, വള്ളക്കടവ് മേഖലയിൽ താമസിക്കുന്ന മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ടവർക്കായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ കമ്യൂണിറ്റി കിച്ചൺ പ്രവർത്തനം ആരംഭിച്ചു. കുട്ടികൾ ഉൾപ്പെടെ മുപ്പതംഗ മലമ്പണ്ടാര കുടുംബങ്ങൾക്കാണ് ഇതിലൂടെ പോഷകാഹാരങ്ങൾ അടങ്ങിയ ഭക്ഷണം ലഭിക്കുക. കുമളി പഞ്ചായത്ത് പ്രസിഡന്‍റ് എം.എം. വർഗീസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി കമ്യൂണിറ്റി കിച്ചണിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

ചോറ്, സാമ്പാർ, തോരൻ, മുട്ട എന്നിവയടങ്ങിയതായിരുന്നു ആദ്യദിനത്തിലെ ഉച്ചഭക്ഷണം. വരും ദിവസങ്ങളിൽ ആഴ്ചയിൽ ചീര, ചിക്കൻ, തൈര്, മീൻ തുടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ഇവർക്കായി പാചകം ചെയ്ത് നൽകാനാണ് തീരുമാനം. വള്ളക്കടവ് പൊൻനഗർ കോളനിയിൽ വീട് വാടകക്കെടുത്താണ് നിലവിൽ ഭക്ഷണം പാകം ചെയ്യുന്നത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി പഞ്ചായത്ത് ഭരണസമിതി ഈ വർഷത്തെ ബജറ്റിൽ പ്രത്യേക തുക വകയിരുത്തിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയോടെ തയാറാക്കിയ ആദ്യ ഭക്ഷണം, ഇവർ താമസിക്കുന്ന വനം വകുപ്പിന്റെ കെട്ടിടത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നേരിട്ടെത്തിച്ച് വിളമ്പി നൽകി.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസ്, വൈസ് പ്രസിഡന്റ് ഷക്കീല ടീച്ചർ, പഞ്ചായത്ത് സെക്രട്ടറി ആർ. അശോക് കുമാർ, വാർഡ് അംഗങ്ങളായ ബിജു ദാനിയേൽ, ഷൈലജ ഹൈദ്രോസ്, ഷാജി പൊന്നയ്യൻ, സന്തോഷ് ഉമ്മൻ, ലീനാ മനോജ്, വിനീത, ഷീബാറാണി, ട്രൈബൽ ഓഫിസർ സിജു ലൂക്കോസ്, സി.ഡി.എസ്. ചെയർപേഴ്‌സൻ ജയമോൾ മനോജ് എന്നിവരും പഞ്ചായത്ത് ജീവനക്കാരും പങ്കെടുത്തു. ഗോത്രവിഭാഗത്തിന്റെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്താൻ പദ്ധതി തുടരുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

Show Full Article
TAGS:Idukki News Malampandaram community nutrition kumily 
News Summary - Kumily Grama Panchayat Launches Community Kitchen to Malampandaram Tribe
Next Story