വിനോദ സഞ്ചാരികളുമായി വന്ന വാഹനം കത്തി
text_fieldsകുമളിയിൽ സംസ്ഥാന അതിർത്തിയിൽ ഓടുന്നതിനിടെ തീപിടിച്ച വാഹനം
കുമളി: തമിഴ്നാട്ടിലെ മധുരയിൽ നിന്നും തേക്കടിയിലേക്ക് വിനോദ സഞ്ചാരികളുമായി വരികയായിരുന്ന വാഹനം അതിർത്തിയിലെ സിവിൽ സപ്ലൈസ് ചെക്ക് പോസ്റ്റിന് സമീപം കത്തിനശിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വിനോദ സഞ്ചാരികൾ യാത്ര ചെയ്ത ടെമ്പോ ട്രാവലറാണ് പൂർണ്ണമായും കത്തിനശിച്ചത്. വാഹനത്തിൽ ഡ്രൈവർ കാദർബാഷ ഉൾപ്പടെ 13 പേരാണ് ഉണ്ടായിരുന്നത്. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
എട്ട് പുരുഷന്മാരും നാല് സ്ത്രീകളും ഡ്രൈവറും ഉൾപ്പെടുന്ന സംഘം മധുരയിൽ നിന്നും യാത്ര തുടങ്ങി കുമളി ടൗണിന് സമീപം എത്താറായപ്പോഴാണ് വാഹനത്തിൽ തീ പടർന്നത്. യാത്രയ്ക്കിടെ വാഹനത്തിന്റെ മുൻഭാഗത്ത് നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ തന്നെ വാഹനം പാതയോരത്തേക്ക് ഒതുക്കി നിർത്തുകയായിരുന്നു.
പുക കണ്ട ഉടൻ തന്നെ യാത്രക്കാർ എല്ലാവരും വാഹനത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ വലിയ അപകടം ഒഴിവായി. യാത്രക്കാർ പുറത്തിറങ്ങിയതിന് പിന്നാലെ വാഹനം പൂർണ്ണമായും കത്തി നശിച്ചു. വിവരം അറിഞ്ഞ് തമിഴ്നാട്ടിലെ കമ്പത്തു നിന്നും എത്തിയ ഫയർഫോഴ്സ് യൂനിറ്റ് ഏറെ നേരം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടർന്ന് കൊല്ലം-ദിണ്ടുക്കൽ ദേശീയ പാതയിൽ അൽപ്പനേരം ഗതാഗതം തടസ്സപ്പെട്ടു. കുമളി, ഗൂഡല്ലൂർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.


