മഴയിൽ കുമളി മുങ്ങി; കടകളിലും വീടുകളിലും വെള്ളം കയറി
text_fieldsകുമളി ടൗണിലെ വെള്ളപ്പൊക്കം
കുമളി: അതിശക്തമായ മഴയിൽ മുങ്ങി കുമളി പട്ടണവും സമീപപ്രദേശങ്ങളും. മിക്ക വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ജനവാസമേഖലയായ റോസാപൂക്കണ്ടം, പെരിയാർ നഗർ, ഒന്നാം മൈൽ, വലിയ കണ്ടം, അട്ടപ്പള്ളം, 68-ാം മൈൽ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നാലോടെ ആരംഭിച്ച കനത്ത മഴയാണ് കുമളിയെ വെള്ളത്തിൽ മുക്കിയത്.
കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ലബ്ബക്കണ്ടം പെരിയാർ നഗറിലെ 42 കുടുംബങ്ങളിലെ 96 പേരെ അധികൃതർ ഇടപെട്ട് ഹോളിഡേ ഹോമിലേക്ക് മാറ്റി. ഹോളിഡേ ഹോമിന് സമീപത്തെ തോട്ടിൽ നിന്ന് വീട്ടിൽ വെള്ളം കയറിയതോടെ ഒറ്റപ്പെട്ട് പോയ കുടുംബത്തെ ഏറെ സാഹസികമായി നാട്ടുകാരും പോലീസും ചേർന്ന് രക്ഷപ്പെടുത്തി. ഈ ഭാഗത്ത് താമസിക്കുന്ന കണ്ണൻ, ഭാര്യ ഷീന, മക്കളായ അനന്യ, അമയ എന്നിവരെയാണ് രാത്രി 11 ഓടെ നാട്ടുകാർ രക്ഷപ്പെടുത്തിയത്.
വീടുകളിൽ വെള്ളം കയറിയതിനൊപ്പം ഒഴുകിയെത്തിയ പാമ്പുകളും മറ്റ് ജീവികളും ഭീതി സൃഷ്ടിച്ചു. രക്ഷാപ്രവർത്തനത്തിന് പീരുമേട്, കട്ടപ്പന ഫയർഫോഴ്സ് യൂണിറ്റുകളും എത്തി. കുമളി ടൗൺ, ഒന്നാം മൈൽ എന്നിവിടങ്ങളിലെ നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. ടൗണിൽ വെള്ളപ്പൊക്കം ഉണ്ടായതോടെ വാഹനങ്ങൾ ദേശീയ പാതയിലൂടെ കടന്നുപോകുന്നതിനും തടസ്സം നേരിട്ടു. കടകളിലേക്ക് വെള്ളം തെറിച്ച് കയറുന്നതിനാൽ വാഹനങ്ങൾ തടയാൻ വ്യാപാരികളും നാട്ടുകാരും റോഡിലിറങ്ങി നിന്നതും ഏറെ നേരത്തേ ഗതാഗത തടസത്തിനിടയാക്കി.


