നായുണ്ട് സൂക്ഷിക്കുക...ഇത് കുമളി പട്ടണം
text_fieldsഡോഗ് സ്റ്റാൻഡ് - തെരുവുനായ്ക്കൾ ചുറ്റിത്തിരിയുന്ന കുമളി ബസ് സ്റ്റാൻഡ്
കുമളി: നായ്ക്കളെ വളർത്തുന്ന വീടുകൾക്ക് മുന്നിൽ സാധാരണ വെക്കുന്ന മുന്നറിയിപ്പ് ബോർഡായ ‘പട്ടിയുണ്ട് സൂക്ഷിക്കുക’ എന്ന ബോർഡ് കുമളി പഞ്ചായത്ത് അതിർത്തിയിൽ സ്ഥാപിക്കേണ്ട ഗതികേടിലായി കുമളിയിലെ അധികൃതർ. ടൗണിലെ തിരക്കേറിയ ബസ് സ്റ്റാൻഡ് മുതൽ ജനവാസ മേഖലയിൽ വരെ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി. വിദേശികൾ ഉൾപ്പെടെ വിനോദസഞ്ചാരികൾ വന്നിറങ്ങുന്ന ടൗണിന് നടുവിലെ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ തെരുവുനായ് ശല്യം കാരണം യാത്രക്കാർക്ക് ബസിൽനിന്ന് ഇറങ്ങാൻതന്നെ പേടിയാണ്. ദിവസങ്ങൾക്ക് മുമ്പ് മൂന്നു പേരെയാണ് തെരുവുനായ്ക്കൾ ആക്രമിച്ചത്.
ടൗണിനൊപ്പം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന റോസാപ്പൂക്കണ്ടം, താമരക്കണ്ടം, വലിയകണ്ടം, അട്ടപ്പള്ളം, ലബ്ബക്കണ്ടം, അമരാവതി, റേഞ്ച് ഓഫിസ് മേട് പ്രദേശങ്ങളിലെല്ലാം തെരുവുനായ്ക്കൾ കൂട്ടത്തോടെ ചുറ്റി നടക്കുന്നു. ടൗണിനു സമീപത്തെ പല ജനവാസ മേഖലയിലും പരിമിതമായ സൗകര്യങ്ങൾക്കുള്ളിൽ ഒന്നിലധികം നായ്ക്കളെയാണ് നാട്ടുകാരിൽ ചിലർ വളർത്തുന്നത്. പഞ്ചായത്ത് ലൈസൻസോ പ്രാതിരോധ കുത്തിവെപ്പോ എടുക്കാതെയാണ് മിക്ക നായ്ക്കളെയും ഉടമകൾ വളർത്തുന്നത്. ഇത്തരത്തിൽ അനധികൃതമായി നായ്ക്കളെ വളർത്തുന്നതിനെതിരെയും ഇവയെ കൂട്ടത്തോടെ തെരുവിൽ തുറന്നുവിടുന്നതിനെതിരെയും പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കാത്തതാണ് പ്രശ്നങ്ങൾക്കിടയാക്കുന്നത്.
മാംസാവശിഷ്ടങ്ങളും വലിച്ച് റോഡിലൂടെ നായ്ക്കൾ
ടൗണിനു സമീപത്തെ ഇറച്ചി, കോഴിക്കടകളിൽനിന്നുള്ള അവശിഷ്ടങ്ങൾ വലിച്ചെടുത്ത് റോഡിലൂടെ പോകുന്ന നായ്ക്കൾ കുമളിയിലെ അരോചകമായ കാഴ്ചയാണ്. റോസാപ്പൂക്കണ്ടം, ആദിവാസി സെറ്റിൽമെന്റ് ഏരിയ എന്നിവ ഉൾപ്പെടെ മിക്ക പ്രദേശങ്ങളിലും അനധികൃതമായി നായ്ക്കളെ വളർത്തുകയും ഇവയുടെ എണ്ണം വർധിക്കുന്നതോടെ തെരുവിൽ തള്ളുന്നതും പതിവാണ്. ഇത്തരത്തത്തിൽ തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന നായ്ക്കൾ ബസ് സ്റ്റാൻഡ് മുതൽ തേക്കടി ബോട്ട്ലാൻഡിങ് വരെ ചുറ്റി നടന്നാണ് ഭീതി സൃഷ്ടിക്കുന്നത്.
ജനവാസ മേഖലയായ റോസാപ്പൂക്കണ്ടത്തെ തെരുവുനായ്ക്കൂട്ടം
നായ്ക്കൾ കൂട്ടമായി നാട്ടുകാരെ ആക്രമിച്ച് പരിക്കേൽപിക്കുന്നതിന് പുറമെ പശു, ആട് തുടങ്ങിയ വളർത്തുമൃഗങ്ങളെയും കാട്ടിനുള്ളിൽ കയറി കേഴ, മ്ലാവ്, കൂരമാൻ ഉൾപ്പെടെ ജീവികളെയും ആക്രമിച്ച് കൊന്ന് ഭക്ഷണമാക്കുന്നു. വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ഇത്രയധികം ഭീഷണിയായി തെരുവുനായ്ക്കൾ പെരുകിയിട്ടും പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.